പമ്ബയില്‍ നിന്നും മുകളിലേക്കുള്ള ആളുകളുടെ ഒഴുക്കിന്റെ വീഡിയോ കണ്ടപ്പോള്‍ തന്നെ എനിക്ക് തല ചുറ്റി: മുരളി തുമ്മാരുകുടി
മുൻകൂട്ടി ബുക്ക് ചെയ്തോ അല്ലാതെയോ എത്തുന്ന എല്ലാവര്‍ക്കും ദര്‍ശനത്തിനുള്ള അവസരമൊരുക്കാനാണ് അധികാരികള്‍ ശ്രമിക്കുന്നത്. ഇത് ഇടക്കിടക്ക് ഇത് പരിധിക്ക് പുറത്ത് പോകും, ആളുകള്‍ ക്യൂ നിന്ന് വലയും, ദര്‍ശനം കിട്ടാതെ തിരിച്ചു പോരുന്ന സ്ഥിതി ഉണ്ടാകും, തീര്‍ത്ഥാടകാരിലും വിശ്വാസികളിലും ഇത് ഏറെ അസംതൃപ്തി ഉണ്ടാക്കുമെന്നും മുരളി തുമ്മാരുകുടി പറഞ്ഞു.
“എന്നെ പേടിപ്പിക്കുന്നത് അതല്ല. ഇത്രമാത്രം ആളുകള്‍, ഏറെ ബുദ്ധിമുട്ടി വളരെ ഇടുങ്ങിയ ഒരു വനപ്രദേശത്തിനകത്ത് നില്‍ക്കുകയും യാത്ര ചെയ്യുകയും ചെയ്യുമ്ബോള്‍ അത് വലിയൊരു ദുരന്തമായി മാറാൻ ഒരു നിമിഷം പോലും വേണ്ട. പമ്ബയില്‍ നിന്നും മുകളിലേക്കുള്ള ആളുകളുടെ ഒഴുക്കിന്റെ വീഡിയോ കണ്ടപ്പോള്‍ തന്നെ എനിക്ക് തല ചുറ്റി. ഇതിനിടയില്‍ ആനയും പുലിയും കടുവയും ഒന്നും വേണ്ട, ഒരു നുണബോംബ് മതി വൻ ദുരന്തം ഉണ്ടാകാൻ. ശബരിമലയില്‍ തിരക്കില്‍ പെട്ട് ആളുകള്‍ പണ്ടും മരിച്ചിട്ടുണ്ടല്ലോ. ഇനി അതുണ്ടായാല്‍ ദുരന്തത്തിന്റെ ആഘാതം പല മടങ്ങാകും എന്നുറപ്പാണ്.
ഇത് ഒഴിവാക്കണമെങ്കില്‍ അടുത്ത മണ്ഡലക്കാലത്തിന് മുൻപെങ്കിലും ഈ വിഷയത്തില്‍ ബന്ധപ്പെട്ട എല്ലാവരും (തന്ത്രി മുതല്‍ ദുരന്ത നിവാരണ അതോറിറ്റി വരെയുള്ളവര്‍) ഒരുമിച്ചിരുന്ന് ഈ വിഷയത്തെ പ്രൊഫഷണല്‍ ആയി കൈകാര്യം ചെയ്യാൻ ശ്രമിക്കണം. ഏതൊക്കെ കാര്യത്തില്‍ മാറ്റങ്ങള്‍ സാധ്യമാണ്, ഏതൊക്കെയാണ് മാറ്റാൻ പറ്റാത്ത പരിധികള്‍ ഇതൊക്കെ മനസ്സിലാക്കി സമയത്തിനും കാലാവസ്ഥക്കും ഒക്കെ അനുസരിച്ചുള്ള ആളുകളുടെ എണ്ണം തീരുമാനിക്കണം. ശബരിമലയിലേക്ക് വരാനായി മുൻകൂട്ടി ബുക്കിങ്ങ് നിര്‍ബന്ധമാക്കണം. ഓരോ ദിവസവും ഓരോ സമയത്തും എത്ര ആളുകള്‍ ബുക്ക് ചെയ്തിട്ടുണ്ടെന്നും അതുകൊണ്ട് പ്രതീക്ഷിക്കാവുന്ന ക്യൂ എത്രയാണെന്നും ഒക്കെ ആളുകള്‍ക്ക് അവരുടെ മൊബൈല്‍ ഫോണില്‍ അറിയാനുള്ള സംവിധാനം ഉണ്ടാക്കണം, അതനുസരിച്ച് ആളുകള്‍ക്ക് തയ്യാറെടുക്കാമല്ലോ.
കുട്ടികളെ കൊണ്ട് വരുന്നവര്‍ക്കും പ്രായമായവര്‍ക്കും വേണമെങ്കില്‍ പ്രത്യേക ദിവസങ്ങളോ സമയങ്ങളോ തീരുമാനിച്ചു കൊടുക്കണം, വരുന്ന എല്ലാവര്‍ക്കും വേണ്ടത്ര സഹായങ്ങള്‍ ചെയ്യാനുള്ള വളണ്ടിയര്‍ സംഘവും ഭക്ഷണവും വെള്ളവും, ടോയ്‌ലറ്റ് സൗകര്യങ്ങളും ഒക്കെ ഉറപ്പാക്കണം. ആള്‍ക്കൂട്ട നിയന്ത്രണങ്ങള്‍ക്ക് ലോകത്ത് അനവധി നല്ല മാതൃകകകള്‍ ഉണ്ട്, ഉപകരണങ്ങള്‍ ഉണ്ട്, അതൊക്കെ നമ്മുടെ നാട്ടിലും ഉപയോഗിക്കണം. നിര്‍ദ്ദേശങ്ങള്‍ വേറെയും ഉണ്ട്, മറ്റുള്ളവര്‍ക്കും ഉണ്ടാകും. പക്ഷെ ഒരേ മനസ്സോടെ എല്ലാവരും പ്രവര്‍ത്തിക്കാൻ തയ്യാറാണോ എന്നതാണ് പ്രധാന വിഷയം.
ശബരിമല ഭക്തര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതും കേരളത്തിന്റെ പുറത്ത് ഏറ്റവും അറിയപ്പെടുന്നതുമായ തീര്‍ത്ഥാടന കേന്ദ്രമാണ്. അതിനെ മാതൃകാപരമായി, വരുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ, ആര്‍ക്കും അപകടമുണ്ടാക്കാതെ നടത്തിക്കൊണ്ടു പോകേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ശബരിമലയിലേക്ക് വരുന്ന ഭക്തര്‍ പച്ചവെള്ളം പോലും കിട്ടാതെ ദര്‍ശനം നടത്താൻ കഴിയാതെ വാഹനങ്ങളില്‍ തിക്കിത്തിരക്കി ഒക്കെ പോകേണ്ടി വന്നാല്‍ അത് ഏറ്റവും വിഷമകരമായ ഒന്നാണ്. തീര്‍ത്ഥാടനത്തിന് വരുന്നവര്‍ അപകടത്തില്‍ പെടുന്നതൊക്കെ ചിന്തിക്കാനേ വയ്യാതെ ദുരന്തമാണ്. നമ്മുടെ സംവിധാനങ്ങളെപ്പറ്റി അഭിമാനം ഉണ്ടാക്കുന്ന തരത്തിലുള്ള തയ്യാറെടുപ്പുകള്‍ ഉണ്ടാക്കാനാണ് നാം ശ്രമിക്കേണ്ടത്.”- മുരളി തുമ്മാരുകുടി പറയുന്നു.