പത്തനംതിട്ട: ചക്കുളത്തുകാവ് പൊങ്കാല പ്രമാണിച്ച് തിരുവല്ല താലൂക്കില്‍ 27 ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ഭക്തജനങ്ങളുടെ അഭൂതപൂര്‍വമായ തിരക്ക് ഉണ്ടാകുന്നതിനുളള സാധ്യത പരിഗണിച്ച് തീര്‍ഥാടകരുടെ സുരക്ഷാര്‍ഥമാണ് തിരുവല്ല താലൂക്കിന് പ്രാദേശിക അവധി ജില്ലാ കളക്ടര്‍ എ ഷിബു പ്രഖ്യാപിച്ചിരിക്കുന്നത്.
ജില്ലയില്‍ പൊങ്കാല മഹോത്സവം നടക്കുന്ന ക്ഷേത്രപരിസരങ്ങളിലും പൊങ്കാല കടന്നുപോകുന്ന സമീപപ്രദേശങ്ങളായ തിരുവല്ല നഗരസഭയിലും കടപ്ര, നിരണം, കുറ്റൂര്‍, പെരിങ്ങര, നെടുമ്പ്രം എന്നീ ഗ്രാമപഞ്ചായത്തുകളിലുമാണ് പ്രാദേശിക അവധി ബാധകമാകുക. കേരള അബ്കാരി നിയമം വകുപ്പ് 54 പ്രകാരമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 26 ന് വൈകുന്നേരം അഞ്ചുമുതല്‍ 27 ന് വൈകിട്ട് ആറുവരെയാണ് അവധി ഉണ്ടാകുക. ബാറുകളും കള്ളുഷാപ്പുകളും വിദേശമദ്യഷാപ്പുകളും ഉള്‍പ്പെടെയുള്ള കടകള്‍ അടച്ചും എല്ലാവിധ മദ്യത്തിന്റെയും വില്‍പ്പന നിരോധിച്ചും സമ്പൂര്‍ണ മദ്യനിരോധനവും പ്രഖ്യാപിച്ചിട്ടുണ്ട്.
ആലപ്പുഴ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചിരുന്നു. പൊങ്കാല മഹോത്സവം പ്രമാണിച്ച് വിവിധ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍നിന്ന് പ്രത്യേക സര്‍വീസ് കാര്യക്ഷമമായി ഏര്‍പ്പെടുത്തും. തിരുവല്ല ഡിപ്പോയില്‍നിന്ന് നവംബര്‍ 26, 27 തീയതികളില്‍ സ്പെഷ്യല്‍ ചെയിന്‍ സര്‍വീസുകള്‍ നടത്തണം. എടത്വ ഡിപ്പോയില്‍നിന്ന് ചക്കുളത്തുകാവ് വഴി ആലപ്പുഴ, മുട്ടാര്‍ വഴി ചങ്ങനാശേരി, എടത്വ – നെടുമുടി എന്നീ സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തണം. ആലപ്പുഴയില്‍നിന്ന് കിടങ്ങറ – മുട്ടാര്‍ വഴിയും ചമ്പക്കുളം വഴിയും പ്രത്യേകം ചക്കുളത്തുകാവിലേക്ക് സ്പെഷ്യല്‍ സര്‍വീസ് നടത്തണം.
നവംബര്‍ 25 മുതല്‍ 27 വരെ ക്ഷേത്ര പരിസരത്തും സമീപ പ്രദേശങ്ങളിലും പൊങ്കാല അടുപ്പുകളുമായി ഇരിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയും ട്രാഫിക്ക് നിയന്ത്രണവും ക്രമസമാധാനവും പോലീസ് ഉറപ്പാക്കണം. പൊങ്കാല നിരക്കുന്ന പ്രദേശങ്ങളില്‍ തടസമില്ലാതെ വൈദ്യുതി ഉറപ്പാക്കാന്‍ കെഎസ്ഇബി നടപടി എടുക്കണമെന്നും എല്ലാ വഴിവിളക്കും പ്രവര്‍ത്തനക്ഷമമാക്കണമെന്നും യോഗത്തില്‍ നിര്‍ദേശിച്ചു.
