CrimeNEWS

എട്ടാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ചു; അദ്ധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്, വീട്ടുകാരെ അറിയിച്ചില്ലെന്നും പരാതി

കണ്ണൂര്‍: എട്ടാംക്ലാസുകാരിയെ തല്ലി കൈയൊടിച്ച അദ്ധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പ്പ്രകാരം കേസ്. പാച്ചേനി ഗവ. ഹൈസ്‌കൂളിലെ സാമൂഹ്യശാസ്ത്രം അദ്ധ്യാപകന്‍ ഏമ്പേറ്റിലെ കെ. മുരളിക്കെതിരെയാണ് കേസെടുത്തത്. തിങ്കളാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം.

എട്ടാംക്ലാസില്‍ പഠിക്കുന്ന വായാട്ട് സ്വദേശിയായ 13 വയസുകാരിയെയാണ് അദ്ധ്യാപകന്‍ വടികൊണ്ട് മര്‍ദ്ദിച്ചത്. കൈ നീരുവച്ച് വീര്‍ത്ത് കുട്ടി കരഞ്ഞുകൊണ്ടിരുന്നുവെങ്കിലും ഉച്ചക്ക് ഒന്നരമണിയോടെയാണ് സ്‌കൂള്‍ അധികൃതര്‍ കുട്ടിയുടെ വീട്ടില്‍ വിവരമറിയിച്ചത്. ഉടന്‍ തന്നെ സ്‌കൂളിലെത്തിയ രക്ഷിതാക്കള്‍ കുട്ടിയെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെത്തിച്ചു.

Signature-ad

കൈയുടെ എല്ല് പൊട്ടി നീരുവച്ചതിനാല്‍ പ്ലാസ്റ്ററിട്ടിരിക്കുകയാണ്. നോട്‌സ് എഴുതി പൂര്‍ത്തിയാക്കാത്തതിന് അദ്ധ്യാപകന്‍ ക്ലാസിലെ മറ്റ് ചില കുട്ടികളെയും തല്ലിയെന്നാണ് വിവരം. പരിക്കേറ്റ കുട്ടിയെ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ആശുപത്രിയിലെത്തിക്കുകയോ രക്ഷിതാക്കളെ അറിയിക്കുകയോ ചെയ്യാതിരുന്ന സ്‌കൂള്‍ അധികൃതരുടെ സമീപനത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ യൂത്ത് ലീഗ്-എം.എസ്.എഫ് പ്രവര്‍ത്തകര്‍ സ്‌കൂളിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തിയിരുന്നു.

കഴിഞ്ഞ ഒക്ടോബറില്‍ ആറാം ക്‌ളാസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ട്യൂഷന്‍ അദ്ധ്യാപകനെതിരെ പരാതി ഉയര്‍ന്നിരുന്നു. കൊല്ലത്തായിരുന്നു സംഭവം നടന്നത്. പട്ടത്താനം അക്കാദമി ട്യൂഷന്‍ സെന്ററിലെ അദ്ധ്യാപകനായ റിയാസിനെതിരെയാണ് മാതാപിതാക്കള്‍ പരാതി ഉന്നയിച്ചത്. ഹോംവര്‍ക്ക് ചെയ്തില്ലെന്ന കാരണത്താലാണാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്ന് മാതാപിതാക്കള്‍ വ്യക്തമാക്കിയിരുന്നു.

കള്ളം പറഞ്ഞുവെന്ന പേരിലാണ് കുട്ടിയെ മര്‍ദ്ദിച്ചത്. പതിനഞ്ചില്‍ കൂടുതല്‍ അടി കുട്ടിക്ക് ഒരേസ്ഥലത്തുതന്നെ കൊണ്ടിരുന്നു. സംഭവത്തില്‍ മാതാപിതാക്കള്‍ പൊലീസിലും ആശുപത്രി അധികൃതര്‍ ചൈല്‍ഡ് ലൈനിലും പരാതി നല്‍കിയിരുന്നു.

Back to top button
error: