HealthLIFE

മാനസികസമ്മര്‍ദ്ദം ഒരുപാട് ആരോഗ്യപ്രശ്നങ്ങള്‍ക്കും അസുഖങ്ങള്‍ക്കുമെല്ലാം കാരണമാകും; സ്ട്രെസും ആരോഗ്യവും…

മാനസികസമ്മർദ്ദം അഥവാ സ്ട്രെസ് ഒരുപാട് ആരോഗ്യപ്രശ്നങ്ങൾക്കും അസുഖങ്ങൾക്കുമെല്ലാം കാരണമാകാറുണ്ട്. ഇത് ഏവർക്കും അറിയാവുന്നതാണ്. എന്നാൽ എത്തരത്തിൽ എല്ലാമാണ് സ്ട്രെസ് നമ്മളെ ബാധിക്കുക, എങ്ങനെയാണ് അത് ദൈനംദിന ജീവിതത്തിൽ വില്ലനായി വരിക എന്നതിനെ കുറിച്ച് സൂക്ഷ്മമായ അറിവ് മിക്കവർക്കും ഇല്ല എന്നതാണ് സത്യം.

സ്ട്രെസ് പല രീതിയിലും വരാം. പല സ്രോതസുകളും സ്ട്രെസ് നൽകാം. പഠനം, ജോലി, കുടുംബം എന്നിങ്ങനെയുള്ള മേഖലകളിൽ നിന്നാണ് കൂടുതൽ പേരും സ്ട്രെസ് നേരിടുന്നത്. ഇതിൽ തന്നെ സാമ്പത്തികവിഷയവുമായി ബന്ധപ്പെട്ട് വരുന്ന സ്ട്രെസ് ആണ് ഏറ്റവും അധികം പേരിൽ കാണുക.

Signature-ad

ചെറിയ രീതിയിലുള്ള സ്ട്രെസും ഉത്കണ്ഠയുമെല്ലാം സാധാരണമാണ്. എന്നാൽ പതിവായി കടുത്ത സ്ട്രെസ് അനുഭവിക്കുന്നത് ജീവന് തന്നെ ഭീഷണിയാകുംവിധത്തിലേക്കാണ് നമ്മുടെ ആരോഗ്യത്തെ മാറ്റിമറിക്കുക. പലരും ഇത് ശ്രദ്ധിക്കാത്തതിനാൽ മാത്രം ഇതെച്ചൊല്ലിയുള്ള ആശങ്കയോ അറിവോ ഉണ്ടാകുന്നില്ല.

സ്ട്രെസും ആരോഗ്യവും…

സ്ട്രെസ് എന്നാൽ മനസിനെ മാത്രം ബാധിക്കുന്ന സാങ്കൽപികമായൊരു പ്രശ്നമായി കണക്കാക്കുന്നവരുണ്ട്. എന്നാൽ അങ്ങനെയല്ല, സ്ട്രെസ് ജൈവികമായൊരു സംഗതി തന്നെയാണ്. ഹോർമോണിനാൽ സ്വാധീനിക്കപ്പെടുന്ന, തീർത്തും ജൈവികമായ അവസ്ഥ.

ഉയർന്ന ബിപി (രക്തസമ്മർദ്ദം), ഹൃദയസംബന്ധമായ പ്രശ്നങ്ങൾ (ഹൃദയാഘാതം വരെ), സ്ട്രോക്ക് (പക്ഷാഘാതം) എന്നിങ്ങനെ ‘സീരിയസ്’ ആയ അസുഖങ്ങൾക്കും ആരോഗ്യപ്രശ്നങ്ങൾക്കുമെല്ലാം പതിവായ സ്ട്രെസ് കാരണമാകും.

ഇതിന് പുറമെ സ്ട്രെസ് മൂലം പതിവാകുന്ന ഉറക്കപ്രശ്നങ്ങളുണ്ടാക്കുന്ന അനുബന്ധ പ്രയാസങ്ങൾ – അതൊരു വിഭാഗം വേറെത്തന്നെയുണ്ടാകും. തലവേദന, പ്രമേഹം (ഷുഗർ), ആർർത്തവപ്രശ്നങ്ങൾ, ലൈംഗികപ്രശ്നങ്ങൾ എന്നിങ്ങനെ ഒരു പറ്റം അസ്വസ്ഥതകളാണ് സ്ട്രെസ് ഉത്പാദിപ്പിക്കുന്നത്.

ഉള്ള സ്ട്രെസ് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വീണ്ടും സ്ട്രെസ് കൂട്ടുക തന്നെയാണ് ചെയ്യുന്നത്. ചുരുക്കിപ്പറഞ്ഞാൽ ഒരു വ്യക്തിയ പാടെ തകർക്കുംവിധത്തിലേക്ക് ആക്കാൻ സ്ട്രെസിന് സാധിക്കും.

സ്ട്രെസ് തോത് കൂടുമ്പോൾ…

ഇന്ന് മത്സരാധിഷ്ഠിതമായ ലോകത്ത് ജീവിക്കുന്നതിൻറെ ഭാഗമായി ധാരാളം പേർ പതിവായി സ്ട്രെസ് അനുഭവിക്കുന്നുണ്ട്. ഇത് അവരുടെ വ്യക്തിജീവിതത്തെയും സാമൂഹികജീവിതത്തെയും കരിയറിനെയും വളർച്ചയെയും എല്ലാം പ്രതികൂലമായി ബാധിക്കുന്നുമുണ്ട്. എന്നാലിത് നേരത്തെ പറഞ്ഞത് പോലെ മിക്കവരും മനസിലാക്കുന്നില്ല എന്നതാണ്.

സ്ട്രെസ് ഉണ്ടാക്കുന്ന സ്രോതസുകൾ മനസിലാക്കി കഴിയുന്നിടത്തോളം അതിൽ നിന്ന് മാറുക, അല്ലെങ്കിൽ മാറി മാറി ഓരോ രീതികളും പരിശീലിച്ച് അതിനെ കൈകാര്യം ചെയ്യാൻ പഠിക്കുക, ഇതിന് വിദഗ്ധരുടെ സഹായം ആവശ്യമെങ്കിൽ തേടുക, വ്യായാമം, യോഗ, മെഡിറ്റേഷൻ, മൈൻഡ്ഫുൾനെസ് എന്നിങ്ങനെയുള്ളവയുടെ പ്രാക്ടീസ് തുടരുക എന്നീ കാര്യങ്ങളെല്ലാം ഒരു പരിധി വരെ സ്ട്രെസ് നിയന്ത്രിക്കാൻ സഹായിക്കും.

Back to top button
error: