IndiaNEWS

ഒരാഴ്ച കൊണ്ട് മൊട്ടത്തലയാകാനുള്ള കാരണം അജ്ഞാതം; ബാര്‍ബര്‍ ഷോപ്പുകളില്‍ കയറ്റുന്നില്ലെന്ന് രോഗബാധിതര്‍

ഷെഗാവ്: ഇരുട്ടിവെളുക്കുമ്പോള്‍ മുടി മുഴുവന്‍ കൊഴിഞ്ഞുപോകുന്നതിന്റെ കാരണം കണ്ടെത്താനാകാതെ ഷെഗാവ് തഹസില്‍ നിവാസികള്‍. സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ട് മൂന്നാഴ്ച പിന്നിട്ടിരിക്കുകയാണ്.

രോഗ കാരണം കണ്ടെത്താന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ചിലെയും ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസിലെയും പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയിലെയും 50ലധികം മെഡിക്കല്‍ വിദഗ്ധരും പ്രാദേശിക ഡോക്ടര്‍മാരും സ്ഥലത്തെത്തുകയും വെള്ളത്തിന്റെയും മണ്ണിന്റെയുമൊക്കെ സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു,

Signature-ad

പന്ത്രണ്ട് ഗ്രാമങ്ങളെയാണ് അജ്ഞാത രോഗം ബാധിച്ചത്. വെള്ളിയാഴ്ച ജില്ലാ ഭരണകൂടം എല്ലാ ജലസ്രോതസുകളും ക്ലോറിനേഷന്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ‘ഇതുവരെയെടുത്ത സാമ്പിളുകളില്‍ നിന്ന് 40 ശതമാനം നൈട്രേറ്റിന്റെ ഉയര്‍ന്ന സാന്ദ്രത കാണിച്ചിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട കാര്യമില്ല. വീടുതോറുമുള്ള സര്‍വേ നടത്താന്‍ തുടങ്ങിയപ്പോഴാണ് പ്രശ്‌നത്തിന്റെ വ്യാപ്തിയെക്കുറിച്ച് ഞങ്ങള്‍ക്ക് മനസിലായത്.’ – ബുല്‍ധാന ജില്ലയുടെ കളക്ടര്‍ കിരണ്‍ പാട്ടീല്‍ പറഞ്ഞു.

ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഗ്രാമങ്ങളിലെ പകുതിയില്‍ കൂടുതല്‍ ആള്‍ക്കാരും ഈ അവസ്ഥയുടെ പിടിയിലാണെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഒരു ലക്ഷണവുമില്ലാതെയാണ് പത്തും പന്ത്രണ്ടും വയസായവരുടേത് ഉള്‍പ്പെടെ മുടി പൊഴിയുന്നത്. ആദ്യം ചെറിയ രീതിയിലാണ് കൊഴിച്ചില്‍ തുടങ്ങുന്നത്. ഒന്നോ രണ്ടോ ദിവസം കഴിയുമ്പോള്‍ മുടി ഏറെക്കുറെ നഷ്ടമാകുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ മൊട്ടത്തലയാകും.

‘ഞാന്‍ ഒരു ബാര്‍ബര്‍ ഷോപ്പില്‍ പോയി. രോഗബാധിത ഗ്രാമത്തില്‍ നിന്നായതിനാല്‍ ബാര്‍ബര്‍ എന്റെ തല മൊട്ടയടിക്കാന്‍ വിസമ്മതിച്ചു. അയല്‍ ഗ്രാമത്തിലെ സാമൂഹിക സമ്മേളനത്തില്‍ എന്നെ പങ്കെടുപ്പിച്ചില്ല.’- ഒരാള്‍ പറഞ്ഞു.

‘മറ്റ് ഗ്രാമങ്ങളില്‍ നിന്നുള്ള ആളുകള്‍ ഞങ്ങളോട് സംസാരിക്കുന്നത് നിര്‍ത്തി. അവരുടെ ഗ്രാമത്തിലെയും ഞങ്ങളുടെ ഗ്രാമത്തിലെയും കുടുംബങ്ങള്‍ തമ്മിലുള്ള വിവാഹാലോചനകള്‍ റദ്ദാക്കി.’- ബോണ്ട്ഗാവിലെ വൃദ്ധനായ ഗ്രാമീണന്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: