FeatureLIFE

വീരപ്പൻ വേട്ട: ഒരു ഫ്ലാഷ് ബാക്ക്

(ഫോട്ടോ:വീരപ്പൻ അന്ത്യനിദ്ര കൊള്ളുന്ന മേട്ടൂരെ മൂലക്കാട്)
ഗോപിനാഥം കുസെ മുനിസ്വാമി വീരഭദ്ര ഗൗണ്ടർ എന്ന പേര് പറഞ്ഞാൽ ആർക്കും പെട്ടെന്ന് മനസിലായെന്ന് വരില്ല.എന്നാൽ വീരപ്പൻ എന്ന് കേട്ടാൽ ആദ്യം ആ കൊമ്പൻ മീശയാകും മനസിലേക്ക് ഓടി വരിക.
21 വർഷം പൊലീസ് ഉദ്യോഗസ്ഥരെയും കൊമ്പനാനകളെയും അറപ്പില്ലാതെ കൊന്നുതള്ളിയ വീരപ്പന്റെ ശവകുടീരം കാണാൻ ഇന്നും നൂറുകണക്കിന് ആളുകളാണ് മേട്ടൂർ കാവേരി തീരത്തുള്ള മൂലക്കാട് എന്ന സ്ഥലത്ത് എത്തുന്നതെന്ന് കേൾക്കുമ്പോഴാണ് വീരപ്പന്റെ വീരപരിവേഷം നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്.

ചന്ദനക്കടത്തും ആനക്കൊമ്പ് വ്യാപാരവും നടത്തിയിരുന്ന വീരപ്പനെ അടക്കം ചെയ്തിരിക്കുന്നത് തമിഴ്‌നാട്ടിലെ സേലം ജില്ലയിലെ മേട്ടൂര്‍ ഡാമിനരുകിലുള്ള മൂലക്കാട് എന്ന സ്ഥലത്താണ്.നൂറുകണക്കിന് ആനകളെ കൊന്ന് കൊമ്പ് കവര്‍ന്നതിനും ആയിരക്കണക്കിന് ടണ്‍ ചന്ദനത്തടി മുറിച്ചുവിറ്റതിനും സര്‍ക്കാര്‍ തേടിയിരുന്ന വീരപ്പനെ തമിഴ്നാട് ദൗത്യസേന 2004ല്‍ ഒക്ടോബര്‍ 18നാണ് ഏറ്റുമുട്ടലിലൂടെ വധിച്ചത്. തുടര്‍ന്ന് ഭൗതികശരീരം കാവേരി നദിക്കരയിലെ മൂലക്കാട് സംസ്കരിക്കുകയായിരുന്നു.

ഇന്ത്യയുടെ റോബിന്‍ ഹുഡ് എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന വീരപ്പന്റെ ശവകുടീരം കാണാന്‍ ഒട്ടനവധി സന്ദര്‍ശകരാണ് ദിവസവും മൂലക്കാട്ടില്‍ എത്തുന്നത്.ഇവിടെ രാവിലെയും വൈകിട്ടും വിളക്ക് കൊളുത്തിവയ്ക്കാറുമുണ്ട്. വീരപ്പനെ സംസ്കരിച്ച ഇടം രണ്ടടിയോളം ഉയരത്തില്‍ മണ്ണിട്ട് ഉയര്‍ത്തിയിട്ടുണ്ട്. ശവകുടീരം സന്ദര്‍ശിക്കാന്‍ എത്തുന്നവരില്‍ ചിലര്‍ ഇതില്‍ നിന്ന് മണ്ണ് എടുത്തുകൊണ്ടുപോകുന്നതും പതിവാണ്.
കേരളം, തമിഴ്നാട്, കര്‍ണ്ണാടകം എന്നീ സംസ്ഥാനങ്ങളുടെ അതിര്‍ത്തിയിലെ വനങ്ങളില്‍ ഇരുപതുവര്‍ഷത്തോളമാണ് വീരപ്പന്‍ പിടികിട്ടാപ്പുള്ളിയായി വിഹരിച്ചത്. പൊലീസ് ഉദ്യോഗസ്ഥരും വനം വകുപ്പ് ഉദ്യോഗസ്ഥരും അടക്കം ഏകദേശം 124 വ്യക്തികളെ കൊലപ്പെടുത്തിയ വീരപ്പന് ഗ്രാമാന്തരങ്ങളില്‍ പക്ഷേ വീരപരിവേഷമായിരുന്നു.
വീരപ്പന്റെ ഫോട്ടോയിൽ മാല ചാർത്തി, ദീപം തെളിയിച്ച്, ശവകുടീരം പൂക്കളും മാലകളും കൊണ്ട് അലങ്കരിച്ചാണ് വീരപ്പൻ കൊല്ലപ്പെട്ട ദിനം ഒരു ജനത കൊണ്ടാടുന്നത്. സ്മൃതി മണ്ഡപമൊന്നുമില്ലെങ്കിലും വീരപ്പനെ സംസ്കരിച്ച സ്ഥലം ഇഷ്ടികയും കല്ലുകളും കൊണ്ട് വേർതിരിച്ച് ഇന്നും വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്.
കാല്‍ നൂറ്റാണ്ടുകാലം കര്‍ണാടക-തമിഴ്നാട് അതിര്‍ത്തി വനങ്ങള്‍ കാൽക്കീഴിലൊതുക്കിയ കാട്ടു കൊള്ളക്കാരനായിരുന്നു വീരപ്പൻ. ബിൽഗിരിരങ്കന ബേട്ട, മാലെ മഹദേശ്വര ബേട്ട എന്നീ മലകൾ, സത്യമംഗലം, ഗുണ്ടിയാൽ വനങ്ങൾ എന്നിവയായിരുന്നു വീരപ്പന്റെ പ്രധാന വിഹാര കേന്ദ്രങ്ങള്‍.
 മേട്ടൂര്‍ വനത്തിലെ മരംവെട്ടുകാരനായാണ് കാടുമായുള്ള വീരപ്പന്റെ ബന്ധത്തിന്റെ തുടക്കം. കാലക്രമേണ ചന്ദനക്കൊള്ളക്കാള്ളയും ആനക്കൊമ്പ് മോഷണവും ആയി തന്റെ സാമ്രാജ്യം വിപുലീകരിച്ചു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ രാജ്യത്തെ ഭരണകൂടത്തെ വെല്ലുവിളിക്കാന്‍ ധൈര്യം കാണിച്ച കൊള്ളസംഘത്തിന്റെ തലവനായി വീരപ്പന്‍ വളര്‍ന്നു.
കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ വനപാലകര്‍ക്ക് വീരപ്പന്‍ സംഘം നിത്യ തലവേദനയായി.ആനവേട്ടയും ചന്ദന വേട്ടയും നിര്‍ബാധം വീരപ്പൻ തുടര്‍ന്നു.സര്‍ക്കാരുകള്‍ക്ക് തലവേദനയായതോടെ വീരപ്പനെ കീഴടക്കാനുള്ള ശ്രമങ്ങളും തുടങ്ങി. എന്നാല്‍ കാട്ടിനകത്തും കാടിനോട് ചേര്‍ന്ന പ്രദേശങ്ങളിലും വീരപ്പനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ സേനക്കായില്ല. മാത്രമല്ല നിരവധി വനപാലകരും പൊലീസുകാരും വീരപ്പന്‍ സംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തു.
1990ല്‍ കര്‍ണാടക-തമിഴ്‌നാട് സര്‍ക്കാറുകള്‍ സംയുക്തമായി വീരപ്പനെ പിടികൂടുന്നതിന് പ്രത്യേക ദൗത്യസേനക്ക് (Special Task Force) രൂപംകൊടുത്തു. തമിഴ്നാട് മുൻ ഡിജിപിയായിരുന്ന വാൾട്ടർ ദേവാരം എന്ന ഓഫീസർക്കായിരുന്നു ഇതിന്റെ ചുമതല. ഡിഐജി/വെല്ലൂർ റേഞ്ച്, ഇന്റലിജൻസ് യൂണിറ്റ് തമിഴ്‌നാട് പോലീസ് എന്നീ നിലകളിൽ പേരെടുത്തിരുന്ന ഇദ്ദേഹം മൂന്നാറിലെ ദേവികുളം സ്വദേശിയായിരുന്നു.പതിനൊന്ന് കോടിയോളം രൂപ വീരപ്പനെ പിടികൂടാനുള്ള ദൗത്യസേനക്കുവേണ്ടി മാത്രം ഓരോ മാസവും ചെലവഴിച്ചു. ഇന്ത്യ കണ്ട ഏറ്റവും വലിയ നരവേട്ടയായിരുന്നു വീരപ്പന് വേണ്ടി വാൾട്ടർ ദേവാരത്തിന്റെ നേതൃത്വത്തിൽ ദൗത്യസംഘം നടത്തിയത്.പക്ഷെ ഒന്നും സംഭവിച്ചില്ല.

