BusinessTRENDING

പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി

ചെറു നിക്ഷേപ പദ്ധതികളെ ആശ്രയിക്കുന്നവര്‍ക്ക് ഏറെ സഹായകരമാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍.നിക്ഷേപകന്‍റെ പ്രായത്തിനും നിക്ഷേപ കാലാവധിക്കും ആവശ്യങ്ങള്‍ക്കും പൂര്‍ണ്ണമായും ഉതകുന്നതാണോ തിരഞ്ഞെടുക്കുന്ന പദ്ധതി എന്ന് മാത്രം ശ്രദ്ധിച്ചാല്‍ മതി.
ഓഹരിവിപണിയുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള പദ്ധതിയല്ല എന്നത് കൊണ്ടു തന്നെ ഏറ്റവും സുരക്ഷിതമായ നിക്ഷേപ പദ്ധതികളില്‍ ഒന്നാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി. അതൊടൊപ്പം എല്ലാ മാസവും ഉറപ്പായ വരുമാനവും ഈ പദ്ധതിയിലൂടെ നേടാൻ സാധിക്കും.

അഞ്ച് വര്‍ഷ കാലാവധി

സിംഗിള്‍, ജോയിന്‍റ് അക്കൗണ്ടുകളായി പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയില്‍ അംഗങ്ങളാകാം. അക്കൗണ്ടില്‍ ഒരു തവണ മാത്രമേ നിക്ഷേപിക്കാൻ സാധിക്കൂ. അക്കൗണ്ട് തുറന്ന തീയതി മുതല്‍ അടുത്ത 5 വര്‍ഷത്തേക്കാണ് ഇതിന്റെ കാലാവധി. ഒരു വ്യക്തിഗത അക്കൗണ്ടില്‍ നേരത്തെ 4.5 ലക്ഷമായിരുന്നു നിക്ഷേപ പരിധി. അത് പോലെ ജോയിന്‍റ് അക്കൗണ്ടില്‍ പരമാവധി 9 ലക്ഷം രൂപയും നിക്ഷേപിക്കാം. ഇന്ന് ഈ വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ അതില്‍ കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധനവ് വരുത്തി. ഇപ്പോള്‍ വ്യക്തിഗത അക്കൗണ്ടില്‍ പരമാവധി 9 ലക്ഷം രൂപയും ജോയിന്‍റ് അക്കൗണ്ടില്‍ പരമാവധി 15 ലക്ഷം രൂപയും നിക്ഷേപിക്കാം

Signature-ad

പലിശ നിരക്ക്

7.40 ശതമാനമാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയുടെ പലിശ നിരക്ക്. സാമ്ബത്തിക വര്‍ഷത്തിന്‍റെ ഓരോ പാദത്തിലും കേന്ദ്രസര്‍ക്കാര്‍ ലഘുസമ്ബാദ്യ പദ്ധതികളുടെ പലിശ അവലോകനം ചെയ്യുകയും അത് പുതുക്കുകയും ചെയ്യാറുണ്ട്. അത് കൊണ്ടു തന്നെ അടുത്ത വര്‍ഷം പലിശ ഉയരാനുള്ള സാധ്യതയും തള്ളിക്കളയാൻ സാധിക്കില്ല. കുറഞ്ഞത് 1000 രൂപ ഉപയോഗിച്ച്‌ ഒരു അക്കൗണ്ട് തുറക്കാം. അഞ്ച് വര്‍ഷത്തിന് ശേഷം പലിശയും ചേര്‍ത്ത് നിക്ഷേപം പിൻവലിക്കാം. അഞ്ച് വര്‍ഷത്തിന് ഇടയിലും പണം പിൻവലിക്കാം. അതേസമയം നിക്ഷേപം തുടങ്ങി ഒരു വര്‍ഷം അവസാനിക്കുന്നതിന് മുമ്ബ് ഒരു നിക്ഷേപവും പിൻവലിക്കാൻ പാടില്ല. അതേ സമയം, അഞ്ച് വര്‍ഷത്തേക്കുകൂടി പദ്ധതി കാലയളവ് നീട്ടാൻ സാധിക്കും. ഓരോ 5 വര്‍ഷത്തിനും ശേഷം പ്രധാന തുക പിൻവലിക്കാനോ പദ്ധതി നീട്ടാനോ ഒരു ഓപ്ഷൻ ഉണ്ടായിരിക്കും.

മാസം 9250 രൂപ നേടാം

എല്ലാ മാസവും 3000 രൂപ പലിശ ലഭിക്കണമെന്നതാണ് നിക്ഷേപ ലക്ഷ്യമെങ്കില്‍ പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയില്‍ ഒറ്റത്തവണയായി 5 ലക്ഷം രൂപ നിക്ഷേപിക്കണം. 7.40 ശതമാനം പലിശ ലഭിച്ചാല്‍ പ്രതിമാസം 3083 രൂപ നേടാൻ സാധിക്കാം. അതായത് ഒരു വര്‍ഷം 36,996 രൂപ വരെ നേടാം. ജോയിന്‍റ് അക്കൗണ്ടില്‍ 15 ലക്ഷം രൂപ ഒറ്റത്തവണ നിക്ഷേപിച്ചാല്‍ പ്രതിമാസം 9250 രൂപ പലിശയായി നേടാൻ കഴിയും. അതായത് ഒരു വര്‍ഷം 1,11,000 രൂപ. അഞ്ച് വര്‍ഷം കൊണ്ട് പലിശ ഇനത്തില്‍ മാത്രം 5,55,000 രൂപ. അതായത് അഞ്ച് വര്‍ഷം കൊണ്ട് നിക്ഷേപത്തിന്‍റെ മൂന്നിലൊന്ന് പലിശയായി മാത്രം നേടാൻ പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിലൂടെ സാധിക്കും.

എങ്ങനെ അക്കൗണ്ട് തുറക്കാം

 

ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയ വ്യക്തികള്‍ക്ക് മാത്രമാണ് നിലവില്‍ പോസ്റ്റ് ഓഫീസ് എംഐഎസ് അക്കൗണ്ട് തുറക്കാൻ അനുവാദം ഉള്ളത്. പ്രായപൂര്‍ത്തിയായ ഏതൊരു വ്യക്തിക്കും ആവശ്യമായ രേഖകള്‍ സഹിതം അടുത്തുള്ള പോസ്റ്റ് ഓഫീസിലെത്തി അക്കൗണ്ട് തുറക്കാം.

Back to top button
error: