Social MediaTRENDING

അവന്‍മാരുടെ വീട്ടില്‍ കൊണ്ട് വെച്ചാല്‍ മതി; പാര്‍വതിക്ക് സുരേഷ് ഗോപിയുടെ മറുപടി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുണ്ടാക്കിയ വിവാദങ്ങള്‍ അമ്മ സംഘടനയെ കൊണ്ട് ചെന്നെത്തിച്ചത് തകര്‍ച്ചയുടെ വക്കിലാണ്. അമ്മ ജനറല്‍ സെക്രട്ടറിയും പ്രസിഡന്റും ഉള്‍പ്പെടെ ഭാരവാഹികള്‍ നേതൃസ്ഥാനം ഒഴിഞ്ഞു. വിവാദങ്ങളില്‍ മറുപടി പോലും പറയാതെയാണ് നേതൃത്വം ഒഴിഞ്ഞത്. ഇതില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഉന്നയിച്ചത് നടി പാര്‍വതി തിരുവോത്തും മറ്റ് ഡബ്ല്യുസിസി അംഗങ്ങളുമാണ്. മാധ്യമങ്ങള്‍ ഒന്നടങ്കം അമ്മ സംഘടനയ്ക്കെതിരെ തിരിഞ്ഞു. തകര്‍ച്ചയില്‍ നിന്നും തിരിച്ച് വരാനുള്ള ശ്രമത്തിലാണ് സംഘടന.

പ്രതിഛായ തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇപ്പോഴിതാ അമ്മ സംഘടനയെക്കുറിച്ച് പാര്‍വതി തിരുവോത്തും സുരേഷ് ഗോപിയും നടത്തിയ പരാമര്‍ശങ്ങളാണിപ്പോള്‍ ചര്‍ച്ചയാകുന്നത്. കഴിഞ്ഞ ദിവസം അമ്മ കുടുംബ സംഗമവേദിയില്‍ സുരേഷ് ഗോപി നടത്തിയ പരാമര്‍ശം പാര്‍വതി തിരുവോത്തിനെതിരെയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ വരുന്ന അഭിപ്രായം.

Signature-ad

അടുത്തിടെ നടന്ന ഡബ്ല്യുഎല്‍എഫ് വേദിയില്‍ പാര്‍വതി സംഘടനയ്ക്കെതിരെ സംസാരിച്ചിരുന്നു. അമ്മ എന്ന് സംഘടനയെ വിളിക്കേണ്ടെന്നാണ് പാര്‍വതി പറഞ്ഞത്. എപ്പോഴും ആ തിരുത്തല്‍ വേണ്ടി വരുന്നുണ്ട്. ഒരു കൂട്ടായ്മയെയും പരിഹസിക്കാന്‍ വേണ്ടിയല്ല. വലിയൊരു പഠനമായിരുന്നു എനിക്കത്. എഎംഎംഎയാണ്. അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്. അസോസിയേഷനാണ്. ഒരു ക്ലബ് അല്ല, ഒരു കുടുംബമല്ല.

ഓരോ തവണയും അസോസിയേഷനില്‍ പോയി പ്രശ്നങ്ങള്‍ ഉന്നയിക്കുമ്പോള്‍ അത് വിട് പാര്‍വതി, നമ്മള്‍ ഒരു കുടുംബമല്ലേ എന്ന് പറയും. പഞ്ചായത്തില്‍ പണ്ട് കണ്ട് വരുന്ന രീതിയിലുള്ള വോട്ടെടുപ്പുകളാണ്. ആരാണെന്ന് കൈ പൊക്കി കാണിക്കും. ഒരു ഘട്ടം കഴിഞ്ഞ് പ്രഹസനമാണെന്ന് മനസിലാക്കി കഴിയുമ്പോള്‍ സ്വാഭിമാനം ഉള്ളത് കൊണ്ട് ഇറങ്ങാന്‍ തോന്നും. അതാണ് താന്‍ ചെയ്തതെന്നും പാര്‍വതി പറഞ്ഞു.

ഇതിന് മറുപടിയെന്നോണമാണ് കഴിഞ്ഞ ദിവസം അമ്മ കുടുംബസംഗമ വേദിയില്‍ സുരേഷ് ഗോപി സംസാരിച്ചത്. അമ്മ എന്ന പേര് സംഘടനയ്ക്ക് നല്‍കിയത് സ്വര്‍ഗീയനായ മുരളിയാണ്. നമ്മുടെയൊക്കെ മുരളി ചേട്ടന്‍. അതങ്ങനെ തന്നെ ഉച്ചരിക്കണം. പുറത്ത് നിന്നുള്ള മുതലാളിമാര്‍ പറയുന്നത് അനുസരിക്കില്ല. എ കുത്ത് എം കുത്ത് എം കുത്ത് എ എന്ന പേര് അവന്‍മാരുടെ വീട്ടില്‍ കൊണ്ട് വെച്ചാല്‍ മതി. ഞങ്ങള്‍ക്ക് അമ്മയാണ് ഈ സംഘടനയെന്നും സുരേഷ് ഗോപി തുറന്നടിച്ചു.

നേതൃത്വം തിരിച്ച് വരണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. ആറ് മാസം മുമ്പ് നമ്മളൊക്കെ ഹൃദയം കാെണ്ട് വോട്ട് ചാര്‍ത്തിയ സംഘം ഇവിടെ നിന്നും വെറുംവാക്ക് പറഞ്ഞ് ഇറങ്ങിപ്പോയി എന്ന് മാത്രമേ ഞാന്‍ കരുതുന്നുള്ളൂ.ആ സംഘം ഈ സംഘടനയെ ശക്തമായി മുന്നോട്ട് നയിക്കണം. വീഴ്ചയില്‍ നിന്ന് തിരിച്ച് വന്ന മറുപടി നല്‍കണം. ഇത് അപേക്ഷയായല്ല ആജ്ഞയായി എടുക്കണമെന്നും സുരേഷ് ഗോപി തന്റെ പ്രസംഗത്തില്‍ പറഞ്ഞു. നേരത്തെ അമ്മയില്‍ നിന്ന് രാജി വെച്ചതാണ് പാര്‍വതി.

Back to top button
error: