കഴിഞ്ഞ ദിവസങ്ങളില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ വൃഷ്‌ടി പ്രദേശങ്ങളില്‍ ശക്തമായ മഴ പെയ്‌തിരുന്നു. ഇത് ഡാമിലേക്കുള്ള നീരൊഴുക്കിന് കാരണമായി.തമിഴ്‌നാട്ടില്‍ ശക്തമായ മഴ പെയ്യുന്നതിനാല്‍ അവർ കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് കുറച്ചതും ജലനിരപ്പ് ഉയരാൻ കാരണമായിട്ടുണ്ട്.
അണക്കെട്ടിന്‍റെ വൃഷ്‌ടി പ്രദേശമായ പെരിയാര്‍ വനമേഖലയില്‍ 30.4 ഉം തേക്കടിയില്‍ 38.4 മില്ലിമീറ്റര്‍ മഴയുമാണ് കഴിഞ്ഞ ദിവസം പെയ്‌തത്. അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതോടെ തേക്കടി തടാക തീരങ്ങള്‍ വെള്ളത്തിനടിയിലായി.
നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്വാഭാവിക നടപടിയെന്ന നിലയിലാണ് ആദ്യ മുന്നറിയിപ്പ് നല്‍കിയതെന്നും തമിഴ്‌നാട് അറിയിച്ചു. ജലനിരപ്പ് നിയന്ത്രിച്ച് നിര്‍ത്തേണ്ട സാഹചര്യത്തില്‍ ഇടുക്കിയിലേക്ക് ജലം തുറന്നുവിടേണ്ട ഘട്ടത്തിലാണ് കേരളത്തിന് ജാഗ്രത നിര്‍ദേശം നല്‍കാറുള്ളത്. സംഭരണശേഷി 142 അടിയായി നിശ്ചയിച്ച അണക്കെട്ടില്‍ നിന്ന് ഇടുക്കിയിലേക്ക് ജലം തുറന്നുവിടാൻ സാധ്യതയില്ലെന്നും തമിഴ്‌നാട് അധികൃതര്‍ അറിയിച്ചു.
അതേസമയം മഴ ശക്തമായതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളം ശേഖരിക്കുന്ന തമിഴ്‌നാട്ടിലെ വൈഗ അണക്കെട്ട് നവംബര്‍ 11 ന് തുറന്നിരുന്നു. 45 ദിവസത്തേയ്ക്ക് 900 ഘനയടി വെള്ളം അണക്കെട്ടില്‍ നിന്ന് പുറത്തേയ്ക്ക് ഒഴുക്കാനാണ് തീരുമാനം.