ഭോപ്പാല്‍: പതിനാറാം മധ്യപ്രദേശ് നിയമസഭയുടെ ആദ്യസമ്മേളനത്തിന് വിവാദങ്ങളോടെ തുടക്കം. നിയമസഭാ മന്ദിരത്തില്‍ സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപമുണ്ടായിരുന്ന മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹുറുവിന്റെ ചിത്രം എടുത്തുമാറ്റി പകരം ഡോ.ബി.ആര്‍. അംബേദ്കറിന്റെ ചിത്രം സ്ഥാപിച്ചതാണ് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയത്. സ്പീക്കറുടെ കസേരയ്ക്ക് ഇരുവശത്തുമായി മഹാത്മാഗാന്ധിയുടെയും നെഹ്റുവിന്റെയും ചിത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്.
സര്‍ക്കാര്‍ നടപടിയെ ശക്തമായി എതിര്‍ത്ത കോണ്‍ഗ്രസ് എം.എല്‍.എമാര്‍, നെഹ്റുവിന്റെ ചിത്രം പുനഃസ്ഥാപിക്കാന്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം തങ്ങള്‍ അത് ചെയ്യുമെന്നും അവര്‍ മുന്നറിയിപ്പുനല്‍കി. മുഖ്യമന്ത്രി മോഹന്‍യാദവിന്റെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ഒരാഴ്ചയ്ക്കുശേഷമാണ് നിയമസഭയുടെ ശീതകാല സമ്മേളനം ആരംഭിച്ചത്.
പുതിയ അംഗങ്ങളെ സ്വാഗതം ചെയ്ത പ്രോ ടേം സ്പീക്കര്‍ ഗോപാല്‍ ഭാര്‍ഗവ, കോണ്‍ഗ്രസ് നേതാവ് ഉമങ് സിങ്ഹര്‍ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചു. മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ നരേന്ദ്രസിങ് തോമറിനെ സ്പീക്കര്‍ സ്ഥാനത്തേക്ക് ബി.ജെ.പി നാമനിര്‍ദേശം ചെയ്തു.
ആരാധനാലയങ്ങളിലും പൊതുസ്ഥലങ്ങളിലും അനിയന്ത്രിതമായി ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിനുള്ള നിരോധനമായിരുന്നു മുഖ്യമന്ത്രിയായി ചുമതലയേറ്റതിനു ശേഷം മോഹന്‍ യാദവ് പുറത്തിറക്കിയ ആദ്യ ഉത്തരവ്. അനുവദനീയമായതില്‍ കൂടുതല്‍ ശബ്ദത്തില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കരുതെന്നായിരുന്നു ഉത്തരവ്. 230 അംഗ മധ്യപ്രദേശ് നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 163 സീറ്റുകള്‍ നേടിയാണ് അധികാരം നിലനിര്‍ത്തിയത്. കോണ്‍ഗ്രസിന് 66 സീറ്റുകളിലേ വിജയിക്കാനായുള്ളൂ.