ഇതേസമയം തന്നെയാണ് കന്നഡ ചലച്ചിത്ര നടനായ രാജ് കുമാറിനെ തട്ടിക്കൊണ്ടുപോയി (2000 ജൂലൈ 30 ന്) വീരപ്പന്‍ നാടിളക്കിയത്. 100 ദിവസത്തിന് ശേഷമാണ് വീരപ്പന്‍ രാജ്കുമാറിനെ വിട്ടയച്ചത്. 100 കോടി രൂപ മോചനദ്രവ്യം വാങ്ങിയശേഷമാണ്‌ അദ്ദേഹത്തെ മോചിപ്പിച്ചതെന്നാണ്‌ പുറത്തുപ്രചരിച്ചിട്ടുള്ള കഥകള്‍.

Signature-ad

 

പിന്നീട് 2004 ഒക്ടോബര്‍ 18നാണ് വീരപ്പനെ സത്യമംഗലം കാട്ടിനടുത്തുള്ള പ്രദേശത്തുവച്ച് തമിഴ്നാട് ദൗത്യസേന വെടിവച്ചു കൊന്നത്. മൂന്നു ദശകത്തിലേറെ ദക്ഷിണേന്ത്യയിലെ കാടുകളെ വിറപ്പിച്ച വീരപ്പന്‍ യുഗത്തിന്റെ അവസാനമായിരുന്നു അത്.എന്നാല്‍, വീരപ്പന്റെ മരണം പല സംശയങ്ങളും ബാക്കിയാക്കി. ഇപ്പോഴും ഉത്തരം കണ്ടെത്താനാകാത്ത പല ചോദ്യങ്ങളും അവശേഷിപ്പിച്ചാണ് വീരപ്പന്‍ മേട്ടൂർ ഡാമിനരികിലുള്ള മൂലക്കാട്ടില്‍ അന്ത്യവിശ്രമം കൊള്ളുന്നത്.

ധർമ്മപുരി ജില്ലയിലെ പാപ്പിറട്ടിപ്പട്ടിക്കടുത്ത് വച്ചാണ് ആ ഓപ്പറേഷൻ നടന്നത്. `ഓപ്പറേഷൻ കക്കൂൺ” എന്ന പേരിൽ അറിയപ്പെട്ട ആ നടപടിയിലാണ് തെക്കൻ സംസ്ഥാനങ്ങളെ വിറപ്പിച്ച കാട്ടുകൊള്ളക്കാരൻ വീരപ്പൻ കൊല്ലപ്പെട്ടത്. ഭരണനേട്ടമെന്ന് അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി ജയിലളിത തുറന്നു പറഞ്ഞ ഓപ്പറേഷൻ കക്കൂണിനെ കുറിച്ച് പല ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ വന്നിട്ടും ടാസ്‌ക് ഫോഴ്‌സിന്റെ ഭാഗത്തു നിന്നോ വീരപ്പനെ തിരയാൻ പോയവരിൽ നിന്നോ ഒരു പ്രതികരണവും ഉണ്ടായില്ലെന്നുള്ളതും കൗതുകകരമാണ്.

