പുലര്‍ച്ചെ 4.15ന് മൂലമറ്റത്ത് നിന്ന് പുറപ്പെട്ട് 10.15ന് തിരുവനന്തപുരത്തെത്തി 11.30ന് തിരികെ പുറപ്പെട്ട് വൈകിട്ട് ആറിന് മൂലമറ്റത്തെത്തുന്ന സര്‍വീസാണ് ആദ്യം റദ്ദാക്കിയത്.
പിന്നീട് പുലര്‍ച്ചെ എറണാകുളത്തിന് ഉണ്ടായിരുന്ന സര്‍വീസും റദ്ദാക്കി. പതിറ്റാണ്ടുകളായി മൂലമറ്റം ഡിപ്പോയില്‍ നിന്നുള്ള സര്‍വീസുകളായിരുന്നു ഇത് രണ്ടും. രാവിലെ തിരുവനന്തപുരം സെക്രട്ടറിയേറ്റ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലേക്കുള്ള അനേകം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മറ്റ് യാത്രക്കാര്‍ക്കും ഏറെ സഹായകരമായ സര്‍വീസാണിത്.
മൂലമറ്റം മുതല്‍ തിരുവനന്തപുരം വരെയുള്ള അനേകം പേരാണ് ഈ ബസിനെ ആശ്രയിച്ചിരുന്നത്. എറണാകുളം സര്‍വീസും നിരവധി യാത്രക്കാര്‍ക്കാണ് സഹായകമായിരുന്നത്. തിരുവനന്തപുരം സര്‍വീസില്‍ നിന്ന് 23,000 രൂപയും എറണാകുളം സര്‍വീസിന് 20,000 രൂപയും ദിവസവും കളക്ഷൻ ലഭിച്ചിരുന്നു.
അതേസമയം ശബരിമല സര്‍വീസിന് വേണ്ടിയാണ് രണ്ട് ബസുകളും മാറ്റിയതെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പറയുന്നു. പകരം ബസുകള്‍ എത്തിക്കും എന്നുള്ള നിബന്ധനയിലാണ് സര്‍വീസ് മാറ്റിയതെങ്കിലും ഇതുവരെ എത്തിയില്ല. തിരുവനന്തപുരം ബസിനെ ആശ്രയിച്ചിരുന്ന യാത്രക്കാര്‍ ബുദ്ധിമുട്ടാതിരിക്കാൻ കോട്ടയം വരെ ഓര്‍ഡിനറി ബസ് സര്‍വീസ് നടത്തുന്നുണ്ട്. കോട്ടയം എത്തിയാല്‍ യാത്രക്കാര്‍ക്ക് തിരുവനന്തപുരത്തിനുള്ള മറ്റ് ബസുകളെ ആശ്രയിക്കാമെന്നും അധികൃതര്‍ പറഞ്ഞു.