പത്തനംതിട്ട/കൊച്ചി: രണ്ടുദിവസമായി ഭക്തരുടെ ഒഴുക്ക് തുടരുന്നതോടെ ശബരിമലയില്‍ ദര്‍ശനത്തിനുള്ള ക്യൂ 18 മണിക്കൂറോളം നീണ്ടു. വെള്ളിയാഴ്ച പമ്പയിലെത്തിയവര്‍ക്ക് ശനിയാഴ്ചയാണ് ദര്‍ശനം നടത്താനായത്. വെള്ളിയാഴ്ച വൈകിട്ടുമുതല്‍ പമ്പയില്‍ നിന്നുതന്നെ നിയന്ത്രണമേര്‍പ്പെടുത്തി. പമ്പയില്‍ മൂന്നുമുതല്‍ നാല് മണിക്കൂര്‍ വരെ ക്യൂനിന്നാണ് അയ്യപ്പന്മാര്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയും മലകയറിയത്. വഴിയില്‍ പലരും കുഴഞ്ഞുവീണു.
പ്രത്യേക ക്യൂ കോംപ്ലക്‌സ് സംവിധാനം പ്രയോജനപ്പെടുത്തുന്നതില്‍ പോലീസ് പൂര്‍ണമായും പരാജയപ്പെട്ടു. ക്യൂ കോംപ്ലക്‌സില്‍ 10 മണിക്കൂറോളം ഭക്തര്‍ വരിനില്‍ക്കേണ്ടിവന്നു. നിലയ്ക്കല്‍ പാര്‍ക്കിങ് കേന്ദ്രത്തിലും നിയന്ത്രണമേര്‍പ്പെടുത്തി. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഒരു ലക്ഷത്തോളം പേരാണ് ദര്‍ശനത്തിനായി ബുക്ക് ചെയ്തിരുന്നത്. മിനിറ്റില്‍ 70 പേരെവരെ പതിനെട്ടാം പടി കടത്തിവിടണമെന്നായിരുന്നു നിശ്ചയിച്ചിരുന്നത്. രണ്ടുദിവസമായി മിനിറ്റില്‍ 50-ല്‍ താഴെ ഭക്തരെ മാത്രമാണ് പടികയറ്റിവിടുന്നത്. ശബരിമലപീഠംവരെയാണ് വരി നീണ്ടത്. കുട്ടികള്‍ ക്ഷീണിച്ച് തളര്‍ന്നുവീണതോടെ എട്ട് കന്നി അയ്യപ്പന്മാരുമായി മലപ്പുറം വണ്ടൂരില്‍ നിന്നെത്തിയ ശിവനും സംഘവും ദര്‍ശനത്തിന് നില്‍ക്കാതെ മടങ്ങിപ്പോയി. ഞായറാഴ്ച 70,000-ത്തോളം പേരും തിങ്കളാഴ്ച 90,000 പേരുമാണ് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനത്തിന് ബുക്ക് ചെയ്തിട്ടുള്ളത്.
അതേസമയം, ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ദര്‍ശന സമയം 17 മണിക്കൂറില്‍ കൂട്ടാനാകില്ലെന്ന് തന്ത്രി അറിയിച്ചതായി ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ അറിയിച്ചു. തിരക്ക് കണക്കിലെടുത്ത് ദര്‍ശന സമയം ഒന്ന് രണ്ട് മണിക്കൂര്‍ കൂട്ടാനാകുമോ എന്ന് തന്ത്രിയോട് ചോദിച്ചറിയിക്കാന്‍ കോടതി രാവിലെ നിര്‍ദ്ദേശിച്ചിരുന്നു. ഉച്ചയ്ക്ക് വിഷയം വീണ്ടും പരിഗണിച്ചപ്പോഴാണ് ദര്‍ശന സമയം കൂട്ടാനാകില്ലെന്നാണ് തന്ത്രി ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനോട് പറഞ്ഞതായി അറിയിച്ചത്. തന്ത്രിയും മേല്‍ശാന്തിയും മണ്ഡലകാലം മുഴുവന്‍ സന്നിധാനത്ത് താമസിക്കണം. ഇതിനാലാണ് ദര്‍ശന സമയം കൂട്ടുന്നതില്‍ ബുദ്ധിമുട്ട് അറിയിച്ചത്.
തിരക്ക് കണക്കിലെടുത്ത് ശനിയാഴ്ച പ്രത്യേകം സിറ്റിങ് നടത്തിയാണ് ജസ്റ്റിസ് അനില്‍ കെ.നരേന്ദ്രനും ജസ്റ്റിസ് പി.ജി.അജിത് കുമാറും അടങ്ങിയ ദേവസ്വം ബെഞ്ച് വിഷയം പരിഗണിച്ചത്.
വെളളിയാഴ്ച ക്യു മറികടക്കാനുള്ള ശ്രമം ഭക്തരുടെ ഭാഗത്തുനിന്നുണ്ടായി. പോലീസ് ഇടപെട്ട് നിയന്ത്രിക്കുകയായിരുന്നു. തിരക്ക് നിയന്ത്രിക്കാനുള്ള നടപടികള്‍ ക്രമീകരിക്കാന്‍ ശബരിമല സ്പെഷ്യല്‍ കമ്മിഷണറോട് സന്നിധാനത്ത് തങ്ങാന്‍ കോടതി നിര്‍ദ്ദേശിച്ചു. വിഷയം തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.