FoodLIFE

താളിന്റെ ഗുണങ്ങള്‍ അനവധിയാണ്; മാറ്റി നിര്‍ത്തപ്പെടേണ്ടവയല്ല ചേമ്പും താളും

ഴക്കാലത്ത് ചേമ്പിന്റെ ഇലകളില്‍ തുള്ളി തുള്ളികളായി മഴത്തുള്ളികള്‍ നില്‍ക്കുന്നത് കാണാൻ പ്രത്യേക രസമാണ്.എന്നാൽ തോടിന്റെ വക്കിലും പാടവരമ്ബുകളിലും തഴച്ചു വളരുന്ന താളിനെ പൊതുവെ ആരും ഇന്ന് ശ്രദ്ധിക്കാറുപോലുമില്ലെന്നതാണ് വാസ്തവം.

പ്രത്യേകിച്ച് ഫാസ്റ്റ് ഫുഡുകള്‍ക്ക് പുറകെ പായുന്ന പുതു തലമുറയ്‌ക്ക് താളും ചേമ്ബുമെല്ലാം ഭക്ഷ്യവസ്തുക്കളാണെന്ന കാര്യം പോലും ചിലപ്പോള്‍ അറിയുകയുണ്ടാവില്ല.

Signature-ad

തേങ്ങ പത്ത് അരച്ചാലും താളല്ലേ കറിയെന്നും, ചൊറിയൻ ചേമ്ബെന്നും പറഞ്ഞ്  താളിനെ മാറ്റി നിര്‍ത്തുകയാണ് നാം അധികവും ചെയ്യുന്നത്. പഴമക്കാരുടെ ആരോഗ്യ രഹസ്യങ്ങളിലൊന്നായ താളിന്റെ ഗുണങ്ങള്‍ അനവധിയാണ്. മാറ്റി നിര്‍ത്തപ്പെടേണ്ടവനല്ല ചേമ്ബിന്റെ തളിരിലയെന്ന് ഇനിയെങ്കിലും അറിഞ്ഞോളൂ.

ചേമ്ബിന്റെ തളിരിലയെയാണ് താളെന്ന് വിളിക്കുന്നത്. പ്രോട്ടീൻ, ഫൈബര്‍, കാത്സ്യം, പൊട്ടാസ്യം, കോപ്പര്‍, മാംഗനീസ്, ഫോസ്ഫറസ് തുടങ്ങി ധാരാളം പോഷക ഘടങ്ങളാണ് താളില്‍ അടങ്ങിയിട്ടുള്ളത്. ദഹനപ്രശ്‌നങ്ങള്‍ ഒഴിവാക്കി കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഏറെ സഹായിക്കുന്ന താള് കറിയായും തോരനായും കഴിക്കാം. കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രധാന ഘടകമായ വിറ്റാമിൻ എ പോലുള്ള വിറ്റാമിനുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. താളിലുള്ള പൊട്ടാസ്യം രക്തസമ്മര്‍ദ്ദം നിയന്ത്രിച്ച്‌ നിര്‍ത്താൻ സഹായിക്കുന്നു. തളര്‍ച്ചയും ക്ഷീണവും സ്ഥിരമായിയുള്ളവര്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട പ്രധാന ആഹാരങ്ങളില്‍ ഒന്നാണ് താള്. ഇതില്‍ അയണ്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഹീമോഗ്ലോബിന്റെ ഉത്പാദനത്തിനും സഹായിക്കുന്നു.

ചേമ്പിന്റെ തടയും ഏറെ നല്ല ഒരു ഭക്ഷ്യ വിഭവമാണ്. ചേമ്പിൻതട നന്നായിട്ട് കഴുകി തൊലി ചെത്തിക്കളഞ്ഞ് ചെറിയ കഷണങ്ങളായി തേങ്ങാപ്പീര ചേർത്ത് അരിഞ്ഞു തോരൻ വെയ്ക്കാം.അല്ലെങ്കിൽ പരിപ്പോ പയറോ ചേർത്തും തോരൻ വയ്ക്കാം. എന്തിന് ചേമ്പിന്റെ തടയുപയോഗിച്ച് സാമ്പാർ പോലും വയ്ക്കാവുന്നതേയുള്ളൂ.

ചേമ്പിന്‍തട സാമ്പാര്‍

ചേരുവകൾ

  • ചേമ്പിൻ തട- നാലെണ്ണം,
  • തുവരപ്പരിപ്പ് -അര കപ്പ്
  • മഞ്ഞപ്പൊടി- ഒരു ടീസ്പൂൺ,
  • ഉലുവപ്പൊടി- കാൽ ടീസ്പൂൺ,
  • കായപ്പൊടി -അര ടീസ്പൂൺ,
  • ചെറിയ ഉള്ളി തൊലികളഞ്ഞത് -15 എണ്ണം,
  • പച്ചമുളക് – രണ്ട്
  • മല്ലിപ്പൊടി- ഒരു ടേബിൾസ്പൂൺ,
  • മുളകുപൊടി- ഒരു ടേബിൾസ്പൂൺ,
  • കടുക് -അര ടീസ്പൂൺ,
  • വറ്റൽ മുളക് -മൂന്നെണ്ണം,
  • കറിവേപ്പില -ആവശ്യത്തിന്,
  • വെളിച്ചെണ്ണ -രണ്ട് ടേബിൾസ്പൂൺ,
  • തക്കാളി- രണ്ടെണ്ണം ,
  • വെള്ളം, ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചേമ്പിൻതട നന്നായിട്ട് കഴുകി തൊലി ചെത്തിക്കളഞ്ഞ് ചെറിയ കഷണങ്ങളായി അരിഞ്ഞു വെക്കുക.ചെറിയ ഉള്ളി രണ്ടായി മുറിച്ചെടുക്കുക, എന്നിട്ട് അടുപ്പിൽ ഒരു കുക്കർ വെച്ചിട്ട് തോരൻ പരിപ്പ് ഒരു കപ്പ് വെള്ളത്തിൽ ഉപ്പും മഞ്ഞൾപ്പൊടിയും ഇട്ട് വേവിക്കുക. ശേഷം രണ്ട് വിസിൽ അടിച്ചു നിർത്തിവയ്ക്കുക. അരിഞ്ഞുവെച്ചിരിക്കുന്ന ചേമ്പിൻ തടയും ചെറിയ ഉള്ളിയും അതിലിട്ട് വേവിക്കുക,അതിനുശേഷം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് കടുകും വറ്റൽ മുളകും കറിവേപ്പിലയും ഉലുവയും ഇട്ട് ഇളക്കുക. തക്കാളി ചെറുതായി അരിഞ്ഞത് അതിലിട്ട് വഴറ്റുക. അതിനുശേഷം മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾ പൊടി എന്നിവ ഇട്ട് വഴറ്റി കായപ്പൊടിയും ചേർത്തിളക്കുക. ഈ കൂട്ട് വേവിച്ചുവച്ചിരിക്കുന്ന ചേമ്പിൻ തടയിൽ ഇടുക.ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് ഇളക്കി ഒന്ന് തിളപ്പിച്ച് ഇറക്കാം.

Back to top button
error: