SportsTRENDING

കോച്ച് ഇവാൻ വുകോമനോവിച്ചിന് വിലക്ക്; പഞ്ചാബ് എഫ്സിക്കെതിരെ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ്

ന്യൂഡൽഹി: സീസണിലെ തങ്ങളുടെ പത്താം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് പഞ്ചാബ് എഫ്സിയെ നേരിടും.ന്യൂഡൽഹി ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ രാത്രി 8 മണിക്കാണ് മത്സരം.
 
അവസാനം കളിച്ച രണ്ട് മത്സരങ്ങളിലും ജയം നേടാനാവാതെയാണ് കേരള ബ്ലാസ്റ്റേഴ്സ് പഞ്ചാബ് എഫ്സിക്കെതിരെ കളിക്കാനിറങ്ങുന്നത്. ചെന്നൈയിൻ എഫ്സിക്കെതിരെ നടന്ന കളിയിൽ 3-3 സമനില വഴങ്ങിയ മഞ്ഞപ്പട അവസാന കളിയിൽ എഫ്സി ഗോവയ്ക്ക് മുന്നിൽ ഏകപക്ഷീയമായ ഒരു ഗോളിന് തോൽക്കുകയും ചെയ്തിരുന്നു. 

നിലവിൽ പോയിന്റ് പട്ടികയിൽ പതിനൊന്നാം സ്ഥാനത്തുള്ള പഞ്ചാബിനെതിരെ കിടിലൻ ജയത്തിൽക്കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെക്കുന്നില്ല.ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ നാലാമത് എവേ പോരാട്ടം കൂടിയാണിത്. ഇതുവരെ കളിച്ച മൂന്ന് എവേ മത്സരങ്ങളിൽ രണ്ടിലും തോറ്റ മഞ്ഞപ്പടയ്ക്ക് ഈസ്റ്റ് ബംഗാളിനെതിരെ മാത്രമാണ് ജയിക്കാനായത്‌.

 വിലക്കിനെത്തുടർന്ന് മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ച് ഇല്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നത്. ചെന്നൈയിൻ എഫ്സിക്കെതിരെ നടന്ന കളിക്ക് ശേഷം റഫറിയിങ്ങിനെ വിമർശിച്ച ഇവാൻ ഒരു മത്സരത്തിൽ നിന്നാണ് വിലക്ക് നേരിടുന്നത്. ഇവാന്റെ അഭാവത്തിൽ സഹപരിശീലകൻ ഫ്രാങ്ക് ഡൗവനാണ് ഈ കളിയിൽ മഞ്ഞപ്പടയുടെ ചുമതല.
അതേ സമയം ഈ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറ്റം കുറിച്ച പഞ്ചാബ് എഫ്സിക്ക് ദയനീയ തുടക്കമാണ് ലീഗിൽ ലഭിച്ചിരിക്കുന്നത്. ഒൻപത് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ഒരു ജയം പോലും നേടാൻ അവർക്ക് കഴിഞ്ഞിട്ടില്ല‌. അഞ്ച് സമനിലകൾ വഴി ലഭിച്ച അഞ്ച് പോയിന്റുകളാണ് അവരുടെ അക്കൗണ്ടിലുള്ളത്‌‌. നാല് മത്സരങ്ങളിൽ അവർ പരാജയപ്പെടുകയും ചെയ്തു. സീസണിലെ ആദ്യ ജയം ലക്ഷ്യമിട്ടാണ് അവർ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഇന്നിറങ്ങുന്നത്.
ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് പഞ്ചാബ് എഫ്സി ഹോം മത്സരങ്ങൾ കളിക്കുന്നത്.

Back to top button
error: