ഗുരുവായൂരപ്പന് കൂടുതൽ ഇഷ്ടം എന്നോടോ, അതോ നിന്നോടോ?
അറിയില്ല!
ഒരു പ്രത്യേകയിഷ്ടം ആരോടുമുള്ളതായി അറിവില്ല.
ഇന്ന് രാവിലെ ഗുരുവായൂരിൽ നടന്ന എന്റെ കസിന്റെ കല്യാണം പലർക്കും കൂടാൻ കഴിഞ്ഞില്ല.
“ആ പലരിൽ” എന്റെ അമ്മയുമുണ്ടായിരുന്നു.
പരാതിയില്ല! പക്ഷെ, പരിഭവമൊട്ടു ഉണ്ടുതാനും.
ഒരു ഭാഗത്തു നിന്ന് പത്തു പേർ മാത്രം, എന്ന നിബന്ധന ഗുരുവായൂരപ്പന്റേതാകാൻ വഴിയില്ല.
വോട്ടുകൾ കിട്ടുമോ?
അറിയില്ല!
അനുഗ്രഹം കിട്ടും എന്നാണറിഞ്ഞത്!
താലികെട്ട് കാണാൻ വിദേശത്തു നിന്ന് വന്ന ഒരു ചേച്ചിയെ കാണാനിടയായി.
അവരുടെ കയ്യിൽ പാസ്പോർട്ട് ഉണ്ടെങ്കിലും താലികെട്ട് കാണാനുള്ള പാസ് ഇല്ലത്രെ!
പക്ഷെ വീഡിയോ കോൾ വഴി താലികെട്ട് കണ്ടു!
അമ്പതു മീറ്റർ അകലെയുള്ള താലികെട്ട്, ഫോണിൽ കാണുവാനാണ് അവരുടെ യോഗം!
ഗുരുവായൂരപ്പന് കൂടുതൽ ഇഷ്ട്ടം എന്നോടോ, അതോ നിന്നോടോ?
അറിയില്ല!
ഒരു “പ്രധാന” അനുഗ്രഹം കിട്ടുന്നത് നല്ലതല്ലേ, എന്ന് ചിലർ!
പക്ഷെ, പ്രധാനപ്പെട്ട പലർക്കും താലികെട്ട് കാണാൻ സാധിച്ചില്ലല്ലോ, എന്ന് മറ്റു ചിലർ!
ഈ ദിവസം ഒരിക്കലും മറക്കാൻ പറ്റില്ല, എന്ന് ചിലർ!
ഈ ദിവസം ഒരു നോവായി എന്നും ഓർത്തിരിക്കും, എന്ന് മറ്റു ചിലർ!
ഗുരുവായൂരപ്പന് കൂടുതൽ ഇഷ്ട്ടം എന്നോടോ, അതോ നിന്നോടോ?
അറിയില്ല!
ഒരു പ്രത്യേകയിഷ്ടം ആരോടുമുള്ളതായി അറിവില്ല.
Just remember that!
ആർ.ജെ.അനൂപ്,
ഗുരുവായൂർ