ന്യൂഡല്‍ഹി: അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി 11 ദിവസത്തെ വ്രതം ആരംഭിച്ചു. സമൂഹമാധ്യമത്തിലെ ശബ്ദസന്ദേശത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 22ന് ആണ് പ്രതിഷ്ഠ. ‘വികാരം കൊണ്ടു വീര്‍പ്പുമുട്ടുകയാണ് ഞാന്‍. എത്രയോ തലമുറകള്‍ നെഞ്ചേറ്റിയത് സത്യമാകുന്നതിന് സാക്ഷ്യം വഹിക്കാന്‍ പോകുകയാണെന്നതാണ് എന്നെ വികാരം കൊള്ളിക്കുന്നത്. പ്രതിഷ്ഠാ ദിനം എല്ലാ ഇന്ത്യക്കാര്‍ക്കും ശ്രീരാമഭക്തര്ക്കും പുണ്യ മുഹൂര്‍ത്തമാണ്. 140 കോടി ജനങ്ങള്‍ക്കു വേണ്ടിയാണ് ഞാന്‍ ചടങ്ങിന് സാക്ഷ്യം വഹിക്കുന്നത്. എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണം’ മോദി പറഞ്ഞു.
നാസിക്കിലെ പഞ്ചവടിയിലാണ് പ്രധാനമന്ത്രി വ്രതം തുടങ്ങിയത്. സ്വാമി വിവേകാനന്ദന്റെ ജന്മദിനം ആണ് വ്രതം തുടങ്ങാന്‍ തിരഞ്ഞെടുത്തതെന്നും മോദി പറഞ്ഞു. ശ്രീരാമന് വനവാസക്കാലത്ത് കുറച്ചുനാള്‍ ഇവിടെ വസിച്ചതായാണ് വിശ്വാസം. ഇതിനടുത്തുള്ള കാലാരാമ ക്ഷേത്രം പ്രധാനമന്ത്രി സന്ദര്‍ശിച്ചു. കറുത്ത ശിലയിലുള്ള ശ്രീരാമ വിഗ്രഹമാണു കാലാരാമ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിട്ടുള്ളത്. മഹാരാഷ്ട്രയിലെ ഏറ്റവും പ്രശസ്തമായ ശ്രീരാമ ക്ഷേത്രമാണിത്. അയോധ്യയിലെ പ്രതിഷ്ഠാച്ചടങ്ങിനു ക്ഷണമില്ലാത്ത ഉദ്ധവ് താക്കറെ ആ ദിവസം കാലാരാമ ക്ഷേത്രത്തില്‍ പ്രാര്‍ഥനാപൂര്‍വം ചെലവഴിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കേയാണ് അതിനു മുന്‍പ് മോദി അവിടെയെത്തിയത്.
നാസിക്കിലെ പഞ്ചവടിയില്‍നിന്ന് 11 ദിവസത്തെ വ്രതാരംഭത്തിന് തുടക്കമിടുന്നത് സന്തോഷകരമാണെന്നും സന്ദേശത്തില്‍ പറഞ്ഞു. ഛത്രപതി ശിവജിയുടെ അമ്മ ജീജാബായിയുടെയും സ്വാമി വിവേകാനന്ദന്റെയും ജയന്തിദിവസമായത് യാദൃച്ഛികമാണ്. സീതാരാമഭക്തയായ സ്വന്തം അമ്മയെയും പ്രധാനമന്ത്രി സന്ദേശത്തില്‍ അനുസ്മരിച്ചു.