KeralaNEWS

മൂന്നാം സീറ്റായി ലീഗ് ലക്ഷ്യമിടുന്നത് കണ്ണൂരോ? ഈ ഘടകം അനുകൂലം

മലപ്പുറം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് ആവശ്യപ്പെടാനൊരുങ്ങുന്ന ലീഗ് ലക്ഷ്യമിടുന്നത് കണ്ണൂര്‍ മണ്ഡലമെന്ന് റിപ്പോര്‍ട്ട്. മണ്ഡലത്തിലെ സാഹചര്യം പഠിക്കാന്‍ ജില്ലാ കമ്മിറ്റിയോട് നേതൃത്വം ആവശ്യപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു്. കഴിഞ്ഞതവണ ലീഗ് മൂന്നാം സീറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും ദേശീയതലത്തിലെ സാഹചര്യം പരിഗണിച്ച് മുന്നണി തീരുമാനത്തിന് വഴങ്ങുകയായിരുന്നു. ഇത്തവണ മൂന്ന് സീറ്റ് വേണമെന്ന് യൂത്ത് ലീഗ് ഇതിനോടകം തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.

വരുന്ന തെരഞ്ഞെടുപ്പില്‍ ലീഗിന്റെ മൂന്നാം സീറ്റിന് പ്രധാന തടസമാകാന്‍ ഇടയുള്ളത് സിറ്റിങ് സീറ്റുകള്‍ വിട്ടുനല്‍കുന്നതിലെ പ്രശ്‌നമാണ്. കോണ്‍ഗ്രസിന്റെ സിറ്റിങ് എംപിമാരെ മാറ്റി ലീഗിന് സീറ്റ് നല്‍കുക എന്നത് നേതൃത്വത്തിന് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയേക്കുമെന്നാണ് കരുതുന്നത്. എന്നാല്‍, കണ്ണൂര്‍ സീറ്റില്‍ സിറ്റിങ് എംപി കെ സുധാകരന്‍ മത്സരിക്കുന്നില്ലെങ്കില്‍ ഈ പ്രശ്‌നമുണ്ടാകില്ലെന്ന വിലയിരുത്തലിലാണ് ലീഗ് നേതൃത്വം കണ്ണൂര്‍ ലക്ഷ്യമിടുന്നത്.

Signature-ad

കെപിസിസി പ്രസിഡന്റ് കൂടിയായ കെ സുധാകരന്‍ 2024ല്‍ ലോക്‌സഭയിലേക്ക് മത്സരിക്കാനില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. സുധാകരന്‍ മത്സരിക്കണോ വേണ്ടയോയെന്ന് അദ്ദേഹത്തിന് തീരുമാനിക്കാമെന്ന് ദേശീയ നേതൃത്വവും വ്യക്തമാക്കിയട്ടുണ്ട്. സുധാകരന്‍ മാറിയാല്‍ കണ്ണൂര്‍ സീറ്റ് ലക്ഷ്യമിട്ട് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനോടകം തന്നെ രംഗത്തുണ്ട്. എന്നാല്‍ മൂന്നാം സീറ്റെന്ന ആവശ്യത്തില്‍ ലീഗ് ഉറച്ചുനിന്നാല്‍ കണ്ണൂര്‍ വിട്ടുനല്‍കുക എന്നതിലേക്കാകും കോണ്‍ഗ്രസ് നേതൃത്വവും എത്തുക.

ഇടതിനെയും വലതിനെയും മാറിമാറി പിന്തുണക്കുന്ന ചരിത്രമാണ് കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തിനുള്ളത്. 2009ല്‍ കെ സുധാകരനും 2014 സിപിഎം നേതാവ് പികെ ശ്രീമതിയും വിജയിച്ച മണ്ഡലം 2019ല്‍ വീണ്ടും സുധാകരനിലൂടെ കോണ്‍ഗ്രസ് തിരികെ പിടിക്കുകയായിരുന്നു. പാര്‍ട്ടിയും മുന്നണി സംവിധാനവും ഒറ്റക്കെട്ടായാല്‍ ജയം ഉറപ്പാണെന്ന വിശ്വാസത്തിലാണ് ലീഗ് നേതൃത്വം ഉള്ളത്.

നിലവില്‍ മലപ്പുറവും പൊന്നാനിയുമാണ് ലീഗ് മത്സരിക്കുന്ന മണ്ഡലങ്ങള്‍. ഇതിനു പുറമെ ഒരു സീറ്റുകൂടി വേണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസ് കഴിഞ്ഞതവണ മത്സരിച്ച 16 സീറ്റുകളില്‍ ഒന്നാകും ലീഗിനായി മാറ്റിവെക്കേണ്ടി വരിക. ഇതില്‍ സുധാകരന്‍ മാറുന്ന കണ്ണൂര്‍ വിട്ട് നല്‍കിയാല്‍ സിറ്റിങ് എംപിമാരെ മാറ്റേണ്ട ആവശ്യമില്ല എന്നത് അനുകൂലമാണ്.

 

 

Back to top button
error: