SportsTRENDING

ഏഷ്യൻ കപ്പില്‍ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം തോല്‍വി

ദോഹ:ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം തോല്‍വി.ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ 3 ഗോളുകള്‍ക്ക് ഉസ്‌ബെക്കിസ്ഥാനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്.

നേരത്തെ ഓസ്‌ട്രേലിയയോടും(2-0) ഇന്ത്യ തോറ്റിരുന്നു.ഓസ്‌ട്രേലിയക്കെതിരായ  മത്സരത്തിന്റെ ആദ്യ പകുതിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യക്ക് ഇന്ന് ആ മികവ് അവർത്തിക്കാനായില്ല. മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത് ആദ്യ പകുതിയിലായിരുന്നു. മത്സരത്തില്‍ പലപ്പോഴും ഉസ്‌ബെക്കിസ്ഥാൻ താരങ്ങളുടെ വേഗതക്കൊപ്പമെത്താൻ ഇന്ത്യക്കാവാതെ പോയി.

മത്സരത്തിന്റെ നാലാമത്തെ മിനുട്ടില്‍ തന്നെ ഉസ്‌ബെക്കിസ്ഥാൻ ഇന്ത്യൻ ഗോള്‍ വല കുലുക്കി. അബ്ബോസ്ബെക്ക് ഫസയുളേവ് ആണ്‍ ഗോള്‍ നേടിയത്. തുടർന്ന് പതിനെട്ടാം മിനുട്ടില്‍ ഇഗോർ സെർഗെയേവും ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ നസ്റുളേവും ഗോളുകള്‍ നേടി.

Signature-ad

രണ്ടാം പകുതിയില്‍ മൻവീർ സിങ്ങിന് പകരക്കാരനായി രാഹുല്‍ കെ.പിയെ ഇറക്കിയാണ് ഇന്ത്യ തുടങ്ങിയത്. രാഹുലിന്റെയും മഹേഷ് നെയ്‌റോമിന്റെയും ശ്രമങ്ങള്‍ ഉസ്‌ബെക് ഗോള്‍ കീപ്പർ രക്ഷപെടുത്തിയതോടെ ഇന്ത്യയുടെ ഗോളിനായുള്ള കാത്തിരുപ്പ് തുടർന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ രാഹുല്‍ കെ.പിയുടെ ശ്രമം പോസ്റ്റില്‍ തട്ടി തെറിച്ചതും ഇന്ത്യക്ക് തിരിച്ചടിയായി.

നേരത്തെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഓസ്ട്രേലിയയോടും പരാജയപ്പെട്ടിരുന്നു. രണ്ട് മത്സരങ്ങളും തോറ്റ ഇന്ത്യ ഇതോടെ ഗ്രൂപ്പ് ബിയില്‍ ഏറ്റവും അവസാന സ്ഥാനത്താണ്.

നോക്കൗട്ട് റൗണ്ടിലേക്ക് എത്താനുള്ള ഇന്ത്യൻ പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയാണ് ഈ തോല്‍വി. ജനുവരി 23ന് നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ സിറിയയെ  നേരിടും.

Back to top button
error: