ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് ക്രെജിവാളിന് ഇ.ഡി വീണ്ടും സമന്‍സ് അയച്ചേക്കുമെന്ന് സൂചന. മദ്യനയ അഴിമതി,കള്ളപ്പണ കേസുകളില്‍ ചോദ്യം ചെയ്യുന്നതിന് ഹാജരാകാനുള്ള സമന്‍സ് മൂന്നുവട്ടം നല്‍കിയെങ്കിലും അദ്ദേഹം ഹാജരായില്ല. അതിന് പിന്നാലെയാണ് വീണ്ടും ഇ.ഡി. സമന്‍സ് അയക്കാനൊരുങ്ങുന്നതെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍, കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്‌തേക്കുമെന്നും അഭ്യൂഹമുണ്ട്. കഴിഞ്ഞ ദിവസം മുതല്‍ കെജ്രിവാളിന്റെ വസതിക്ക് മുന്നില്‍ കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. കെജ്രിവാളിന്റെ വീട്ടില്‍ റെയ്ഡും തുടര്‍ന്ന് അറസ്റ്റുമുണ്ടായേക്കുമെന്ന് ആപ് നേതാക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ സൂചന നല്‍കിയിരുന്നു.
രാജ്യസഭ തെരഞ്ഞെടുപ്പ്, റിപ്പബ്ലിക് ദിനാഘോഷം തുടങ്ങിയ തിരക്കുമൂലം ഇ.ഡി ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകാന്‍ കഴിയില്ലെന്നാണ് കെജിവാളിന്റെ നിലപാട്.സമന്‍സ് നല്‍കാനുള്ള കാരണം ഇ.ഡി കൃത്യമായി വ്യക്തമാക്കുന്നില്ലെന്നും അദ്ദേഹം നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു.
അറസ്റ്റ് ഉണ്ടായാല്‍ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനുള്ള നീക്കത്തിലാണ് ആപ്. അതെ സമയം കെജ്രിവാള്‍ ശനിയാഴ്ച മുതല്‍ മൂന്നു ദിവസത്തേക്ക് ഗുജറാത്ത് പര്യടനത്തിന് പുറപ്പെടാനൊരുങ്ങുകയാണ്.