യുവനടി ലക്ഷ്മിക സജീവന്റെ (27) വിയോഗവാര്‍ത്ത ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമുദായങ്ങളുടെ പോരാട്ടങ്ങളിലേക്ക് വെളിച്ചം വീശുന്ന ‘കാക്ക’ എന്ന ടെലിഫിലിമിലെ പഞ്ചമിയെ ഉജ്ജ്വലമായി അവതരിപ്പിച്ച് ജനശ്രദ്ധ നേടിയ ലക്ഷ്മികയുടെ അകാലത്തിലുള്ള വിടവാങ്ങള്‍ മലയാളി കേട്ടത് അവിശ്വസനീയതയോടെയാണ്.
ഇപ്പോഴിതാ, ലക്ഷ്മിക സജീവന്റെ വേര്‍പാടിനെകുറിച്ച് നിര്‍മാതാവ് പി.ടി അല്‍താഫ് സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ് നോവുണര്‍ത്തുകയാണ്. അച്ഛന്റെയും അമ്മയുടെയും ഏക ആശ്രയമായിരുന്നു ലക്ഷ്മികയെന്നും കട ബാധ്യത തീര്‍ക്കാനായി അഭിനയമോഹം ഉള്ളിലൊതുക്കി വീണ്ടും കടല്‍ കടക്കുകയായിരുന്നു എന്നും അദ്ദേഹം ഫേസ്ബുകില്‍ കുറിച്ചു.
കൊച്ചി വാഴവേലില്‍ സ്വദേശിനിയാണ് ലക്ഷ്മിക. ‘കാക്ക’ എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയയായ ലക്ഷ്മിക ഷാര്‍ജയില്‍വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. അവിടെ ബാങ്കില്‍ ജോലി ചെയ്തു വരികയായിരുന്നു ലക്ഷ്മിക.
പി.ടി അല്‍താഫിന്റെ ഫേസ്ബുക് കുറിപ്പ്:
‘ആരോടും യാത്ര പറയാതെ ‘കാക്ക’യിലെ പഞ്ചമി സ്വര്‍ഗലോകത്തേക്ക് യാത്രയായി. മനസ് മരവിച്ചിരിക്കുന്നു. ഹൃദയം നുറുങ്ങിപ്പോകുന്നു. ഇല്ല ലക്ഷ്മിക മരിക്കില്ല. ജനകോടികളുടെ ഹൃദയത്തിലാണവള്‍ക്ക് സ്ഥാനം. ഒരുപാട് സ്വപ്നങ്ങളുമായി ജീവിച്ചവള്‍. അച്ഛന്റെയും അമ്മയുടെയും ഏക ആശ്രയം. സ്വന്തമായി ഒരു കൊച്ചു കൂര എല്ലുമുറിയെ പണിയെടുത്ത് അവള്‍ കെട്ടിപ്പടുത്തു.
കടബാധ്യത തീര്‍ക്കാനായി അഭിനയമോഹം ഉള്ളിലൊതുക്കി അവള്‍ വീണ്ടും കടല്‍ കടന്നു. പക്ഷേ വിധി അവളെ മരണത്തിന്റെ രൂപത്തില്‍ തട്ടിയെടുത്തു. ഒന്നു പൊട്ടിക്കരയാന്‍ പോലും ത്രാണിയില്ലാതെ, വീടിന്റെ വരാന്തയില്‍ തളര്‍ന്നിരിക്കുന്ന ആ അച്ഛനെ എന്തു പറഞ്ഞാശ്വസിപ്പിക്കും എന്നറിയാതെ, ഒന്നുമുരിയാടാതെ ദുഃഖം കടിച്ചമര്‍ത്തി ഞാന്‍ ആ വീട്ടില്‍ നിന്നും നിറ കണ്ണുകളോടെ പതുക്കെ നടന്നകന്നു.
അതെ, ‘കാക്ക’യിലെ പഞ്ചമിയെപ്പോലെ യഥാര്‍ഥ ജീവിതത്തിലും തന്റെ അച്ഛനെ ജീവനു തുല്യം സ്‌നേഹിച്ചിരുന്നു അവള്‍. സ്വന്തം അച്ഛനെ വിട്ട് ‘കാക്ക’യിലെ അച്ഛന്റെയും, ഒത്തിരി ഇഷ്ടമായിരുന്ന ടോണിച്ചേട്ടന്റെയും അടുത്തേക്ക് അവള്‍ യാത്രയായി. എല്ലാവരെയും കരയിച്ചു കൊണ്ട്. വിട, പ്രിയ സോദരീ…’
അദ്ദേഹം കുറിച്ചു.
അതേസമയം, അമല്‍ മോഹന്‍ തിരക്കഥയെഴുതി പ്രശാന്ത് ബി മോളിക്കല്‍ സംവിധാനം ചെയ്ത ‘കൂണ്‍’ എന്ന ത്രിലറിനൊപ്പമായിരുന്നു ലക്ഷ്മികയുടെ അഭിനയ ജീവിതം ആരംഭിച്ചത്. വിജീഷ് മണി സംവിധാനം ചെയ്ത ‘പുഴയമ്മ’ എന്ന നാടക ചിത്രത്തിലെ ദേവയാനി ടീച്ചര്‍ എന്ന കഥാപാത്രത്തിനും നല്ല പ്രതികരണങ്ങള്‍ ലഭിച്ചു. ദുല്‍ഖര്‍ സല്‍മാന്റെ ‘ഒരു യമണ്ടന്‍ പ്രേമകഥ,’ ‘പഞ്ചവര്‍ണതത്ത,’ ‘സൗദി വെള്ളക്ക,’ ‘പുഴയമ്മ,’ ‘ഉയരെ,’ ‘ഒരു കുട്ടനാടന്‍ ബ്ലോഗ്’, ‘നിത്യഹരിത നായകന്‍’ എന്നിവയായിരുന്നു നടി വേഷമിട്ട പ്രധാന സിനിമകള്‍.