IndiaNEWS

അഡ്വാനിയും ജോഷിയും പ്രതിഷ്ഠാ ചടങ്ങിന് വരരുത്! അഭ്യര്‍ഥനയുമായി അയോധ്യ ക്ഷേത്ര ട്രസ്റ്റ്

ലഖ്‌നൗ: ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ.അഡ്വാനിയും മുരളി മനോഹര്‍ ജോഷിയും അയോധ്യയില്‍ പുതുതായി നിര്‍മിക്കുന്ന രാമക്ഷേത്രത്തില്‍ അടുത്ത മാസം നടക്കുന്ന പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. ”ഇരുവരും കുടുംബത്തിലെ മുതിര്‍ന്നവരാണ്. അവരുടെ ആരോഗ്യവും പ്രായം കണക്കിലെടുത്ത് വരരുതെന്ന് അഭ്യര്‍ഥിച്ചു, അത് ഇരുവരും അംഗീകരിച്ചു,” രാമക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രാമക്ഷേത്രത്തിനുവേണ്ടിയുള്ള പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്ന നേതാക്കളാണ് എല്‍.കെ.അഡ്വാനിയും മുരളി മനോഹര്‍ ജോഷിയും.

ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പ്രതിഷ്ഠാ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് റായ് പറഞ്ഞു. ക്ഷണിതാക്കളുടെ വിശദമായ പട്ടിക നല്‍കിയ റായ്, ആരോഗ്യവും പ്രായവും കണക്കിലെടുത്താണ് അഡ്വാനിയും ജോഷിയും ചടങ്ങില്‍ പങ്കെടുക്കാത്തതെന്ന് റായ് പറഞ്ഞു. അഡ്വാനിക്ക് ഇപ്പോള്‍ 96 വയസ്സുണ്ട്, ജോഷിക്ക് അടുത്ത മാസം 90 വയസ്സ് തികയും. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡയെ സന്ദര്‍ശിക്കാനും ചടങ്ങിലേക്ക് ക്ഷണിക്കാനും മൂന്നംഗ സംഘത്തെ നിയോഗിച്ചതായി റായ് പറഞ്ഞു.

Signature-ad

ജനുവരി 15 നകം ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുമെന്നും പ്രാണ്‍ പ്രതിഷ്ഠയ്ക്കുള്ള പൂജ ജനുവരി 16ന് ആരംഭിച്ച് ജനുവരി 22 വരെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആറ് ദര്‍ശനങ്ങളിലെ (പുരാതന വിദ്യാലയങ്ങള്‍) ശങ്കരാചാര്യരും 150 ഓളം സന്യാസിമാരും ചടങ്ങില്‍ പങ്കെടുക്കും. നാലായിരത്തോളം പുരോഹിതരെയും 2,200 മറ്റ് അതിഥികളെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പ്രധാന ക്ഷേത്രങ്ങളായ കാശി വിശ്വനാഥ്, വൈഷ്‌ണോദേവി, മത, ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്.

ആത്മീയ നേതാവ് ദലൈലാമ, കേരളത്തില്‍നിന്ന് മാതാ അമൃതാനന്ദമയി, യോഗ ഗുരു ബാബാ രാംദേവ്, സിനിമാ താരങ്ങളായ രജനികാന്ത്, അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത്, അരുണ്‍ ഗോവില്‍, ചലച്ചിത്ര സംവിധായകന്‍ മധുര് ഭണ്ഡാര്‍ക്കര്‍, പ്രമുഖ വ്യവസായികളായ മുകേഷ് അംബാനി, അനില്‍ അംബാനി, പ്രശസ്ത ചിത്രകാരന്‍ വാസുദേവ് കാമത്ത്, ഐഎസ്ആര്‍ഒ ഡയറക്ടര്‍ നിലേഷ് ദേശായിയെയും മറ്റു നിരവധി പ്രമുഖരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും റായ് പറഞ്ഞു.

പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ശേഷം ജനുവരി 24 മുതല്‍ 48 ദിവസത്തേക്ക് ആചാരാനുഷ്ഠാനങ്ങളനുസരിച്ച് ‘മണ്ഡലപൂജ’ നടക്കും. ജനുവരി 23ന് ക്ഷേത്രം ഭക്തര്‍ക്കായി തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതിഥികള്‍ക്ക് അയോധ്യയില്‍ മൂന്നിലധികം സ്ഥലങ്ങളില്‍ തങ്ങാന്‍ കൃത്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും റായ് പറഞ്ഞു. ഇതുകൂടാതെ വിവിധ മഠങ്ങളും ക്ഷേത്രങ്ങളും വീട്ടുകാരും ചേര്‍ന്ന് 600 മുറികള്‍ ലഭ്യമാക്കിയിട്ടുണ്ട്.

 

Back to top button
error: