ഗണേഷ് കുമാറിന്റെ മണ്ഡലമായ പത്തനാപുരത്താണ് ഗാന്ധി ഭവന് സ്ഥിതി ചെയ്യുന്നത്. ഗാന്ധി ഭവന് ഒരുക്കിയ സ്വീകരണത്തില്‍ പങ്കെടുക്കാനാണ് ഗണേഷ് കുമാര്‍ എത്തിയത്. ഇവിടത്തെ അന്തേവാസിയായ നടന് ടി.പി മാധവനെയും സന്ദര്‍ശിച്ച് ശേഷമാണ് ഗണേഷ് കുമാര്‍ മടങ്ങിയത്.
88 കാരനായ ടി പി മാധവന് ഓര്മ നഷ്ടപ്പെട്ട് ഗാന്ധി ഭവനിലെ അന്തേവാസിയായി കഴിയുകയാണ്. 600 ലേറെ സിനിമകളില്‍ വേഷമിട്ട ടി പി മാധവന് താരസംഘടനയായ അമ്മയുടെ ആദ്യത്തെ ജനറല്‍ സെക്രട്ടറി കൂടിയാണ്. അടുത്തിടെ നടനും അമ്മയുടെ ഇപ്പോഴത്തെ പ്രസിഡന്റുമായ മോഹന്‍ലാലിനെ കാണണം എന്ന് മാധവന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ ഉറപ്പ് കൂടി നല്കിയ ശേഷമാണ് ഗണേഷ് കുമാര്‍ ഗാന്ധി ഭവന് വിട്ടത്.
ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്ന നടനായിരുന്നു മാധവന്. താരം ടെലി-സീരിയലുകളിലും സജീവ സാന്നിധ്യമായിരുന്നു. 2015 ല്‍ ഹരിദ്വാര്‍ യാത്രക്കിടയിലുണ്ടായ പക്ഷാഘാതത്തെ തുടര്‍ന്നാണ് വിശ്രമ ജീവിതത്തിലേക്ക് എത്തിയത്. ചികിത്സയ്ക്ക് ശേഷം നിലവില്‍ പത്തനാപുരം ഗാന്ധി ഭവനില്‍ കഴിയുന്ന അദ്ദേഹത്തെ ഉറ്റവരും ഉടയവരും ഉപേക്ഷിച്ചിരിക്കുകയാണ്.