തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ ശിക്ഷയില്‍ പരമാവധി ഇളവ് വേണമെന്ന് പ്രതിഭാഗം. കേസില്‍ വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ വാദത്തെ എതിര്‍ത്ത പ്രതിഭാഗം, എങ്ങനെ വധശിക്ഷ നല്‍കാനാകുമെന്നും കേസില്‍ സാഹചര്യത്തെളിവുകള്‍ മാത്രമേയുള്ളൂവെന്നും വാദിച്ചു. ഷാരോണ്‍ വധക്കേസിലെ ശിക്ഷാവിധിക്ക് മുമ്പ് നടന്ന വാദത്തിലാണ് പ്രതിഭാഗം ഇക്കാര്യം വ്യക്തമാക്കിയത്.
ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ശിക്ഷാവിധിക്ക് മുമ്പുള്ള വാദം ആരംഭിച്ചത്. കേസിലെ ഒന്നാംപ്രതിയായ ഗ്രീഷ്മയോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചു. തുടര്‍ന്ന് ഗ്രീഷ്മ കാര്യങ്ങള്‍ എഴുതിനല്‍കി. ഗ്രീഷ്മയെ ചേംബറിനടുത്തേക്ക് വിളിപ്പിച്ച കോടതി, കാര്യങ്ങള്‍ നേരിട്ട് ചോദിച്ചറിയുകയും ചെയ്തു.
ഇനിയും പഠിക്കണമെന്നും ശിക്ഷയില്‍ പരമാവധി ഇളവ് വേണമെന്നുമായിരുന്നു ഗ്രീഷ്മ കോടതിയോട് പറഞ്ഞത്. 24 വയസ്സേ പ്രായമുള്ളൂ. ഇനിയും പഠിക്കണം. പ്രായം പരിഗണിച്ച് ശിക്ഷയില്‍ പരമാവധി ഇളവുവേണം. തനിക്ക് മറ്റുക്രിമിനല്‍ പശ്ചാത്തലമില്ലെന്നും ഗ്രീഷ്മ കോടതിയില്‍ പറഞ്ഞു. വിദ്യാഭ്യാസരേഖകളും കോടതിക്ക് കൈമാറി.
പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ വാദത്തെ കോടതിയില്‍ ചോദ്യംചെയ്ത പ്രതിഭാഗം, വിചാരണഘട്ടത്തില്‍ ഗ്രീഷ്മ ആത്മഹത്യ പ്രവണത കാണിച്ചിരുന്നതായും പറഞ്ഞു. ഷാരോണുമായുള്ള ബന്ധത്തില്‍നിന്ന് രക്ഷപ്പെടാന്‍ ഗ്രീഷ്മ പലതവണ ശ്രമിച്ചിരുന്നു. പക്ഷേ, ബന്ധം ഉപേക്ഷിക്കാന്‍ ഷാരോണ്‍ കൂട്ടാക്കിയില്ല. ഗ്രീഷ്മയുടെ സ്വകാര്യദൃശ്യങ്ങള്‍ കാണിച്ച് ഷാരോണ്‍ ഭീഷണിപ്പെടുത്തി. കിടപ്പുമുറിയിലെ ദൃശ്യങ്ങള്‍പോലും ഷാരോണ്‍ പകര്‍ത്തി. ഒരുസ്ത്രീക്ക് സഹിക്കാവുന്നതിലും അപ്പുറമുള്ള കാര്യങ്ങളാണ് ഷാരോണ്‍ ചെയ്തതെന്നും പ്രതിഭാഗം വാദിച്ചു.
ഗ്രീഷ്മയ്ക്ക് ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം ഷാരോണ്‍ ഉണ്ടാക്കിയെന്നും ഷാരോണിന് സാമൂഹികവിരുദ്ധ പശ്ചാത്തലമുണ്ടെന്നും പ്രതിഭാഗം ആരോപിച്ചു. ശിക്ഷയില്‍ പരമാവധി ഇളവുവേണം. പ്രതിയെ മാനസാന്തരപ്പെടുത്തി പുനഃരധിവാസം ഉറപ്പാക്കാനുള്ള കടമ കൂടി സമൂഹത്തിനുണ്ടെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു.