ദോഹ: ഒരു മാസത്തിലേറെയായി തുടരുന്ന ഇസ്രയേല്‍- ഹമാസ് യുദ്ധം താല്‍ക്കാലിക വിരാമത്തിലേക്കെന്നു സൂചന. താല്‍ക്കാലിക യുദ്ധവിരാമ കരാറിന് അരികിലാണെന്നു ഹമാസ് തലവന്‍ ഇസ്മായില്‍ ഹാനിയ്യ പറഞ്ഞതു മേഖലയില്‍ ആശ്വാസം പകരുന്നതാണ്. വെടിനിര്‍ത്തലിനു ഖത്തറിന്റെ മധ്യസ്ഥതയിലാണു ശ്രമം പുരോഗമിക്കുന്നത്.
”ഇസ്രയേലുമായി താല്‍ക്കാലിക യുദ്ധവിരാമ കരാറിന് അരികിലാണ് ഞങ്ങള്‍. മധ്യസ്ഥരുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.” ടെലഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ഇസ്മായില്‍ ഹാനിയ്യ പറഞ്ഞു. കരാര്‍ നടപ്പിലായാല്‍, ഹമാസ് ബന്ദികളാക്കിയവരുടെ മോചനത്തിലും തീരുമാനമാകും. ഗാസയിലെ രൂക്ഷമായ ആക്രമണത്തില്‍ ഇസ്രയേലിനെതിരെ വിമര്‍ശനം കടുത്തിരുന്നു.
അല്‍ ഷിഫ ആശുപത്രിക്കു പിന്നാലെ മറ്റൊന്നു കൂടി ഇസ്രയേല്‍ ടാങ്കുകള്‍ വളഞ്ഞു. വടക്കന്‍ ഗാസയിലെ ഇന്തൊനീഷ്യന്‍ ആശുപത്രിയിലേക്ക് ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ 12 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞദിവസം അല്‍ഷിഫയില്‍നിന്ന് ഒഴിപ്പിച്ച അതീവ ഗുരുതരാവസ്ഥയിലുള്ള 28 നവജാതശിശുക്കളെ ഈജിപ്തിലെത്തിച്ചു. ഗുരുതര പരുക്കേറ്റു ചികിത്സയിലുള്ള 250 പേര്‍ ഇപ്പോഴും അല്‍ ഷിഫയില്‍ തുടരുകയാണ്.
ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇതുവരെ 5500 കുട്ടികളടക്കം 11,500 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഗാസ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ സൗദി അറേബ്യ, ഈജിപ്ത്, ജോര്‍ദാന്‍, ഇന്തൊനീഷ്യ എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാര്‍ ബെയ്ജിങ്ങിലെത്തി. ചൈനയിലെ ചര്‍ച്ചകള്‍ക്കുശേഷം സംഘം മോസ്‌കോയിലേക്കു പോകും. അറബ് ലീഗ്, ഒഐസി, പലസ്തീന്‍ അതോറിറ്റി പ്രതിനിധികളും സംഘത്തിലുണ്ട്.