KeralaNEWS

മുഖ്യമ്രന്തിക്ക് ജയ് വിളിക്കാന്‍ വിദ്യാര്‍ഥികളെ പൊരിവെയിലില്‍ പെരുവഴയില്‍ നിര്‍ത്തി; പ്രോത്സാഹിപ്പിച്ച് അധ്യാപകര്‍

കണ്ണൂര്‍: നവകേരള സദസ്സിനായി സ്‌കൂള്‍ വിദ്യാര്‍ഥികളെ റോഡരികില്‍ നിര്‍ത്തി മുദ്രാവാക്യം വിളിപ്പിച്ചു. തലശ്ശേരി ചമ്പാട് എല്‍പി സ്‌കൂളിലെ വിദ്യാര്‍ഥികളെയാണ് പൊരിവെയിലത്ത് നിര്‍ത്തി മുദ്രാവാക്യം വിളിപ്പിച്ചത്. സംഭവത്തില്‍ എംഎസ്എഫ് ബാലാവകാശ കമ്മിഷനും മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കി.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് കടന്നുപോകുമ്പോഴാണ് റോഡരികില്‍ നില്‍കുന്ന കുട്ടികള്‍ മുദ്രാവാക്യം വിളിക്കുന്നത്. സ്‌കൂള്‍ യൂണിഫോമിലാണ് കുട്ടികള്‍ റോഡരികില്‍നിന്നത്.

Signature-ad

‘അഭിവാദ്യങ്ങള്‍, അഭിവാദ്യങ്ങള്‍ മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങള്‍. അഭിവാദ്യങ്ങള്‍ അഭിവാദ്യങ്ങള്‍, കേരള സര്‍ക്കാരിന് അഭിവാദ്യങ്ങള്‍’ എന്നാണ് മുദ്രാവാക്യം. കുട്ടികള്‍ മുദ്രാവക്യം വിളിക്കുന്നത് നിര്‍ത്തുമ്പോള്‍, ‘വിളിച്ചോ വിളിച്ചോ’ എന്ന് അടുത്തുനില്‍ക്കുന്ന അധ്യാപകര്‍ പറയുന്നതും ദൃശ്യങ്ങളിലുണ്ട്.

അതിനിടെ, മട്ടന്നൂരില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരുന്നത്.

മട്ടന്നൂരിലും ഇരുട്ടിയിലുമായി പന്ത്രണ്ടോളം യൂത്ത് ലീഗ്- എംഎസ്എഫ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. മട്ടന്നൂരില്‍ അഞ്ച് എംഎസ്എഫ് പ്രവര്‍ത്തകരാണ് കസ്റ്റഡിയിലായത്. മട്ടന്നൂര്‍ ഇരിക്കൂറില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ കാത്തുനിന്ന യൂത്ത് ലീഗ് പ്രവര്‍ത്തകരെയും പോലീസ് പിടികൂടി.

മുഖ്യമന്ത്രി കടന്നുപോകുന്ന വഴികളില്‍ മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ വലിയ പോലീസ് സന്നാഹമാണ് ഉണ്ടായത്. പ്രതിഷേധിക്കാനിടയുണ്ടെന്ന് സംശയം തോന്നുന്ന യൂത്ത് കോണ്‍ഗ്രസ്- എംഎസ്എഫ് നേതാക്കളെ കരുതല്‍ തടങ്കലിലെടുക്കാനാണു തീരുമാനം.

Back to top button
error: