Social MediaTRENDING
mythenDecember 15, 2023
ഭക്തി വ്യവസായവും രാഷ്ട്രീയവുമായി മാറുന്ന കാലത്ത് ശബരിമലയിൽ ഇനിയും മാരകമായ പലതും പ്രതീക്ഷിക്കേണ്ടതായി വരും

1971ലാണ് ഞാൻ ആദ്യമായി ശബരിമലയിൽ പോവുന്നതും പതിനെട്ടാം പടി കയറുന്നതും. അന്നത്തെ പതിനെട്ടാം പടി ലോഹം പൊതിയാത്ത കരിങ്കല്ലായിരുന്നു.
പോവുന്ന വർഷത്തിന്റെ എണ്ണത്തിനനുസരിച്ച് ആ പടികളിൽ ഭക്തർ തേങ്ങ ഉടക്കുമായിരുന്നു. അങ്ങനെ തേങ്ങ ഉടക്കുന്നതിനാലായിരിക്കാം പല പടികൾക്കും കേടുപാടുകൾ ഉണ്ടായിരുന്നു. അന്നും പോലീസുകാർ പടികളിൽ നിലയുറപ്പിച്ചിരുന്നെങ്കിലും കുട്ടികളേയും, അവശരായവരേയും മുകളിലെത്തിക്കാനേ അവർ ശ്രമിച്ചിരുന്നുള്ളു. പടി കയറി വിഗ്രഹത്തിനു മുന്നിലെത്തുമ്പോഴാണ് അല്പം തിരക്ക് അനുഭവപ്പെടുക. ഭക്തർ വിഗ്രഹത്തിന്റെ മുന്നിൽ നിന്നും വിട്ടു പോവാൻ സമ്മതിക്കാത്തതിനാലാണ് തിരക്ക് രൂപപ്പെടുന്നത്. ക്ഷേത്രത്തിലെ ചടങ്ങുകൾ കഴിഞ്ഞ് ഭക്തർ പതിനെട്ടാം പടിയിലൂടെ വിഗ്രഹത്തിന് അഭിമുഖമായി താഴെ ഇറങ്ങുന്നതായിരുന്നു അന്നൊക്കെ ചെയ്തിരുന്നത്.
മറ്റൊരു സംഗതി ദർശനത്തിന് വരുന്നവരെല്ലാം പതിനെട്ടാം പടി കയറാറില്ലായിരുന്നു , കാരണം അവർ വൃതം അനുഷ്ഠിക്കാത്തവരായിരുന്നു. അതിനാൽ അവർ പുറകു വശത്തെ വഴിയിലൂടെയാണ് മുകളിലെത്തി ദർശനം നടത്തിയിരുന്നത്. 41 ദിവസം വൃതമെടുത്ത് കെട്ട് നിറച്ച് വരുന്നവരാണ് പതിനെട്ടാംപടി ചവിട്ടുന്നത്. എരുമേലി പേട്ട തുള്ളി അഴുതയിൽ വിരി വെച്ച് , തുടർന്ന് കിലോമീറ്ററുകളോളം വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രത്തിലൂടെ ചെങ്കുത്തായ വനപാതയിലൂടെ യാത്ര ചെയ്തെത്തുന്ന അത്ര സഹനം ഇന്നത്തെ ഒരു ഇൻസ്റ്റന്റ് ഭക്തനും അനുഭവിക്കുന്നുണ്ടാവില്ല.
ഇരുമുടിക്കെട്ടിന്റെ മുൻ ഭാഗത്ത് ക്ഷേത്രത്തിലേക്കുള്ള സാധനങ്ങളും പുറകിലെ കെട്ടിൽ ഭക്തർക്ക് ആഹാരം തയ്യാറാക്കാനുമുള്ള സാധനങ്ങളുമായിരിക്കും. വഴി നീളെ സ്വന്തമായി ആഹാരം പാചകം ചെയ്തും, കാട്ടരുവികളിൽ നിന്നും വെള്ളം ശേഖരിച്ചും തീർത്ഥാടനം നടത്തിയ അന്നത്തെ ഭക്തർ വെള്ളം കിട്ടിയില്ല കഞ്ഞി കിട്ടിയില്ല എന്നു പറഞ്ഞു കരയുകയുമില്ലായിരുന്നു. ഭക്തി വ്യവസായവും , രാഷ്ട്രീയവുമായി മാറുന്ന കാലത്ത് ഇനിയും മാരകമായ പലതും പ്രതീക്ഷിക്കേണ്ടതായി വരും.
(ഗിരീശൻ പുത്തൻ വീട്ടിൽ)






