കൂർക്ക മെഴുക്കുപുരട്ടി ഇഷ്ടപ്പെടാത്തവർ ആരുമുണ്ടാവില്ല.അത്രയ്ക്ക് രുചികരമാണിത്.കൂർക്ക വൃത്തിയാക്കി എടുക്കുന്നതാണ് ഏറ്റവും ബുദ്ധിമുട്ട്. ഒന്ന് തൊലി കളഞ്ഞ് കിട്ടിയാൽ പിന്നെ നുറുക്കി വേവിക്കാൻ അധികം സമയം എടുക്കില്ല.
കൂർക്ക എളുപ്പത്തിൽ വൃത്തിയാക്കാൻ – ഒരു നെറ്റ് ബാഗിൽ കൂർക്ക ഇട്ടു 2 മണിക്കൂർ വെള്ളത്തിൽ മുക്കി വെക്കുക. അതിനു ശേഷം ആ ബാഗോടു കൂടി ഉരച്ച് കഴുകി എടുക്കുക.പൈപ്പ് തുറന്ന് അടിയിൽ പിടിച്ചാൽ സംഗതി ക്ലീൻ ആയി കിട്ടും.
തയാറാക്കുന്ന വിധം
കൂർക്ക നന്നായി ഉരച്ച് കഴുകി തൊലി കളഞ്ഞ് ചെറുതായി മുറിച്ച് വെള്ളത്തിൽ ഇട്ട് വെക്കുക. കുറച്ചു വെള്ളം അടുപ്പത്ത് വെച്ച് തിളക്കുമ്പോൾ ആവശ്യത്തിന് ഉപ്പും 1 സ്പൂൺ മഞ്ഞൾപ്പൊടിയും കാൽ സ്പൂൺ മുളക്പൊടിയും ചേർത്ത് കൂർക്കയും ഇട്ട് വെള്ളം പറ്റിച്ചെടുക്കുക. വെള്ളം കൂടുതൽ ആണെങ്കിൽ ഊറ്റി കളയുക.
പാൻ / ചീനച്ചട്ടി (ഇരുമ്പ് ആണെങ്കിൽ കൂടുതൽ ടേസ്റ്റ് ആയിരിക്കും.) അടുപ്പിൽ വെച്ച് 3 സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ 7-8 ചെറിയുള്ളി ചെറുതായി അരിഞ്ഞതും 3-4 പച്ചമുളക് കീറിയതും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റി മൂത്ത് മണം വരുമ്പോൾ കൂർക്ക ഇട്ട് ഇളക്കി
(കരിഞ്ഞ് പോകാതെ) നന്നായി മൊരിച്ചെടുക്കുക… ആവശ്യമെങ്കിൽ ഇടക്ക് സ്വൽപം എണ്ണ ഒഴിച്ച് കൊടുക്കാം…