 

തമിഴ്‌നാട്, കേരളം, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ വനംവകുപ്പിൻ്റെ പേടിസ്വപ്നമായിരുന്നു വീരപ്പൻ. വീരപ്പനെതിരെ രജിസ്റ്റർ ചെയ്ത 184 കേസുകളിൽ 99 കേസുകൾ തമിഴ്നാട്ടിലാണുള്ളത്.  ഇതിനിടയിലൊരു കൗതുകകരമായ സംഗതി കൂടിയുണ്ട്. കേരളത്തിലും വീരപ്പൻ്റെ പേരിൽ ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വാളയാർ ചെക്ക് പോസ്റ്റ് പ്രദേശത്ത് ആയുധങ്ങളുമായി കറങ്ങിയതിൻ്റെ പേരിലാണ് ആ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് !
കർണാടകയിൽ റിപ്പോർട്ട് ചെയ്ത കേസുകളിൽ 15 എണ്ണം കൊലപാതകങ്ങളുമായി ബന്ധപ്പെട്ടതാണ്. മറ്റുള്ളവ മനുഷ്യക്കടത്തുമായും ആയുധക്കടത്തുമായും ബന്ധപ്പെട്ടിരിക്കുന്നു. തമിഴ്നാട് ഡിഎസ്പി ചിദംബരനാഥനെ തട്ടിക്കൊണ്ടുപോകൽ, കർണാടക മന്ത്രി നാഗപ്പയെ തട്ടിക്കൊണ്ടുപോകൽ, നടൻ രാജ്കുമാറിനെ തട്ടിക്കൊണ്ടുപോകൽ എന്നിവയാണു തട്ടിക്കൊണ്ടു പോകലുമായി ബന്ധപ്പെട്ട വീരപ്പനെതിരെയുള്ള പ്രധാന കേസുകൾ.

വീരപ്പൻവേട്ട

വാൾട്ടർ ദേവാരം എന്ന കുശാഗ്രബുദ്ധിക്കാരനായ പോലീസ് ഓഫീസർ തോറ്റയിടത്തുനിന്നുമാണ് വിജയകുമാർ ഐപിഎസ് എന്ന യുവ പോലീസ് ഓഫീസർ വീരപ്പൻ വേട്ടയുടെ ഭാഗമായുള്ള പ്രത്യേക ദൗത്യസേനയുടെ തലവനായി ചുമതലയേൽക്കുന്നത്.ചുമതല ഏറ്റയുടൻ വിജയകുമാർ ആദ്യം ചെയ്തത് ചന്ദനക്കടത്തുകാരനായ വീരപ്പനെക്കുറിച്ച് ഇതുവരെ കേട്ടിരുന്ന കഥകൾ എല്ലാം മറന്ന് പുതിയ വിവരങ്ങൾ ശേഖരിക്കലായിരുന്നു. ഇതിനിടയിലാണ് ഒരു വിവരം വിജയകുമാർ അറിയുന്നത്. വീരപ്പന്റെ കണ്ണിന് എന്തോ പ്രശ്‌നമുണ്ട്. (തന്റെ പ്രസിദ്ധമായ മീശയിൽ ഡെെ ചെയ്യുന്നതിനിടയിൽ ഏതാനും തുള്ളികൾ വീരപ്പൻ്റെ കണ്ണിൽ തെറിച്ചു വീഴുകയായിരുന്നു.ഇതോടെയാണ് കണ്ണിന് പ്രശ്നം ആരംഭിച്ചത്) കണ്ണിന് കാഴ്ച മങ്ങിത്തുടങ്ങിയതിനാൽ ആശുപത്രിയിൽ കാണിക്കേണ്ട സാഹചര്യമുണ്ടാകുമെന്ന് വിജയകുമാർ ഊഹിച്ചു

