NEWSWorld

ഗാസയില്‍ ഐ.ഡി.എഫിന്‍െ്‌റ വെടിയേറ്റ് 3 ബന്ദികള്‍ കൊല്ലപ്പെട്ടു; ഹൃദയമഭദകമെന്ന് നെതന്യാഹു

ജെറുസലം: ഒക്ടോബര്‍ അവസാനം ഗാസയില്‍ 3 ബന്ദികളെ അബദ്ധത്തില്‍ വെടിവച്ചു കൊന്നതായി ഇസ്രയേല്‍ സൈന്യം വെളിപ്പെടുത്തി. ജെറുസലമിനെ ലക്ഷ്യമാക്കി റോക്കറ്റ് ആക്രമണം ഉണ്ടായതിനു പിന്നാലെ ഹമാസില്‍ ഉള്‍പ്പെട്ടവരാണെന്നു കരുതിയാണ് ഇവരെ വെടിവച്ചതെന്നും, കൊല്ലപ്പെട്ടവര്‍ ഹമാസ് ബന്ദികളാക്കിയവരാണെന്ന് പിന്നീടാണ് മനസിലാക്കാനായതെന്നും സൈന്യം വ്യക്തമാക്കി. സംഭവം അതീവ ദുഃഖകരമാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പ്രതികരിച്ചു.

സംഭവത്തിന്റെ ഉത്തരവാദിത്തം ഇസ്രയേല്‍ പ്രതിരോധ സേന ഏറ്റെടുക്കുന്നതായി സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയേല്‍ ഹഗാരി പറഞ്ഞു. ഹമാസ് ബന്ദികളാക്കിയ യോതം ഹെയിം (28), സമര്‍ ഫവാദ് തലല്‍ക (22), അലോം ഷംരിസ് (26) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഐഡിഎഫ് വ്യക്തമാക്കി. മൂവരും ഇസ്രയേല്‍ പൗരന്‍മാരാണ്. ഒക്ടോബര്‍ 7ന് നടന്ന ആക്രമണത്തിനു പിന്നാലെ ഹമാസ് ബന്ദികളാക്കിയവരുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടവരാണിവര്‍. പിന്നീട് ഹമാസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ട് ഓടുകയോ, ഉപേക്ഷിക്കപ്പെടുകയോ ചെയ്തതിനു പിന്നാലെയാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വെടിവയ്പ്പില്‍ മൂവരും കൊല്ലപ്പെട്ടത്.

അതേസമയം, യുഎസിന്റെ ഇടപെടലോടെ കഴിഞ്ഞ ദിവസം മുതല്‍ ഗാസയില്‍ സഹായങ്ങളെത്തിക്കാനായി ഇസ്രയേല്‍ അതിര്‍ത്തി തുറന്നിട്ടുണ്ട്. റഫയിലെ ക്യാംപുകളില്‍ തിങ്ങിനിറഞ്ഞ അഭയാര്‍ഥികള്‍ക്കു പ്രാഥമികാവശ്യങ്ങള്‍ക്കുപോലും സൗകര്യമില്ലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. പൊതുസ്ഥലത്തു നീക്കം ചെയ്യാത്ത മാലിന്യം കുന്നുകൂടുന്നതു ഗുരുതരമായ ആരോഗ്യപ്രതിസന്ധിയാണുണ്ടാക്കുന്നതെന്ന് യുഎന്‍ ഹ്യൂമാനിറ്റേറിയന്‍ ഓഫീസ് അറിയിച്ചു. ഗാസ, യുക്രെയ്ന്‍, യെമന്‍ എന്നിവിടങ്ങളില്‍ സംഘര്‍ഷങ്ങളില്‍ ആയിരക്കണക്കിനു കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നതിനെ ഫ്രാന്‍സിസ് മാര്‍പാപ്പ അപലപിച്ചു.

ഒക്ടോബര്‍ ഏഴിന് ഹമാസ് മുന്നറിയിപ്പില്ലാതെ നടത്തിയ ബോംബ് ആക്രമണത്തിനു പിന്നാലെയാണ് ഇസ്രയേല്‍ യുദ്ധം പ്രഖ്യാപിച്ചത്. 1200 ലേറെ പേരാണ് ഹമാസിന്റെ ആക്രമണത്തില്‍ മരിച്ചത്. ഏകദേശം 250 പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തു. യുദ്ധം 2 മാസം പിന്നിടുമ്പോള്‍ ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം 19,000 കവിഞ്ഞു.

Back to top button
error: