BusinessTRENDING

മരണം വരെ മാസം 5,000 രൂപ പെൻഷൻ ഉറപ്പാക്കുന്ന സര്‍ക്കാര്‍ പദ്ധതി

വിരമിക്കുന്ന സമയത്ത് സ്ഥിര വരുമാനത്തെ പറ്റിയുള്ള ആശങ്കയിലാണോ? മരണം വരെ മുടങ്ങാതെ പെൻഷൻ ഉറപ്പുനല്‍കുന്ന പദ്ധതിലേക്ക് നിക്ഷേപം മാറ്റിയാല്‍ ഇത്തരം ആശങ്കകള്‍ക്ക് വകയില്ല.അത്തരത്തിലൊരു സാമൂഹിക സുരക്ഷ പെൻഷൻ പദ്ധതിയായാണ് അടല്‍ പെൻഷൻ യോജന.

കേന്ദ്ര പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി നിയന്ത്രിക്കുന്ന പദ്ധതിയില്‍ 60 വയസിന് ശേഷം പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്ക് 5,000 രൂപ പരമാവധി പെൻഷൻ ലഭിക്കും. 1,000 രൂപയാണ് പദ്ധതിയിലെ ചുരുങ്ങിയ പെൻഷൻ.

18 വയസ് പൂര്‍ത്തിയായ ഇന്ത്യക്കാര്‍ക്ക് പദ്ധതിയില്‍ ചേരാം. ഉയര്‍ന്ന പ്രായ പരിധി 40 വയസാണ്.  പദ്ധതിയില്‍ ചേരാൻ സേവിംഗ്സ് അക്കൗണ്ട് ആവശ്യമുണ്ട്. ബാങ്ക് വഴിയോ പോസ്റ്റ് ഓഫീസ് വഴിയോ പദ്ധതിയില്‍ ചേരാം.

Signature-ad

1,000, 2,000, 3,000, 4,000, 5,000 രൂപ എന്നിങ്ങനെയാണ് മാസത്തില്‍ അടല്‍ പെൻഷൻ യോജന വഴി പെൻഷൻ അനുവദിക്കുക. ഇതിന് ഗുണഭോക്താവ് വിഹിതം നല്‍കണം. ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഓട്ടോ ഡെബിറ്റായാണ് മാസ വിഹിതം ഈടാക്കുക. പദ്ധതിയില്‍ ചേരുന്ന സമയത്തെ ഗുണഭോക്താവിന്റെ പ്രായത്തിന് അനുസരിച്ച്‌ പ്രീമിയം വ്യത്യാസപ്പെടും.

 

സംഭാവനയുടെ ഒരു ഭാഗം കേന്ദ്രസര്‍ക്കാര്‍ അടയ്ക്കും. വിഹിതത്തിന്റെ 50 ശതമാനവോ പ്രതിവര്‍ഷം 1,000 രൂപയോ ഏതാണ് കുറവ് എന്നത് പരിഗണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ വിഹിതം അടയ്ക്കുക. സര്‍ക്കാറിന്റെ മറ്റു സാമൂഹിക സുരക്ഷ സ്കീമില്‍ ഉള്‍പ്പെടുന്നവര്‍ക്കോ ആദായനികുതി അടയ്ക്കുന്നവര്‍ക്കോ ഈ വിഹിതം ലഭിക്കില്ല.

 

ഗുണഭോക്തവിന്റെ പ്രായം അടിസ്ഥാനമാക്കിയാണ് അടല്‍ പെൻഷൻ യോജനയിലെ വിഹിതം തീരുമാനിക്കുന്നത്. 18 വയസില്‍ പദ്ധതില്‍ ചേരുന്നൊരാള്‍ക്ക് 60 വയസിന് ശേഷം മാസം 5,000 രൂപ ലഭിക്കാൻ മാസത്തില്‍ 210 രൂപയാണ് അടയ്ക്കേണ്ടത്. ഇവര്‍ക്ക് 60-ാം വയസിന് ശേഷം 5,000 രൂപ മാസത്തില്‍ പെൻഷൻ നേടാം.

 

40-ാം വയസില്‍ അടല്‍ പെൻഷൻ യോജനയില്‍ ചേരുന്ന വ്യക്തിക്ക് പ്രതിമാസം 5,000 രൂപ പെൻഷൻ ലഭിക്കാൻ മാസത്തില്‍ 1,454 രൂപ നിക്ഷേപിക്കണം. ഇവിടെ വിഹിതം അടയ്ക്കേണ്ട കാലയളവ് 20 വര്‍ഷം മാത്രമാണ്. ഇതാണ് വിഹിതം ഉയരാനുള്ള കാരണം. 30 വയസുകാരന് 577 രൂപയും 25 വയസുകാരന് 376 രൂപയുമാണ് മാസത്തില്‍ നല്‍കേണ്ട വിഹിതം.

 

അടല്‍ പെൻഷൻ യോജനയുടെ ആനുകൂല്യം ലഭിക്കുന്നതിന് കുറഞ്ഞത് 20 വര്‍ഷമെങ്കിലും ഈ സ്കീമില്‍ നിക്ഷേപിക്കേണ്ടതുണ്ട്. അതേസമയം അടല്‍ പെൻഷൻ യോജനയില്‍ നിന്ന് കാലാവധിക്കുള്ളില്‍ നിക്ഷേപം പിൻവലിക്കാൻ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനും സാധിക്കും. പദ്ധതിയില്‍ നിന്ന് അകാലത്തില്‍ പുറത്തുകടക്കുകയാണെങ്കില്‍ അക്കൗണ്ടില്‍ നിക്ഷേപിച്ച തുക മാത്രമേ തിരികെ ലഭിക്കൂ. സര്‍ക്കാര്‍ വിഹിതത്തിന് അര്‍ഹതയുണ്ടാകില്ല.

 

മാസ തവണ തുടരാൻ സാധിക്കുന്നില്ലെങ്കില്‍ ഉടൻ അക്കൗണ്ട് ക്ലോസ് ചെയ്യില്ല. പിഴയടച്ച്‌ മാസതവണ തുടരാം.എന്നാല്‍ 6 മാസം തുടര്‍ച്ചയായി തുക നിക്ഷേപിച്ചില്ലെങ്കില്‍ അക്കൗണ്ട് സീല്‍ ചെയ്യും. ഒരു വര്‍ഷത്തേക്ക് തുക നിക്ഷേപിച്ചില്ലെങ്കില്‍ അക്കൗണ്ട് നിര്‍ജ്ജീവമാകും

Back to top button
error: