SportsTRENDING

കാണികളില്ല; കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിന്റെ ഭാവിയെന്താകും?

തിരുവനന്തപുരം  ജില്ലയിൽ കാര്യവട്ടത്ത് സ്ഥിതി ചെയ്യുന്ന ഒരു അന്താരാഷ്ട്ര സ്റ്റേഡിയമാണ്  ഗ്രീൻഫീൽഡ് സ്റ്റേഡിയം. ഇന്ത്യയിലെ ആദ്യത്തെ DBOT (design, build, operate and transfer) സ്റ്റേഡിയമാണിത്. 55000  കാണികളെ ഉൾക്കൊള്ളുവാൻ ശേഷിയുള്ള സ്റ്റേഡിയമാണിത്.
 
240 കോടി രൂപ മുടക്കി നിർമ്മിച്ച ഈ‌ സ്റ്റേഡിയം 2015 ജനുവരി 26-നാണ് തുറന്നു കൊടുത്തത്.തുടർന്ന് 2015 ലെ ദേശീയ ഗെയിംസിനും 2015 സാഫ് ചാമ്പ്യൻഷിപ്പിനും ഈ സ്റ്റേഡിയം വേദിയായി.കേരള സർവ്വകലാശാല പാട്ടത്തിനെടുത്ത 36 ഏക്കർ സ്ഥലത്താണ് സ്റ്റേഡിയം നിർമ്മിച്ചിരിക്കുന്നത്.
 
ഗ്രീൻഫീൽഡ് സ്റ്റേഡിയം ആദ്യ 15 വർഷത്തേക്ക് അത് നിർമ്മിച്ച കമ്പനി(കാര്യവട്ടം സ്പോർട്സ് ഫെസിലിറ്റീസ് ലിമിറ്റഡ് ) തന്നെയാണ് പ്രവർത്തിപ്പിക്കുന്നത്. തുടർന്ന്  കേരള സർവകലാശാലയ്ക്ക് കൈമാറും.പ്രതിവർഷം 94 ലക്ഷം രൂപയാണ് പാട്ടമായി ഈയിനത്തിൽ സർവകലാശാലയ്ക്ക് ലഭിക്കുക.
 
 
കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ – ഓസ്‌ട്രേലിയ മത്സരം ഉൾപ്പെടെ ആറ് ക്രിക്കറ്റ് മത്സരങ്ങളാണ് ഇതിനകം ഇവിടെ നടന്നത്.ഇതിൽ അഞ്ചിലും ഇന്ത്യയ്‌ക്കൊപ്പമായിരുന്നു വിജയം. രണ്ട് ഏകദിനങ്ങളിലും മൂന്ന് ട്വന്റി20കളിലും ഇന്ത്യ ഇവിടെ വിജയിച്ചു.ഒരു ട്വന്റി20യില്‍ മാത്രമാണ് ഇന്ത്യന്‍ സംഘം ഗ്രീന്‍ഫീല്‍ഡില്‍ പരാജയപ്പെട്ടത്.

2019-ല്‍ വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന ട്വന്റി 20 മത്സരത്തിലാണ് ഇന്ത്യ പരാജയപ്പെട്ടത്.കഴിഞ്ഞ ജനുവരിയില്‍ ഇവിടെ ശ്രീലങ്കയെ 317 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ റെക്കോഡും സ്ഥാപിച്ചിരുന്നു.എന്നാൽ അന്ന് നാണക്കേടിന്റെ മറ്റൊരു റെക്കോഡും കാര്യവട്ടം സ്‌റ്റേഡിയത്തിൽ പിറന്നിരുന്നു – വെറും 6,201 ടിക്കറ്റുകളാണ് അന്ന് വിറ്റുപോയത്.

Signature-ad

55000 സീറ്റുകളുള്ള കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കോംപ്ലിമെന്ററി പാസുകളടക്കം അന്ന് ആകെ കളികണ്ടത് 16,210 പേരാണ് ! കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ – ഓസ്‌ട്രേലിയ ടി20 യിലും സ്ഥിതി സമാനമായിരുന്നു.വിറ്റുപോയത് പതിനായിരത്തിനടുത്ത് ടിക്കറ്റുകള്‍ മാത്രം.കാണികള്‍ കുറയുന്നത് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ ഭാവിയെ തന്നെ ബാധിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയമില്ല.

ഇന്ത്യ-ഓസ്ട്രേലിയ ടി20 മത്സരം കാണാനും ആളില്ലാതായതോടെ കാര്യവട്ടം സ്‌റ്റേഡിയത്തില്‍ ഇനി അന്താരാഷ്ട്ര മത്സരങ്ങള്‍ അനുവദിച്ചു കിട്ടാൻ സാധ്യത കുറവാണെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡണ്ട് ജയേഷ് ജോർജ്ജും സെക്രട്ടറി വിനോദ് എസ് കുമാറും പറയുന്നു.സ്റ്റേഡിയത്തിലെ ഒന്ന് രണ്ട് പവലിയനുകള്‍ ഒഴിച്ച്‌ മിക്ക ഇടങ്ങളിലെയും സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയായിരുന്നു.ടിക്കറ്റ് വില കുറച്ചിട്ടും കൂടുതല്‍ കാണികളെത്താതിരുന്നത്  സംഘാടകര്‍ക്ക് തിരിച്ചടിതന്നെയാണ്.ഇതിനിടെ കാര്യവട്ടത്തിന് അനുവദിക്കപ്പെട്ട ഏകദിന ലോകകപ്പ് ക്രിക്കറ്റ് സന്നാഹ മത്സരങ്ങള്‍ മഴ കാരണം മുടങ്ങുകയും ചെയ്തിരുന്നു.

ഐസിസിയുടെയും ഫിഫയുടെയും പ്രത്യേകതകൾക്കനുസൃതമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ സ്റ്റേഡിയം, അന്താരാഷ്ട്ര കായിക ലോകത്തെ സംസ്ഥാനത്തേക്ക് കൊണ്ടുവരാൻ ലക്ഷ്യമിടുന്ന ഒരു അതുല്യ പൊതു സ്വകാര്യ പങ്കാളിത്ത സംരംഭമാണ്. സോളാർ പാനലുകളുടെ വിപുലമായ ഉപയോഗം, മഴവെള്ള സംരക്ഷണം, ലാൻഡ്‌സ്‌കേപ്പുമായി ലയിക്കുന്ന തനതായ നിർമ്മാണ ശൈലി എന്നിവ ഉൾപ്പെടെ നിരവധി പരിസ്ഥിതി സൗഹൃദ സംരംഭങ്ങൾ  ഉൾക്കൊള്ളിച്ചുകൊണ്ടായിരുന്നു സ്‌റ്റേഡിയത്തിന്റെ നിർമ്മാണം.

അള്‍ട്രാ വയലറ്റ് രശ്മികളെ തടയുന്ന ലോകോത്തര നിലവാരമുള്ള റൂഫിങ് ടെന്‍സൈല്‍ ഫാബ്രിക് കൊണ്ടാണ് മേല്‍ക്കുരയുടെ നിര്‍മ്മാണം.55000 കാണികള്‍ക്ക് ഇരുന്ന് കളി കാണാനുള്ള ഗാലറിയാണ് സ്റ്റേഡിയത്തില്‍ നിര്‍മ്മിച്ചിരിക്കുന്നത്. മൂന്ന് തട്ടുകളിലായി ആറുലക്ഷം ചതുരശ്രയടി വിസ്തീര്‍ണമാണ് ഇതിനുള്ളത്. ഗാലറിക്ക് 52 അടി വീതിയും ഗ്രൗണ്ടിന് 120 മീറ്റര്‍ വ്യാസവും ഉണ്ട്. ഏതാണ്ട് അമ്പത് ശതമാനമാണ് മേല്‍ക്കൂര ഗാലറിയെ മറയ്ക്കുന്നത്.

ഡി.ബി.ഒ.ടി. (ഡിസൈന്‍ ബില്‍ഡ് ഓപറേറ്റ് ട്രാന്‍സ്ഫര്‍) പ്രകാരമാണ് സ്റ്റേഡിയം നിലവില്‍ വന്നിരിക്കുന്നത്. അതായത് 15 വര്‍ഷത്തേക്ക് സ്റ്റേഡിയത്തിന്റെ നടത്തിപ്പും പരിപാലനവും നിര്‍മ്മാണ കമ്പനിക്കായിരിക്കും. രാജ്യത്തെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ ഐ.എല്‍. ആന്‍ഡ് എഫ്.എസ്സാണ് സ്റ്റേഡിയം നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനായി കാര്യവട്ടം സ്‌പോര്‍ട്‌സ് ഫെസിലിറ്റി ലിമിറ്റഡ് എന്ന ഉപ കമ്പനിക്ക് ഐ.എല്‍.എഫ്. എസ്. രൂപം നല്‍കിയിട്ടുണ്ട്.
 
ഘട്ടം ഘട്ടമായി പണം ഈടാക്കുന്ന ആന്വിറ്റി മാതൃകയില്‍ രൂപം കൊള്ളുന്ന ആദ്യത്തെ സ്റ്റേഡിയം കൂടിയാണിത്. 13 വാര്‍ഷിക ഗഡുക്കളായിട്ട് നിര്‍മ്മാണച്ചെലവും പലിശയും സര്‍ക്കാര്‍ കമ്പനിക്ക് നല്‍കണമെന്നാണ് വ്യവസ്ഥ. 2027ഓടെ ഗഡുക്കള്‍ അടച്ചു തീരുമ്പോള്‍ ഏതാണ്ട് 400 കോടി രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കമ്പനിക്ക് ലഭിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ഈ കാലയളവില്‍ സ്റ്റേഡിയത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ പത്ത് ശതമാനം സര്‍ക്കാറിന് ലഭിക്കും. 15 വര്‍ഷത്തെ കാലാവധിക്ക് ശേഷം സ്റ്റേഡിയം കേരള സര്‍വകലാശാലയ്ക്ക് കൈമാറും.
 
