കോട്ടയം: ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ, കാറിന്റെ മിററില്‍ തട്ടിയെന്നാരോപിച്ച് കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഹെഡ് ലൈറ്റ് അടിച്ചു തകര്‍ത്ത കേസില്‍ യുവതിയ്ക്ക് ജാമ്യം. പൊന്‍കുന്നം സ്വദേശി സുലുവിനാണ് ചങ്ങനാശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. 46,000 രൂപ കെട്ടിവയ്ക്കണമെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്.
കേസില്‍ ഇന്നലെ വൈകിട്ടാണ് സുലുവിനെ അറസ്റ്റ് ചെയ്തത്. പൊതുമുതല്‍ നശിപ്പിച്ചതുള്‍പ്പടെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. ഇന്നലെ ഉച്ചയ്ക്ക് കെഎസ്ആര്‍ടിസി ബസ് ഓവര്‍ടേക്ക് ചെയ്തപ്പോള്‍ അമ്മയും മകളും സഞ്ചരിച്ചിരുന്ന കാറിന്റെ മിററില്‍ തട്ടിയിരുന്നു. ഇതിനു പിന്നാലെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കാറിന്റെ ലിവര്‍ ഉപയോഗിച്ച് ബസിന്റെ ഹെഡ് ലൈറ്റ് ഇവര്‍ അടിച്ചു തകര്‍ത്തത്. തുടര്‍ന്ന് ഇരുവരും കാറില്‍ കയറി രക്ഷപ്പെട്ടു.
തുടര്‍ന്ന് സംഭവത്തില്‍ ചിങ്ങവനം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് യുവതി പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. പ്രതിക്കു വേണ്ടി അഭിഭാഷകരായ ഷാമോന്‍ ഷാജി, വിവേക് മാത്യു വര്‍ക്കി, ലക്ഷ്മി ബാബു എന്നിവരാണ് കോടതിയില്‍ ഹാജരായത്.