തിരുനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ സംഘ്പരിവാര്‍ അനുകൂല പ്രസ്താവന സി.പി.എമ്മിന് ആയുധമായെന്ന് കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തിന്റെ വിമര്‍ശനം. സംഘ്പരിവാര്‍ അനുകൂല പ്രസ്താവന പാടില്ലായിരുന്നു. നിരന്തരം നാക്കുപിഴ വരുന്നത് തലവേദനയാകുന്നുവെന്നും നേതാക്കള്‍ പറയുന്നു.
സെനറ്റില്‍ സംഘ്പരിവാറുകാരെ ഉള്‍പ്പെടുത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് അവരിലും കൊള്ളാവുന്നവരുണ്ടാവും എന്ന പ്രസ്താവനയാണ് വിവാദമായത്. ഇത്തരം പ്രസ്താവനകള്‍ പാര്‍ട്ടിയെ മാത്രമല്ല, മുന്നണിയെക്കൂടി പ്രതിക്കൂട്ടിലാക്കുന്നു എന്നാണ് വിമര്‍ശനം. അതുകൊണ്ട് ഇത്തരം പ്രസ്താവനകള്‍ നടത്തുമ്പോള്‍ സൂക്ഷ്മത പുലര്‍ത്തണമെന്നും ഇവര്‍ പറയുന്നു.
ജനുവരി അവസാനം കെ.പി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ യാത്ര നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സുധാകരനൊപ്പം പ്രതിപക്ഷനേതാവ് കൂടി ചേര്‍ന്ന് ജാഥ നയിക്കട്ടെ എന്ന് തീരുമാനിച്ചതിന് പിന്നിലും സുധാകരന്റെ വിവാദ പ്രസ്താവനകളാണ്. നവകേരള സദസ്സിന്റെ പേരില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം വലിയ വിമര്‍ശനം ഉന്നയിക്കുമ്പോള്‍ അവര്‍ക്ക് ഒരു വടികൊണ്ടുപോയി കൊടുക്കുന്ന രീതിയിലായിപ്പോയി സുധാകരന്റെ പ്രസ്താവനെയെന്നും പാര്‍ട്ടിയില്‍ ഒരു വിഭാഗം പറയുന്നു.