റിയാദ്: നിലമ്പൂര്‍ വഴിക്കടവ് സ്വദേശി മാനു മമ്മു എന്ന ഉക്കാഷ(43) സൗദിയിലെ ഹാഇലില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. രണ്ട് വര്‍ഷത്തോളമായി ഇസ്തിറാഹയില് ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ഹാഇലില്‍ സംസ്കരിക്കുന്നതിനുള്ള ശ്രമത്തിലാണ് കെ.എം.സി.സി വെല്‍ഫയര്‍ വിഭാഗം.
രേഖകളും നിയമ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിവരുന്നതായി ഹായില്‍ കെ.എം.സി.സി ജനറല്‍ സെക്രട്ടറി കരീം തുവ്വൂര്‍, റിയാദ് കെ.എം.സി.സി സെക്രട്ടറി സിദിഖ് തുവ്വൂര്‍, വെല്‍ഫയര്‍ വിഭാഗം പ്രവര്‍ത്തകരായ മുനീര്‍ തൊഴക്കാവ്, സിദിഖ് മട്ടന്നൂര്‍, സകരിയ്യ ആയഞ്ചേരി, ബാപ്പു എസ്റ്റേറ്റ് മുക്ക് എന്നിവര്‍ അറിയിച്ചു.
അതിനിടെ, ജുനൂബിയ കെ.എം.സി.സി നേതാവും ഹജ്ജ് സേവന രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന എറണാകുളം വാഴക്കാല സ്വദേശി യൂനുസ് കക്കാട്ട് മക്കയിലെ കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലിരിക്കെ അന്തരിച്ചു.
ദിവസങ്ങള്‍ക്ക് മുമ്പ് ഭാര്യയുമായി സംസാരിച്ചിരിക്കെ കുഴഞ്ഞു വീണ യൂനുസിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അതീവ ഗുരുതരാവസ്ഥയില്‍ കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയിലെ ഐസിയു വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.
മക്ക കെ.എം.സി.സിയുടെ പ്രവര്‍ത്തന രംഗത്തും വര്‍ഷങ്ങളായി ഹജ്ജ് സേവന രംഗത്തും സജീവ സാന്നിധ്യമായിരുന്നു യൂനുസ്. മക്കയിലെ അല്‍നൂര്‍ ഹോസ്പിറ്റലില്‍ നഴ്സ് ആയി സേവനം ചെയ്യുന്ന ഭാര്യ ആരിഫയും മകള്‍ സഫയും മകന് ആസിഫും മക്കയില്‍ ഉണ്ട്. മരണാനന്തര നടപടികള്‍ പൂര്‍ത്തീകരിച്ച് മയ്യത്ത് മക്കയില്‍ ഖബറടക്കുമെന്ന് മക്ക കെ.എം.സി.സി നേതാക്കള്‍ അറിയിച്ചു.