 

തൻ്റെ സന്ദേശങ്ങൾ അടങ്ങിയ ഓഡിയോ, വീഡിയോ കാസറ്റുകൾ പുറംലോകത്തേക്ക് അയക്കാനായിരുന്നു വീരപ്പന് താൽപര്യം. ഒരു കടലാസിൽ എഴുതിയത് വായിക്കാൻ വീരപ്പൻ ബുദ്ധിമുട്ടിയെന്ന വിവരങ്ങളും ചാരൻമാർ വഴി വിജയകുമാറിന് ലഭിച്ചിരുന്നു.ഇതോടെയാണ് വീരപ്പൻ്റെ കണ്ണിന് തകരാറുണ്ടെന്ന കാര്യം  വിജയകുമാർ ഉറപ്പിച്ചത്. ഇതിനുശേഷമായിരുന്നു. വീരപ്പനെ പിടികൂടാനുള്ള തീരുമാനം കെെക്കൊണ്ടതും അതിനായുള്ള രംഗം വിജയകുമാർ ഒരുക്കിയതും.

 

കണ്ണ് ചികിൽസയ്ക്കായി വീരപ്പന് കാട്ടിൽ നിന്ന് ആശുപത്രിയിൽ വരേണ്ടി വരുമെന്ന് വിജയകുമാറിന് ഉറപ്പായിരുന്നു.അതിനായി വിജയകുമാർ ക്ഷമയോടെ കാത്തു.പരിസരത്തെ സകലമാന ആശുപത്രികളിലും തന്റെ വിശ്വസ്തരായ ആളുകളെ വിജയകുമാർ ഇതിനകം വിന്യസിച്ചിരുന്നു.ഒടുവിൽ ആശുപത്രിയിലേക്ക് വിവരം എത്തി. രോഗിക്ക് വരാൻ ആംബുലൻസ് വിട്ടുതരണം. സദാസമയവും ജാഗരൂകരായിരുന്ന ദൗത്യ സംഘത്തിന് ആ രോഗി വീരപ്പനാണെന്ന് മനസ്സിലാക്കാൻ യാതൊരു ബുദ്ധിമുട്ടുമില്ലായിരുന്നു. രോഗിക്കായി ആംബുലൻസ് പുറപ്പെട്ടു. പക്ഷേ ആ ആംബുലൻസ് അയച്ചത് ആശുപത്രിയായിരുന്നില്ല, ദൗത്യ സംഘമായിരുന്നു. ആ പ്രത്യേക ആംബുലൻസിൽ ‘എസ്‌കെഎസ് ഹോസ്പിറ്റൽ, സേലം’ എന്ന് എഴുതിയിരുന്നു.

 

ആ ആംബുലൻസിൽ ദൗത്യ സംഘത്തിൻ്റെ അംഗങ്ങളായ വെളിദുരൈയും ശരവണനും ഉണ്ടായിരുന്നു. ശരവണൻ ആയിരുന്നു ഡ്രൈവർ. അതേസമയം വീരപ്പനെ കണ്ടാൽ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയായിരുന്നു. വീരപ്പൻ തൻ്റെ ട്രേഡ് മാർക്ക് മീശ വെട്ടിക്കളഞ്ഞിരുന്നു. വെള്ള വസ്ത്രം ധരിച്ച് ഒരു സാധാരണക്കാരനെപ്പോലെയായിരുന്നു വീരപ്പൻ ആംബുലൻസിലിരുന്നത്.

