ന്യൂഡല്‍ഹി: രാജ്യത്ത് മഹാരാഷ്ട്ര, കര്‍ണാടക എന്നീ രണ്ട് സംസ്ഥാനങ്ങളിലായി 44 ഇടങ്ങളില്‍ എന്‍.ഐ.എ. റെയ്ഡ്. 13 പേരെ അറസ്റ്റ് ചെയ്തതായാണ് വിവരം. രാജ്യവ്യാപകമായി ഭീകരാക്രമണത്തിന് ഐ.എസ്. പദ്ധതിയിടുന്നുവെന്ന വിവരത്തിന്റെ പശ്ചാത്തലത്തിലാണ് എന്‍.ഐ.എ. വ്യാപക റെയ്ഡ് നടത്തുന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. താനെയിലെ 9 ഇടങ്ങള്‍, പുണെയിലെ രണ്ട് ഇടങ്ങള്‍, താനെ റൂറല്‍ 31 ഇടങ്ങള്‍ എന്നിങ്ങനെയും ബെംഗളൂരുവില്‍ ഒരിടത്തുമാണ് എന്‍.ഐ.എയുടെ റെയ്ഡ് നടക്കുന്നത്. ശനിയാഴ്ച രാവിലെയോടെയായിരുന്നു റെയ്ഡ് ആരംഭിച്ചത്.
അതേസമയം, കഴിഞ്ഞ മാസം 26 ന് കേരളമടക്കം നാല് സംസ്ഥാനങ്ങളില്‍ എന്‍.ഐ.എ പരിശോധന നടത്തിയിരുന്നു. പാക് ബന്ധമുള്ള ‘ഗസ്‌വ ഇ ഹിന്ദ്’ എന്ന സംഘടനയുമായി ബന്ധപ്പെട്ടാണ് നടപടി. കേരളത്തില്‍ കോഴിക്കോടാണ് പരിശോധന നടന്നത്. പട്നയില്‍ കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. റെയ്ഡില്‍ മൊബൈല്‍ ഫോണുകള്‍, സിംകാര്‍ഡുകള്‍, വിവിധ രേഖകള്‍ എന്നിവ പിടിച്ചെടുത്തതായി എന്‍.ഐ.എ പത്രക്കുറിപ്പില്‍ അറിയിച്ചു. കോഴിക്കോടിന് പുറമെ മധ്യപ്രദേശിലെ ദേവാസ് ജില്ല, ഗുജറാത്തിലെ കിര്‍സോമദാസ് ജില്ല, ഉത്തര്‍പ്രദേശിലെ അസംഘട്ട് ജില്ല എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്.
‘ഗസ്‌വ ഇ ഹിന്ദ്’ വാട്സ്ആപ്പ് കൂട്ടായ്മയുടെ അഡ്മിനായ സാഹിര്‍ എന്ന മര്‍ഘു അഹമ്മദ് ദാനിഷിനെ ഇന്ത്യ വിരുദ്ധ ആശയം പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് എന്‍.ഐ.എ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. കഴിഞ്ഞ മാസങ്ങളില്‍ വിവിധ സംസ്ഥാനങ്ങളില്‍ സമാനമായ രീതിയില്‍ റെയ്ഡ് നടന്നിരുന്നു.