ശരീരഭാരം കുറയ്ക്കാൻ ആളുകൾ ബുദ്ധിമുട്ടുന്ന ഒരു പ്രധാന കാരണം അവരുടെ അനാരോഗ്യകരമായ ലഘുഭക്ഷണ ശീലങ്ങളാണ്. ജങ്ക് ഫുഡുകൾ കഴിക്കുന്നതിന് പകരം ഇനി മുതൽ പേരയ്ക്ക കഴിക്കുക. പേരയ്ക്കയിൽ സ്വാഭാവികമായും കലോറി കുറവാണ്.
പേരയ്ക്ക ഒരു ലഘുഭക്ഷണമായി കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കുക മാത്രമല്ല, വിറ്റാമിൻ സി, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ പോലുള്ള അവശ്യ പോഷകങ്ങൾ നൽകുകയും ചെയ്യും. മൊത്തത്തിലുള്ള ആരോഗ്യത്തിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്ന ഒരു പഴമാണ് പേരയ്ക്ക. ഇതിലെ ഉയർന്ന നാരുകൾ, കുറഞ്ഞ കലോറി, മറ്റ് അവശ്യ പോഷകങ്ങൾ എന്നിവ ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു.
പേരയ്ക്ക സ്മൂത്തിയായും ജ്യൂസായും കഴിക്കുന്നത് ആരോഗ്യത്തിന് സഹായകമാണ്. പേരയ്ക്കയിൽ ഫൈബർ, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ശരീരഭാരം കുറയ്ക്കാനുള്ള ഏത് ഭക്ഷണത്തിലും സലാഡുകൾ ഒരു പ്രധാന ഘടകമാണ്. ഇനി മുകൽ സാലഡ് തയ്യാറാക്കുമ്പോൾ പേരയ്ക്ക കൂടി ഉൾപ്പെടുത്താവുന്നതാണ്. പേരയ്ക്കയിലെ ഉയർന്ന ഫൈബർ ഉള്ളടക്കം ദഹനത്തെ സഹായിക്കുകയും വിശപ്പ് കുറയ്ക്കുന്നതിനും ഗുണം ചെയ്യും.
പേരയ്ക്ക രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും. ഇവയുടെ ഗ്ലൈസമിക് സൂചിക കുറവാണ്. അതിനാൽ പ്രമേഹരോഗികൾക്ക് പതിവായി പേരയ്ക്ക കഴിക്കാം. ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും പേരയ്ക്ക സഹായിക്കും. വിറ്റാമിൻ എ ധാരാളം അടങ്ങിയതാണ് പേരയ്ക്ക. അതിനാൽ കാഴ്ച ശക്തി കൂട്ടാനും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും പേരയ്ക്ക കഴിക്കാം.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.