 

ദൗത്യസംഘം മുൻകൂട്ടി നിശ്ചയിച്ച സ്ഥലത്ത് എത്തിയപ്പോൾ ആംബുലൻസ് ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ഇട്ടു. ഈ സമയത്ത് യാത്രക്കാരെല്ലാം സീറ്റിൽ നിന്ന് മുന്നോട്ടേക്ക് ആയുകയും ചിലരൊക്കെ താഴെ വീഴുകയും ചെയ്തു.വാഹനം ബ്രേക്കിട്ടയുടൻ സമീപത്ത് ഒളിച്ചിരുന്ന ടാസ്ക്ഫോഴ്സ് അംഗങ്ങൾ  പെട്ടെന്ന് തന്നെ ഓപ്പറേഷന് റെഡിയായി. വീരപ്പൻ ആംബുലൻസിനുള്ളിൽ ഉണ്ടെന്നുള്ള സിഗന്ലായിരുന്നു ആ സഡൻബ്രേക്ക്. ഇതോടെ വിജയകുമാർ മെഗാഫോൺ കെെയിലെടുത്തു. `ഞങ്ങൾ നിങ്ങളെ വളഞ്ഞു കഴിഞ്ഞു. ആയുധങ്ങൾ താഴെ വെച്ച് കീഴടങ്ങു´- വിജയകുമാർ വിളിച്ചു പറഞ്ഞു.

 

എന്നാൽ  ആംബുലൻസിനുള്ളിൽ നിന്ന് വെടിയുണ്ടകളായാണ് മറുപടിയുമായി തിരിച്ചെത്തിയത്. തുടർന്ന് ദൗത്യസംഘം നാലു ഭാഗത്തു നിന്നും ആംബുലൻസിനെ വളഞ്ഞ് വെടിവയ്ക്കുകയായിരുന്നു. അയാളുടെ മൂന്ന് കൂട്ടാളികളും ഇതോടൊപ്പം കൊല്ലപ്പെട്ടു.ഇവരെയും വീരപ്പന്റെ മൃതദേഹം സംസ്കരിച്ചതിന്റെ തൊട്ടടുത്തായി തന്നെയാണ് സംസ്കരിച്ചിരിക്കുന്നതും.

 

വീരപ്പന്റെ ഇടതുകണ്ണിൽ വെടിയുണ്ട തുളച്ചുകയറിയിരുന്നു. പുകയടങ്ങിയപ്പോഴും വീരപ്പൻ മരിച്ചുവെന്ന് ടാസ്‌ക് ഫോഴ്‌സ് സൈനികർക്ക് വിശ്വസിക്കാനായില്ല.വീരപ്പനാണ് മരിച്ചത് എന്ന് ഉറപ്പായതോടെ  വിജയകുമാർ അപ്പോൾത്തന്നെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ ഫോണിൽ വിളിച്ചു. മുഖ്യമന്ത്രിയുടെ സെക്രട്ടറി ഷീല ബാലകൃഷ്ണനാണ് ഫോൺ എടുത്തത്. “മാഡം ഉറങ്ങാൻ പോയി, നാളെ വിളിക്കൂ´´ എന്നായിരുന്നു മറുപടി.

 

എന്നാൽ കാര്യമറിഞ്ഞതോടെ വിജയകുമാറിൻ്റെ ആവശ്യം അംഗീകരിച്ചു. അടുത്ത നിമിഷം ഫോണിൽ ജയലളിത എത്തി. വീരപ്പന്റെ കഥ കഴിഞ്ഞു എന്ന വാർത്ത കേട്ടപ്പോൾ ജയലളിത വളരെ ആവേശത്തിലായി. വിജയകുമാറിനേയും ടീമിനെയും അഭിനന്ദിച്ചു. അതിനുശേഷം ഒരു കാര്യം കൂടി മുഖ്യമന്ത്രി വിജയകുമാറിനോടു പറഞ്ഞു:

 

 “മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷം താൻ കേൾക്കുന്ന ആദ്യത്തെ നല്ല വാർത്തയാണിത് !”

Back to top button
error: