കണ്ണൂര്‍: ഗവ.നഴ്‌സസ് അസോസിയേഷന്‍ (കെജിഎന്‍എ) നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ എം.വിജിന്‍ എംഎല്‍എയെ ഒഴിവാക്കി പൊലീസ് കേസെടുത്തു. കെജിഎന്‍എ ഭാരവാഹികള്‍ക്കെതിരെയും കണ്ടാലറിയുന്ന 100 പേര്‍ക്കെതിരെയുമാണ് കേസെടുത്തത്. കുറ്റം ചെയ്യണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടി സമരക്കാര്‍ സംഘം ചേര്‍ന്നെന്നും പൊതുയോഗം നടത്തിയെന്നും കലക്ടറേറ്റ് വളപ്പില്‍ അതിക്രമിച്ചു കയറിയെന്നുമാണ് എഫ്‌ഐആറില്‍ എഴുതിയിട്ടുള്ളത്. കലക്ടറേറ്റ് മാര്‍ച്ച് തടയുന്നതില്‍ വീഴ്ചവരുത്തിയ പൊലീസും ഉദ്ഘാടകനായെത്തിയ എം.വിജിന്‍ എംഎല്‍എയും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. തന്നെ അപമാനിച്ചെന്നു പറഞ്ഞ് എസ്‌ഐക്കെതിരെ എംഎല്‍എ സിറ്റി പൊലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കിയിരുന്നു.
ഇന്നലെ നടന്നത്: കവാടത്തില്‍ പൊലീസ് തടയാനില്ലാതിരുന്നതിനാല്‍ പ്രകടനം കലക്ടറേറ്റ് മുറ്റത്ത് എത്തിയിരുന്നു. പകുതിയോളം പ്രവര്‍ത്തകര്‍ അകത്തു കയറിയ ശേഷമാണു പൊലീസ് എത്തിയത്. എംഎല്‍എ എത്തിയശേഷം മാത്രമാണ് പ്രവര്‍ത്തകരോടു പുറത്തുപോകാന്‍ പൊലീസ് ആവശ്യപ്പെട്ടത്. പ്രവര്‍ത്തകര്‍ കയറുന്നതിനു മുന്‍പല്ലേ ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കേണ്ടതെന്നും ഉദ്ഘാടന സമ്മേളനം വേഗത്തില്‍ അവസാനിപ്പിക്കാമെന്നും എംഎല്‍എ പറഞ്ഞെങ്കിലും പ്രസംഗിച്ചുകൊണ്ടിരുന്ന പ്രവര്‍ത്തകയുടെ കയ്യില്‍നിന്ന് കണ്ണൂര്‍ ടൗണ്‍ എസ്‌ഐ പി.പി.ഷമീല്‍ മൈക്ക് തട്ടിപ്പറിക്കാന്‍ ശ്രമിച്ചു. ഇതു എംഎല്‍എ എതിര്‍ത്തു. പരിപാടി വീണ്ടും തുടര്‍ന്നു. ഉദ്ഘാടന പ്രസംഗം കഴിഞ്ഞ് മാറിനില്‍ക്കുകയായിരുന്നു വിജിന്റെയടുത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥ പേരു ചോദിച്ചു.
പേരു ചോദിക്കുന്നതെന്തിനാണെന്നു ചോദിച്ചപ്പോള്‍ സമരക്കാരുടെ പേരും മേല്‍വിലാസവും എഴുതിക്കൊടുക്കണമെന്ന എസ്‌ഐയുടെ നിര്‍ദേശമുണ്ടായിരുന്നു വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ മറുപടി. ഇതോടെ എംഎല്‍എയും എസ്‌ഐയും തമ്മിലുള്ള വാക്കേറ്റം കനത്തു. ഇതിനിടെ, എസ്‌ഐ ഷമീല്‍ പലതവണ മൈക്ക് പിടിച്ചുവാങ്ങാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. മുന്‍കൂട്ടി അറിയിച്ചുള്ള സമരമാണിതെന്നും അതു അറിയണമെങ്കില്‍ രാവിലെ എഴുന്നേറ്റു പത്രം വായിക്കണമെന്നും പാര്‍ക്കിലേക്കു കയറുന്നതിനു മുന്‍പേ നിര്‍ദേശം നല്‍കിയിരുന്നെങ്കില്‍ സമരക്കാര്‍ പുറത്തുതന്നെ നിന്നേനെയെന്നും എംഎല്‍എ പറഞ്ഞു. സുരേഷ് ഗോപി സ്‌റ്റൈല്‍ ഇവിടെ വേണ്ടെന്നും ഇതു കേരള സര്‍ക്കാരിന്റെ, പിണറായിയുടെ പൊലീസാണെന്നും പൊലീസ് സേനയ്ക്കു മാനക്കേടുണ്ടാക്കുന്ന തരത്തിലുള്ള പെരുമാറ്റം നല്ലതല്ലെന്നും എംഎല്‍എ പറഞ്ഞു.