KeralaNEWS

അനുപമ ഒടുവിൽ അഴിക്കുള്ളിൽ,   യൂട്യൂബിൽ 5 ലക്ഷം വരിക്കാരുള്ള സോഷ്യൽ മീഡിയ താരത്തിന് പ്രതിമാസം 5 ലക്ഷം രൂപ വരെ വരുമാനം; പക്ഷേ 10 ലക്ഷം നേടാൻ കുട്ടിയെ തട്ടിക്കൊണ്ടു പോയ കഥയിൽ പൊരുത്തക്കേടുകൾ പലത്

      ഓയൂരിലെ 6  വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ റിമാന്റിലായ അമ്മ അനിതകുമാരിക്കൊപ്പം  ഏക മകൾപി അനുപമയും  അട്ടകുളങ്ങര വനിതാ സബ് ജയിലിൽ. ഒന്നാം പ്രതിയായ പത്മകുമാർ തിരുവനന്തപുരം സെൻട്രൽ ജയിലിലാണ്.  കേസന്വേഷണം അതിവേഗം പൂർത്തിയാക്കി 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. അങ്ങനെയെങ്കിൽ ഇവർക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത വളരെ വിരളമാണ്.

കേസിലെ മൂന്നാം പ്രതി പി.അനുപമയ്ക്ക് യൂട്യൂബ് വീഡിയോകളില്‍നിന്നും പ്രതിമാസം 4 മുതല്‍ 5ലക്ഷം രൂപവരെ വരുമാനം വരുമാനം ലഭിച്ചിരുന്നു എന്ന് പൊലീസ് പറയുന്നു.
‘അസ്സലായിട്ട് ഇംഗ്ലീഷ് പറയുന്ന കുട്ടിയാണ്. ബി.എസ്.സി കംപ്യൂട്ടര്‍ സയന്‍സിന് അനുപമ ചേര്‍ന്നിരുന്നെങ്കിലും കോഴ്‌സ് പൂര്‍ത്തിയാക്കിയില്ല. എല്‍എല്‍.ബി. ചെയ്യണം എന്നായിരുന്നു ആഗ്രഹം. ആ സമയത്താണ് യൂട്യൂബിലേക്ക് വരുന്നത്. അതില്‍നിന്നു വരുമാനം കിട്ടിത്തുടങ്ങിയതോടെ ശ്രദ്ധ അതിലായി. എന്നാല്‍ ജൂലായില്‍ ആ  ചാനൽ, ഉള്ളടക്ക നിയന്ത്രണത്തിന്റെ ഭാഗമായി ഡീമൊണിറ്റൈസ് ചെയ്തു. ഇതോടെ വരുമാനം നിലച്ചു. പക്ഷേ മൂന്നുമാസം കഴിയുമ്പോൾ അതു വീണ്ടും മോണിറ്റൈസ് ചെയ്യും. തട്ടിക്കൊണ്ടുപോകലിനോട് അതുവരെയുണ്ടായിരുന്ന എതിര്‍പ്പ് മാറ്റിയത് അതോടെയാണ്’. ഇങ്ങനെ പോകുന്നു പൊലീസ് കഥകൾ.

Signature-ad

തെരുവുനായ്ക്കളെ ദത്തെടുക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്താനും അവരുടെ ക്ഷേമത്തിനായി ഉപയോഗിക്കാനും എന്നാണ് സ്വന്തം പേരിലെ വെബ്‌സൈറ്റ് അനുപമ പരിചയപ്പെടുത്തുന്നത്. പോലീസിനോടുള്ള മൊഴിയുടെ അടിസ്ഥാനത്തില്‍ വലിയ സാമ്പത്തിക ബാധ്യതകളിലൂടെ കടന്നുപോകുകയായിരുന്നെന്നു പറയുന്ന സമീപകാലത്തും അനുപമയും കുടുംബവും തെരുവുനായ്ക്കളെ ദത്തെടുത്തു വീട്ടിലെത്തിച്ചിരുന്നു. 27 നായ്ക്കള്‍ തനിക്കുണ്ടെന്നാണ് അനുപമ വെബ്‌സൈറ്റില്‍ പറയുന്നത്. സമീപകാലത്ത് വളര്‍ത്തുനായ്ക്കളോട് ക്രൂരത കാട്ടിയ സംഭവങ്ങളും എടുത്തുപറയുന്നു. തെരുവുനായ്ക്കള്‍ക്കായി ഒരു അഭയകേന്ദ്രം നിര്‍മിക്കുകയാണ് ലക്ഷ്യമെന്നും വെബ്‌സൈറ്റിൽ   പറയുന്നുണ്ട്. കാണുന്നവര്‍ക്ക്, ഇതിലേക്കുള്ള ചെലവുകള്‍ക്കും പരിപാലനത്തിനുമായി സംഭാവനകള്‍ അയയ്ക്കാനുള്ള വിവരങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.

മൂന്നാം പ്രതി അനുപമ പദ്മന്‍ എന്ന യൂട്യൂബര്‍ സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരുന്നു. അഞ്ചുലക്ഷത്തിലേറെ വരിക്കാരുള്ള ചാനലുള്‍പ്പെടെ മൂന്ന് യൂട്യൂബ് ചാനലുകളും 15,000-ലേറെപ്പേര്‍ പിന്തുടരുന്ന വെരിഫൈഡ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടും നിരന്തരം വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്തിരുന്ന വെബ്‌സൈറ്റ്, എക്‌സ്, പാട്രീയോണ്‍ തുടങ്ങിയ അക്കൗണ്ടുകളും അനുപമയ്ക്കുണ്ടായിരുന്നു.

കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിനു തൊട്ടുമുമ്പുള്ള ദിവസംപോലും യൂട്യൂബില്‍ അനുപമ ഷോര്‍ട്‌സ് അപ്ലോഡ് ചെയ്തിരുന്നു. 2022 ഏപ്രിലിലാണ് അനുപമ യൂട്യൂബ് ചാനല്‍ തുടങ്ങുന്നത്. കേവലം ഒന്നര വർഷം കൊണ്ട് 4,98,000 സബ്‌സ്‌ക്രൈബര്‍മാരാണ് അനുപമ  പിടിയിലായ വെള്ളിയാഴ്ച രാത്രിവരെ ഇവര്‍ക്കുണ്ടായിരുന്നത്. 381 വീഡിയോകള്‍ ഇതിനോടകം പോസ്റ്റ് ചെയ്തിട്ടുണ്ട്. പിടിയിലായ  ഒറ്റദിവസം കൊണ്ട് 10,000 സബ്‌സ്‌ക്രൈബര്‍മാര്‍ കൂടി.

അന്താരാഷ്ട്ര മോഡലുകള്‍, ഹോളിവുഡ് സെലിബ്രിറ്റിമാര്‍, പോപ്പ് ഗായകര്‍ തുടങ്ങിയവരുടെ വീഡിയോകളുടെയും പോസ്റ്റുകളുടെയും അവരെപ്പറ്റിയുള്ള വാര്‍ത്തകളുടെയും പ്രതികരണ വീഡിയോകളാണ് അനുപമ ചെയ്തിരുന്നത്. ഏഴുകോടിയിലേറെപ്പേര്‍വരെ കണ്ട ഷോര്‍ട്‌സുകള്‍ കൂട്ടത്തിലുണ്ട്. പൂര്‍ണമായും ഇംഗ്ലീഷിലാണ് വീഡിയോകൾ തയ്യാറാക്കിയിരുന്നത്.

5 ലക്ഷം രൂപ വരെ സാമൂഹിക മാധ്യമങ്ങളിലൂടെ വരുമാനം ഉണ്ടാക്കിയിരുന്ന കുടുംബം 10 ലക്ഷം രൂപയ്ക്കുവേണ്ടി കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നത് പൊലീസിലെ തന്നെ ഉദ്യോഗസ്ഥര്‍ക്കും അവിശ്വസനീയമാണ്.

Back to top button
error: