ആ സംഭവത്തിന് ശേഷം ഇന്നുവരെ അനൂപ് സത്യന് കല്യാണം കഴിക്കാന്‍ സാധിച്ചില്ല! സുഹൃത്തിന്റെ എഴുത്ത് വൈറല്‍
സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ എന്നതിലുപരി മലയാളത്തിലെ യുവസംവിധായകനാണ് അനൂപ് സത്യന്‍. സുരേഷ് ഗോപി, ശോഭന, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയാണ് അനൂപ് സംവിധാനം ചെയ്തത്.
ഇപ്പോഴിതാ അനൂപിനെ കുറിച്ച് രസകരമായൊരു എഴുത്തുമായിട്ട് എത്തിയിരിക്കുകയാണ് സുഹൃത്ത് അനുരഞ്ജന്‍. തന്റെ കല്യാണത്തിന് പോകുമ്പോള്‍ ഉണ്ടായ പ്രശ്നങ്ങളും പെണ്ണിന്റെ വീട്ടുകാര്‍ വരനെന്ന് തെറ്റിദ്ധരിച്ചത് അനൂപിനെയാണെന്നും സുഹൃത്ത് പറയുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം…
’10 വര്‍ഷങ്ങള്‍ക്കു മുന്‍പ് തൃശൂര്‍, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകള്‍ മൊത്തത്തില്‍ കല്യാണം ആലോചിച്ച എനിക്ക് അവസാനം കോഴിക്കോടിന്റെ അറ്റത്ത്, മാഹിയുടെ തൊട്ടടുത്ത് കുഞ്ഞിപ്പള്ളിയില്‍ നിന്ന് ഒരാളെ കിട്ടി. ശ്രുതി ഡെന്റിസ്റ്റ് ആണ്. കല്യാണ ദിവസം ഇത്രയും ദൂരം ഡ്രൈവ് ചെയ്യുന്നത് കല്യാണചെക്കന് നല്ലതല്ല എന്ന് സുഹൃത്ത് അനൂപ് സത്യന്റെ ഉപദേശം.
180 km ഡ്രൈവിംഗ് ജോലി അപ്പോള്‍ തന്നെ അനൂപിനെ ഏല്‍പ്പിച്ചു. കല്യാണ ദിവസം ഒരു വൈറ്റ് ഷര്‍ട്ടുമിട്ടു ഡ്രൈവ് ചെയ്യാന്‍ വന്ന അനൂപിനെ കണ്ടു, ബന്ധുക്കളെയും, നാട്ടുകാരെയും തള്ളി നിറച്ച ടൂറിസ്ററ് ബസിലെ ഡ്രൈവര്‍ ചേട്ടനു വരെ കുശുമ്പ് വന്നു. കറക്റ്റ് ഒരു പ്രൊഫെഷണല്‍ ഡ്രൈവറുടെ ലുക്ക് രാവിലെ കൃത്യം 6 മണിക്ക് വാടാനപ്പള്ളിയില്‍ നിന്ന് മാഹിയിലേക്ക്. കാറിന്റെ മുന്‍ സീറ്റില്‍ ഞെളിഞ്ഞു ഇരുന്നു ഞാന്‍ യാത്ര തുടങ്ങി. പുറകില്‍ അമ്മ, ചേച്ചി (ചേട്ടന്റെ ഭാര്യ), ചേട്ടന്റെ മോള്‍. ആ യാത്ര മലപ്പുറം താനൂര്‍ എത്തിയപ്പോള്‍ പുറകിലെ സീറ്റില്‍ നിന്നും അമ്മ എന്നെ തോണ്ടി വിളിക്കുന്നു.
തിരിഞ്ഞു നോക്കിയപ്പോള്‍ അമ്മയുടെ മുഖത്തു ഒരു പ്രത്യേക തരം മുഖഭാവം. ഉടന്‍ കാര്‍ റോഡ്സൈഡില്‍ ഒതുക്കുന്നു. ശര്‍ദ്ദിക്കാന്‍ വരുന്നുണ്ട് എന്ന് അമ്മ കൈ കൊണ്ട് കാണിക്കുന്നു. ഡോര്‍ തുറന്നു അമ്മ പുറത്തേക്കു ഇറങ്ങി. വെള്ളം വാങ്ങാന്‍ അടുത്ത കടയിലേക്ക് ഞാന്‍ ഓടി. വെള്ളം വാങ്ങി തിരിച്ചു വരുമ്പോള്‍, കല്യാണ്‍ സില്‍ക്സില്‍ നിന്നു 4 മണിക്കൂര്‍ സമയം ചിലവിട്ടു അമ്മ സെലക്ട് ചെയ്തതും, 2 മണിക്കൂര്‍ കൊണ്ട് ബ്യുട്ടീഷന്‍ ബീന ചേച്ചി ഉടുപ്പിച്ചു കൊടുത്തതും ആയ നല്ല അസ്സല് പട്ടുസാരിയും ഉടുത്തു അമ്മ റോഡ് സൈഡിലെ മണ്ണില്‍ കിടക്കുന്നു.
ബോധം പോയ അമ്മയെ പൊക്കിയെടുത്തു കാറില്‍ കയറ്റി. ഇത് കണ്ട് ഓടിവന്ന മോര്‍ണിംഗ് വാക്ക് ചേട്ടന്‍ 5 മിനിറ്റ് ആലോചിച്ചതിനു ശേഷം ഒന്നും പറയാതെ നേരെ നടന്നു പോയി. ഞാന്‍ എന്തെങ്കിലും പറയേണ്ട സമയം ആയി എന്ന് എനിക്ക് മനസിലായി. ‘അനൂപേ.. ഹോസ്പിറ്റലിനു മുന്നില്‍ അല്ലാതെ ഈ കാര്‍ നില്‍ക്കരുത്, സ്പീഡ് ഒരു വിഷയം അല്ല’ 100-110 സ്പീഡില്‍ കാര്‍ മുരണ്ടു പാഞ്ഞു. അതെ സ്പീഡില്‍ ഒരു ബസിനെ ഓവര്‍ടേക്ക് ചെയ്യുന്ന അനൂപ്, തൊട്ടു മുന്നില്‍ ഒരു കണ്ടെയ്നര്‍ ലോറി ഞങ്ങളുടെ കാറിനെ ഇടിക്കാന്‍ റെഡി എന്നു പറഞ്ഞു വരുന്നു.
ആ സെക്കന്‍ഡില്‍ എന്റെ മനസ്സിലൂടെ കല്യാണം മുടങ്ങുന്നത്, കല്യാണം പ്രമാണിച്ചു ഒരാഴ്ച്ച മുന്‍പ് വാങ്ങിയ സെക്കന്‍ഡ് ഹാന്‍ഡ് ബിഎംഡബ്ല്യൂ കാര്‍ ഇടിച്ചു പപ്പടം ആകുന്നത്, എല്ലാം കടന്നു വന്നു. അനൂപ് സ്ട്രീയറിങ് കൊണ്ട് ഇടത്തോട്ടും വലത്തോട്ടും ഒരു വെട്ടിക്കല്‍ ഒന്നും സംഭവിക്കാതെ കാര്‍ മുന്നോട്ട്. ഓട്ടോമാറ്റിക് കാര്‍ ആദ്യമായാണ് ഓടിക്കുന്നതെന്നു അനൂപ് തുറഞ്ഞു പറഞ്ഞു. സ്പീഡ് കുറച്ചു കുറക്കാം എന്ന് ഞാനും തുറന്നു പറഞ്ഞു.
കുറേ ദൂരം പോയപ്പോള്‍ പരപ്പനങ്ങാടിയില്‍ ഒരു ഹോസ്പിറ്റല്‍ കണ്ടു. ഉടന്‍ ഹോസ്പിറ്റലില്‍ കയറി. പുതിയതായി ഉദ്ഘാടനം കഴിഞ്ഞു രോഗികളെ കാത്തിരിക്കുന്ന ഒരു ഹോസ്പിറ്റല്‍. മറ്റു രോഗികള്‍ ആരുമില്ല. ഹോസ്പിറ്റലിലെ മുഴുവന്‍ നേഴ്സുമാരും കുറെ ഡോക്ടര്‍മാരും വന്നു അമ്മയെ നോക്കുന്നു. അമ്മക്ക് അപ്പോഴേക്കും ബോധം വന്നു. ഡോക്ടര്‍മാര്‍ മാറി നിന്ന് ചര്‍ച്ച നടത്തുന്നു. അവര്‍ എന്റെ അടുത്ത് വന്നു. അമ്മയെ അവിടെ അഡ്മിറ്റ് ചെയ്യണം എന്ന് പറയുന്നു.
