2023 ഒക്ടോബർ മാസത്തിലെ ഏറ്റവും മികച്ച ഐ എസ് എൽ കളിക്കാരനായത് ബ്ലാസ്‌റ്റേഴ്‌സിന്റെ യുറുഗ്വെ പ്ലേ മേക്കർ അഡ്രിയാൻ ലൂണ (Adrian Luna). വോട്ടെടുപ്പിലൂടെ ആരാധകരാണ് ഒക്ടോബറിന്റെ താരത്തെ തെരഞ്ഞെടുത്തത്.
57.5 ശതമാനം വോട്ട് അഡ്രിയാൻ ലൂണയ്ക്ക് ലഭിച്ചു. ഇരട്ട പെനാൽറ്റി രക്ഷപ്പെടുത്തിയ കൊമ്പന്മാരുടെ മലയാളി ഗോൾ കീപ്പർ സച്ചിൻ സുരേഷ് ആണ് വോട്ടെടുപ്പിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. 33.9 ശതമാനം വോട്ട് സച്ചിൻ സുരേഷിനു ലഭിച്ചു.
എഫ് സി ഗോവയുടെ ഡെഫെൻഡർ ജയ് ഗുപ്ത, ജംഷഡ്പുർ എഫ് സിയുടെ മലയാളി ഗോൾ കീപ്പർ ടി. പി. രഹനേഷ് എന്നിവരാണ് അവസാന നാല് അംഗ പട്ടികയിൽ ഉണ്ടായിരുന്നത്. ജയ് ഗുപ്തയ്ക്ക് 7.3 ശതമാനവും ടി. പി. രഹനേഷിന് 1.3 ശതമാനവും വോട്ട് ലഭിച്ചു.
അഡ്രിയാൻ ലൂണ 360 മിനിറ്റ് കളിച്ച് രണ്ട് ഗോൾ സ്വന്തമാക്കി. ഒരു ഗോളിന് അസിസ്റ്റ് നടത്തി. 12 അവസരങ്ങൾ തുറന്നെടുത്തു. 23 ഡ്വൽസ് ജയിച്ചു. സച്ചിൻ സുരേഷ് ഒമ്പത് സേവ് നടത്തി. 69 ശതമാനമാണ് സേവ്. അതിൽ ആറ് ക്ലിയർ ചാൻസായിരുന്നു. രഹനേഷ് 11 സേവ് നടത്തി. 79 ശതമാനമാണ് സേവ് ഉള്ളത്. രണ്ട് ക്ലീൻ ഷീറ്റ് ഉണ്ട്. 45 റിക്കവറീസും.
അതേസമയം ഐഎസ്‌എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടും ഇറങ്ങുന്നു. കൊച്ചി ജവഹർലാൽ നെഹറു സ്റ്റേഡിയത്തിൽ രാത്രി എട്ടിന് ഹൈദരാബാദ് എഫ് സിക്ക് (Hyderabad FC) എതിരേയാണ് മഞ്ഞപ്പടയുടെ പോരാട്ടം.ഹൈദരാബാദ് എഫ് സിക്ക് എതിരെ ജയം നേടിയാൽ പോയിന്റ് പട്ടികയിൽ താത്കാലികമായി എങ്കിലും ഒന്നാം സ്ഥാനത്ത് എത്താൻ കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിനു സാധിക്കും.
ജയിച്ചാൽ ഏഴ് മത്സരങ്ങളിൽ നിന്ന് 16 പോയിന്റാകും മഞ്ഞപ്പടയ്ക്ക്. സമനിലയാണെങ്കിൽ ഒന്നാം സ്ഥാനം താത്കാലിമായി നേടാം. അഞ്ച് മത്സരങ്ങളിൽ 13 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള എഫ് സി ഗോവയെ പിന്തള്ളി 14 പോയിന്റിൽ എത്താനും കൊമ്പന്മാർക്ക് സമനില മതി.
ആറ് മത്സരങ്ങളിൽ നാല് ജയവും ഒരു സമനിലയും ഒരു തോൽവിയും എന്ന പ്രകടനത്തോടെ 13 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് കൊച്ചി ക്ലബ്ബായ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സി.ഇത്രയും തന്നെ പോയിന്റുമായി ഗോവയാണ് ഒന്നാം സ്ഥാനത്ത്.ഗോൾ ആവറേജാണ് അവരെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്.