സലാല: വാഹനാപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം മൂന്നിയൂര്‍ ആലിന്‍ചുവടിലെ തട്ടാഞ്ചേരി യൂനുസ് (40) ആണ് മരിച്ചത്. നവംബര്‍ 26ന് ആണ് അപകടം സംഭവിച്ചത്. സലാല ടൗണില്‍ അല്‍ മശൂറിന് സമീപം യൂനുസ് സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനത്തില്‍ തട്ടിയാണ് അപകടം സംഭവിച്ചത്.
അപകടത്തിന് ശേഷം പക്ഷാഘാതം ബാധിച്ച യൂനുസ് ഒരാഴ്ചയായി സുല്‍ത്വാന്‍ ഖബൂസ് ആശുപത്രിയിലെ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു. ഇന്ന് (ഞായർ) രാവിലെയാണ് മരണം സംഭവിച്ചത്. 2007 മുതല്‍ സലാലയില്‍ മാര്‍ക്കറ്റിങ് മേഖലയില്‍ ജോലി ചെയ്തുവരികയായിരുന്ന യൂനുസിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്. സുല്‍ത്വാന്‍ ഖബൂസ് ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം നിയമനടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.