കോഴിക്കോട്: തീപിടിച്ച കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. തിരുവമ്പാടി ചപ്പാത്ത് കടവില്‍ വെള്ളിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. ഡ്രൈവിങ് സീറ്റിലിരുന്ന ആളുടെ മൃതദേഹമാണ് പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പുന്നക്കല്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മാരുതി ആള്‍ട്ടോ കാറാണ് കത്തി നശിച്ചത്. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. ആത്മഹത്യയെന്നാണ് പൊലീസിന്റെ സംശയം.
വെള്ളിയാഴ്ച രാത്രി 12ന് ഇതുവഴി പോയ ബൈക്ക് യാത്രികനാണ് കാര്‍ കത്തുന്നത് കണ്ടത്. ഇയാള്‍ നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. തീ അണച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ തിരുവമ്പാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്ഥലത്ത് ഫൊറന്‍സിക് സംഘം പരിശോധനകള്‍ നടത്തുകയാണ്.
അതേസമയം, കാറിനുള്ളില്‍ യുവാവ് ആത്മഹത്യാശ്രമം നടത്തി. വടകര ദേശീയപാതയില്‍ മീത്തലെ മുക്കാളിയില്‍ വച്ചാണ് സംഭവമുണ്ടായത്. പേരാമ്ബ്ര എരവട്ടൂര്‍ സ്വദേശി ബിജു (43) ആണ് ആത്മഹത്യാശ്രമം നടത്തിയത്. കാറില്‍ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവമുണ്ടായത്. കാറില്‍നിന്നു പുക ഉയരുന്നതു കണ്ട നാട്ടുകാരാണ് കാറിന്റെ ചില്ല് തകര്‍ത്ത് ബിജുവിനെ പുറത്തെടുത്തത്. ആദ്യം മാഹി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിജുവിനെ പിന്നീടു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
മാഹി കാനറാ ബാങ്ക് ജീവനക്കാരനാണ് ബിജു.80 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. പെട്രോള്‍ കൊണ്ടുവന്ന കന്നാസ് പൊലീസ് കണ്ടെടുത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.