കല്യാണത്തിന് പോവാണമെന്നും,11.30 നു മാഹിയില്‍ എത്തിയില്ലെങ്കില്‍ കല്യാണം മുടങ്ങും എന്നും, വേണമെങ്കില്‍ തിരികെ വരുമ്പോള്‍ ഇവിടെ കയറി അഡ്മിറ്റ് ആവാമെന്നും ഞാന്‍ ഡോക്ടറോട് പറഞ്ഞു. രോഗിയെ വെറും ഡ്രിപ്പ് മാത്രം കൊടുത്തു പറഞ്ഞു വിടേണ്ട വിഷമം ഡോക്ടറുടെ മുഖത്തു തെളിഞ്ഞു കാണാം.
വീണ്ടും 70 – 80 സ്പീഡ്. 10.30നു മാഹി കുഞ്ഞിപ്പള്ളിയില്‍ എത്തേണ്ട ഞങ്ങള്‍ കൃത്യം 45 മിനിറ്റ് ലേറ്റ്. ശ്രുതിയുടെ വീട്ടില്‍ നിന്ന് ഫോണ്‍ കോളുകളുടെ പ്രവാഹം. 11.30 വരെയേ മുഹൂര്‍ത്തം ഉള്ളു. അത് കഴിഞ്ഞാല്‍ പിന്നെ കല്യാണം നടക്കില്ല. കൃത്യം 11.10 നു ശ്രുതിയുടെ വീടിന്റെ പരിസരത്ത് എത്തി.പെട്ടെന്ന് ആയിരുന്നു അടുത്ത വില്ലന്റെ വരവ്. വീടിന്റെ അര കിലോമീറ്റര്‍ അകലെ വെച്ച് കുഞ്ഞിപ്പള്ളി റെയില്‍വേഗേറ്റ് ക്ലോസ്ഡ്. എന്തു ചെയ്യണം എന്നറിയാതെ പകച്ചു ഇരിക്കുന്ന ഞാന്‍.
റെയില്‍വേ ഗേറ്റിന്റെ അപ്പുറത്തെ സൈഡില്‍ നിന്നു ഒരാള്‍ കൈ വീശുന്നു, ലോട്ടറി വില്‍പ്പനക്കാരന്‍ ആണെന്ന് കരുതി ആദ്യം ഞാന്‍ മൈന്‍ഡ് ചെയ്തില്ല. പിന്നീട് ആണ് കാര്യം മനസിലായത്, ശ്രുതിയുടെ വീട്ടുകാര്‍ ഏല്‍പിച്ച വഴികാട്ടി പെയ്ന്റര്‍ ബിജു ചേട്ടന്‍. കാറില്‍ നിന്ന് താലിമാലയും കൊണ്ട് പുറത്തു ഇറങ്ങി മുണ്ട് വളച്ചു കുത്തി റെയില്‍വേഗേറ്റ് എടുത്തു ചാടി, ബിജു ചേട്ടന്റെ അടുത്തെത്തി. ചിറയില്‍ പീടികയിലെ ചായപീടികയുടെ സൈഡില്‍ കൂടിയുള്ള ഇടവഴിയിലൂടെ പോയാല്‍ എളുപ്പം ശ്രുതിയുടെ വീട്ടില്‍ എത്താമെന്ന് ബിജു ചേട്ടന്‍ പറഞ്ഞു.
ഒന്നും നോക്കാതെ ഓടി. വഴികാട്ടി ബിജു ചേട്ടന്‍ മുന്നിലും, പുറകില്‍ താലി മാല പിടിച്ചു ഞാനും, കൃത്യം 10 മിനിറ്റ് ബാക്കി ഉള്ളപ്പോള്‍ ഞാന്‍ കല്യാണ വീടിന്റെ സൈഡില്‍ എത്തി..പന്തലു നിറയെ ആളുകള്‍. എല്ലാവരും മെയിന്‍ വഴിയിലേക്ക് കല്യാണചെക്കനേയും നോക്കി നില്‍ക്കുന്നു. വിയര്‍ത്തു കുളിച്ചു നിന്ന ഞാന്‍ എല്ലാവരെയും നോക്കി മാറി മാറി ചിരിച്ചു. പക്ഷെ ആരും എന്നെ നോക്കി ചിരിക്കുന്നില്ല. ഞാന്‍ ആണ് കല്യാണ ചെക്കന്‍ എന്ന സത്യം ആര്‍ക്കും മനസിലായില്ല.
കൂടെ മുന്നില്‍ ഓടിയിരുന്ന പെയിന്റര്‍ ബിജുചേട്ടനെ ഞാന്‍ ആളുകള്‍ക്കിടയില്‍ തപ്പി, ആളെയും കാണുന്നില്ല. അപ്പോള്‍ തന്നെ പന്തലില്‍ തടിച്ചു കൂടി നിന്നിരുന്ന ആളുകള്‍ മുഴുവന്‍ മെയിന്‍ വഴിയിലേക്ക് നടന്നു പോകുന്നു. റെയില്‍വേഗേറ്റ് തുറന്നു മെയിന്‍ വഴിയിലൂടെ കല്യാണകാര്‍ വരുന്നു. അടുത്ത് നിന്ന് ആരൊക്കെയോ പറയുന്നത് ഞാന്‍ കേട്ടു, കല്യാണചെക്കന്‍ വന്നു.
മണ്ടന്മാര്‍ അവിടെ പോയി ചമ്മട്ടെ എന്ന് ഞാനും കരുതി. പന്തലിലെ ഒരു കസേരയില്‍ ഞാന്‍ ഇരുന്നു. ക്യാമറയില്‍ നിന്നു വരുന്ന ക്ലിക്ക് ക്ലിക്ക് ശബ്ദം കേട്ടു അതു എന്താണെന്ന് മനസിലാവാതെ, പന്തലിന്റെ സൈഡില്‍ കെട്ടിയിട്ടുള്ള തുണിയുടെ മുകളിലൂടെ ഞാന്‍ ഏന്തി നോക്കി, കാറില്‍ നിന്ന് ഇറങ്ങുന്ന അനൂപ്, കാര്‍ നിര്‍ത്തിയതിന്റെ താഴെ മണ്ണില്‍ മലര്‍ന്നു കിടന്നു അനൂപിന്റെ ഫോട്ടോ എടുക്കുന്ന ഫോട്ടോഗ്രാഫര്‍. വൈറ്റ്ഷര്‍ട്ട് ഇട്ടു വന്ന അനൂപ് കല്യാണചെക്കന്‍ ആയി.
താന്‍ അല്ല കല്യാണചെക്കന്‍ എന്ന് വായ തുറന്നു കൃത്യമായി പറയാതെ, കൈ കൊണ്ട് വെറുതെ എന്തൊക്കെയോ കാണിച്ചുകൊണ്ട് അനൂപ് നടന്നു വരുന്നു. പുറകില്‍ ചിരിച്ചു കൊണ്ട് എന്റെ അച്ഛന്‍, അമ്മ, മറ്റു ബന്ധുക്കള്‍. പന്തലില്‍ നിന്ന് ഞാനാണ് കല്യാണചെക്കന്‍ എന്ന് ഉറക്കെ വിളിച്ചു പറയാന്‍ തോന്നി. പക്ഷെ അതിന്റെ ആവശ്യം വന്നില്ല. കാര്യം മനസിലാക്കി എല്ലാവരും തിരിച്ചു വന്നു എന്നെ നോക്കി പുഞ്ചിരിച്ചു.
2015 ജനുവരി 11 നു കൃത്യം 11.30 നു ഞങ്ങളുടെ കല്യാണം നടന്നു. കല്യാണം കഴിഞ്ഞു ആഴ്ചകള്‍ക്കകം എനിക്ക് മനസിലായി. അന്ന് കല്യാണ പന്തലില്‍ എന്നെ മനസിലാവാതെ തുറപ്പിച്ചു നോക്കിയിരുന്ന പലരും ശ്രുതിയുടെ അടുത്ത ബന്ധുക്കള്‍ ആണെന്ന്. ഈ ഒരു സംഭവത്തിനു ശേഷം ഇന്നുവരെ അനൂപ് സത്യന് കല്യാണം കഴിക്കാന്‍ സാധിച്ചിട്ടില്ല.’