തിരുവനന്തപുരം: യുവഡോക്ടറുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് കസ്റ്റഡിയിലായ ഡോ. റുവൈസ് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ സംഘടനാപ്രവര്‍ത്തനത്തിലും സജീവം. കേരള മെഡിക്കല്‍ പി.ജി. അസോസിയേഷന്റെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് യൂണിറ്റിന്റെ പ്രസിഡന്റായിരുന്നു ഡോ. റുവൈസ്. മാസങ്ങള്‍ക്ക് മുന്‍പ് കൊട്ടാരക്കരയില്‍ ഡോ. വന്ദനദാസിന്റെ കൊലപാതകത്തിന് പിന്നാലെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു ഇയാള്‍. അന്ന് ആരോഗ്യമന്ത്രിയുടെ വിവാദപരാമര്‍ശത്തിനെതിരേ റുവൈസ് നടത്തിയ പ്രസംഗവും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
കഴിഞ്ഞദിവസം ഡോ. ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട് ഇയാള്‍ കസ്റ്റഡിയിലായതിന് പിന്നാലെ ഈ വീഡിയോ വീണ്ടും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അന്ന് ആരോഗ്യമേഖലയിലെ സുരക്ഷാപ്രശ്നം അടക്കം ചൂണ്ടിക്കാട്ടി ഭരണകൂടത്തിനെതിരേ ആഞ്ഞടിച്ച യുവഡോക്ടറാണ് ഇന്ന് 150 പവനും 15 ഏക്കറും ബി.എം.ഡബ്യൂ. കാറും സ്ത്രീധനമായി ചോദിച്ച് ഒരു വനിതാ ഡോക്ടറെ മരണത്തിലേക്ക് തള്ളിവിട്ടതെന്നാണ് ശ്രദ്ധേയം.
കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ഡോ. റുവൈസ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓര്‍ത്തോ വിഭാഗത്തിലാണ് പി.ജി. ചെയ്തിരുന്നത്. ജീവനൊടുക്കിയ ഡോ. ഷഹന സര്‍ജറി വിഭാഗത്തിലും. മെഡിക്കല്‍ കോളേജിലെ സംഘടനാപ്രവര്‍ത്തനത്തിലടക്കം സജീവമായ റുവൈസിനെപ്പറ്റി ഷഹനയ്ക്ക് നല്ല മതിപ്പായിരുന്നുവെന്നാണ് സഹോദരന് വ്യാഴാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചത്. അസോസിയേഷന്റെ പ്രസിഡന്റായിരുന്ന റുവൈസിനെ അങ്ങനെയാണ് ഷഹന പരിചയപ്പെടുന്നതെന്നും യുവതിയുടെ സഹോദരന് ജാസിം നാസ് പറഞ്ഞിരുന്നു.
ഡോ. റുവൈസ് സാമൂഹികമാധ്യമങ്ങളിലും സജീവമായിരുന്നു. ബുധനാഴ്ച വൈകിട്ടുവരെ ഇയാളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പബ്ലിക്കായിരുന്നു. എന്നാല്‍, പോലീസ് കേസെടുത്തെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പ്രൈവറ്റാക്കി. ഒപ്പം അക്കൗണ്ടിലെ ഡി.പിയും നീക്കംചെയ്തു. മൊബൈല്‍ ഫോണിലെ ചാറ്റുകളടക്കം ഇയാള്‍ നീക്കം ചെയ്തിട്ടുണ്ടെന്നാണ് വിവരം. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് ഇതെല്ലാം വീണ്ടെടുത്തേക്കും. കേസില്‍ പ്രതിയായതോടെ റുവൈസിനെ പി.ജി. അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കംചെയ്തിട്ടുണ്ട്.
തിങ്കളാഴ്ച രാത്രിയാണ് മെഡിക്കല്‍ കോളേജിന് സമീപത്തെ ഫ്ളാറ്റില്‍ ഷഹനയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. രാത്രി സര്‍ജറി ഐ.സി.യു.വില്‍ ഡ്യൂട്ടിക്ക് വരേണ്ട ഷഹന എത്താത്തതിനാല്‍ സഹപാഠികള്‍ അന്വേഷിച്ചെത്തുകയായിരുന്നു. തുടര്‍ന്ന് പോലീസിനെ വിളിച്ച് മുറിതുറന്നതോടെയാണ് ഷഹനയെ അബോധാവസ്ഥയില്‍ കണ്ടത്. ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
വെഞ്ഞാറമൂട് മൈത്രി നഗര്‍ ജാസ് മന്‍സിലില്‍ പരേതനായ അബ്ദുള്‍ അസീസിന്റെയും ജമീലയുടെയും മകളാണ് ഷഹന. ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കല്‍ കോളേജില്‍നിന്ന് എം.ബി.ബി.എസ്. പൂര്‍ത്തിയാക്കിയശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗത്തില്‍ 2022 ബാച്ചിലാണ് പി.ജി.ക്ക് പ്രവേശനം നേടിയത്. രണ്ടുവര്‍ഷം മുന്‍പായിരുന്നു ഷഹനയുടെ പിതാവ് അബ്ദുള്‍ അസീസ് മരിച്ചത്.