ക്ഷേത്രപരിസര പ്രദേശങ്ങളിലും തിരുവല്ലാ – എടത്വ ലൈനിലും നവംബര്‍ 25 മുതല്‍ എല്ലാ സമയവും നല്ല ഫോഴ്സില്‍ ശുദ്ധജലം ലഭ്യമാക്കണം. പൊതുതാത്പര്യം മുന്‍നിര്‍ത്തി പറ്റുന്നവിധം സൗജന്യമായി താത്ക്കാലിക ടാപ്പുകള്‍ സ്ഥാപിക്കണം. തിരുവല്ലയില്‍നിന്ന് ടാങ്കുകളില്‍ ശുദ്ധജലം നവംബര്‍ 25 മുതല്‍ 27 വരെ തീയതികളില്‍ നിറക്കുന്നതിനുള്ള ക്രമീകരണം ചെയ്യും. നവംബര്‍ 26 പകലും രാത്രിയിലും തിരുവല്ലയില്‍നിന്ന് ടാങ്കര്‍ലോറികളില്‍ വെള്ളം നിറച്ചു കൊടുക്കുന്നതിന് പ്രത്യേകം ക്രമീകരണം ഏര്‍പ്പെടുത്തി ജീവനക്കാരെ നിയോഗിക്കണം.
നവംബര്‍ 25 മുതല്‍ 27 വരെ കറ്റോട്ടു നിന്നുള്ള പമ്പിങ് തടസം ഇല്ലാതെ തുടര്‍ച്ചയായി ഓപ്പറേറ്റ് ചെയ്യണം. വീയപുരത്തുനിന്നു കൂടി ശുദ്ധജലം ലഭ്യമാക്കണം. കഴിഞ്ഞ വര്‍ഷങ്ങളിലെ രണ്ട് ഫയര്‍ ഫോഴ്സ് യൂണിറ്റുകളുടെ സേവനം ലഭ്യമാക്കണം. തലവടി, എടത്വ, മുട്ടാര്‍, തകഴി ഗ്രാമപഞ്ചായത്തുകള്‍ എല്ലാ വഴി വിളക്കുകളും പ്രവര്‍ത്തനക്ഷമമാക്കണം. ഫോഗിങ്ങിനുള്ള ക്രമീകരണം ചെയ്യണം. എക്സൈസ് വ്യാജമദ്യം തടയുന്നതിനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കണം.
നവംബര്‍ 26, 27 തീയതികളില്‍ ക്ഷേത്ര പരിസരത്ത് അത്യാവശ്യ മരുന്നുകള്‍ ഉള്‍പ്പടെ രണ്ട് ഡോക്ടര്‍മാരുടെ ഫുള്‍ടൈം സേവനം ലഭ്യമാകുന്ന താല്‍ക്കാലിക ക്ലിനിക് പ്രവര്‍ത്തിപ്പിക്കുന്ന കാര്യം ആരോഗ്യ വകുപ്പ് പരിഗണിക്കണം. 26ന് രാവിലെ മുതല്‍ രണ്ട് ആംബുലന്‍സ് എല്ലാവിധ സജ്ജീകരണങ്ങളോടുകുടി ക്ഷേത്ര പരിസരത്ത് ക്യാംപ് ചെയ്യണം. കിടങ്ങറാ – മുട്ടാര്‍ റോഡിലുള്ള കുഴികള്‍ അടിയന്തരമായി പാച്ച് വര്‍ക്ക് ചെയ്ത് നിരപ്പാക്കിതരാന്‍ പൊതുമരാത്തിന് നിര്‍ദേശം നല്‍കി.