എന്നാൽ ഗ്രൗണ്ട് ഉടമ വൻ തുക വാടകയായി ആവശ്യപ്പെട്ടതിനെ തുടർന്ന് ഇന്ത്യയും ഗ്വാമും തമ്മിലുള്ള ഫിഫ ലോകകപ്പ് യോഗ്യത മത്സരം കാര്യവട്ടത്തുനിന്നും  ബംഗളൂരുവിലേക്ക് മാറ്റിയെന്ന വാർത്ത ഒരുപക്ഷേ കേരളത്തിലെ ഫുട്ബോൾ പ്രേമികളെയെങ്കിലും  തെല്ലൊന്ന് ഞെട്ടിച്ചിട്ടുണ്ടാവും. ഒരു റിപ്പബ്ലിക്കായി പോലും പ്രഖ്യാപിച്ചിട്ടില്ലാത്ത ഗ്വാമും ഇന്ത്യൻ ടീമും തമ്മിലുള്ള മത്സരത്തിൽ സാക്ഷിയാവാനുള്ള അവസരം നഷ്ടപ്പെട്ടതു കൊണ്ട് മാത്രമല്ല, ഫിഫാ ഭൂപടത്തിൽ ഈ കൊച്ചു കേരളത്തിന് സ്ഥാനംപിടിക്കാനുള്ള അവസരം കൈവന്നപ്പോൾ സംസ്ഥാന സർക്കാരും കേരള ഫുട്ബോൾ അസോസിയേഷനും കായിക മേഖലയിലെ പുതിയ അവതാരമായ ഗ്രൗണ്ട് ഉടമയും എത്ര ലാഘവത്തോടെയാണ് അത് കൈകാര്യം ചെയ്തത് എന്നതാവണം കായികപ്രേമികളെ കൂടുതൽ ഞെട്ടിച്ചിട്ടുണ്ടാവുക.
 
2015  നവംബർ 12ന് ഇന്ത്യയും ഗ്വാമും തമ്മിലുള്ള ലോകകപ്പ് ഫുട്ബാൾ യോഗ്യതാ മത്സരം കാര്യവട്ടം സ്‌റ്റേഡിയത്തിൽ നടത്താനാണ് തീരുമാനിച്ചിരുന്നത്.എന്നാൽ ഗ്രൗണ്ട് ഉടമ 32 ലക്ഷം രൂപ വാടകയായി ആവശ്യപ്പെട്ടതിനാൽ ഈ തുക തങ്ങൾക്ക് താങ്ങാവുന്നതിലും അധികമാണെന്ന് ചൂണ്ടിക്കാട്ടി കേരള ഫുട്ബോൾ അസോസിയേഷൻ കൈയൊഴിയുകയായിരുന്നു.
ഒരു ഫിഫ മത്സരം കേരളത്തിന് നഷ്ടമായി എന്നതിന് പുറമെ ഈ സംഭവം കാര്യവട്ടം സ്റ്റേഡിയം സംബന്ധിച്ച് ചില അടിസ്ഥാനപരമായ ചോദ്യങ്ങൾ കേരള ജനതയ്ക്ക് മുന്നിൽ ഉയർത്തുന്നുണ്ട്. സംസ്ഥാനത്തിന്റെ കായിക വളർച്ചയ്ക്ക് വലിയ മുതൽക്കൂട്ടായിരിക്കുമെന്ന് പ്രഖ്യാപിച്ച് കൊട്ടിഘോഷിച്ച് നടപ്പാക്കിയ ഈ സ്റ്റേഡിയം ഫലത്തിൽ ആരുടെ വളർച്ചയാണ് ലക്ഷ്യമിടുന്നത്?
13 ഗഡുക്കളായി 400.8 കോടി രൂപ സംസ്ഥാന സർക്കാർ കമ്പനിക്ക് തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയുള്ളപ്പോഴായിരുന്നു ഇതെന്ന് ഓർക്കണം.ഈ‌ സ്‌റ്റേഡിയത്തിൽ ഏറ്റവും കൂടുതൽ ആളുകളെത്തിയിട്ടുള്ളതും ഫുട്ബോൾ മത്സരം കാണാനാണ്.2015 ൽ നടന്ന സാഫ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനലിൽ.48,500 കാണികളായിരുന്നു ഇവിടെ തടിച്ചുകൂടിയത് .അഫ്ഗാനിസ്ഥാനെ അന്ന് 2-1ന് തോൽപ്പിച്ച് ഇന്ത്യ ചാമ്പ്യന്മാരുമായി. 
അതെ,സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടികള്‍ ഒഴുകുമ്പോള്‍ നാടിന്റെ കായിക വളര്‍ച്ചയ്ക്ക് ഈ സ്‌റ്റേഡിയം എന്ത് സംഭാവനയാണ് നല്‍കാന്‍ പോവുന്നതെന്ന ചോദ്യം മാത്രം ഇവിടെ ബാക്കിയാകുകയാണ് !
 

Back to top button
error: