KeralaNEWS

ദ്രൗപദി മുര്‍മുവിന് കേരളത്തില്‍ നിന്ന് കിട്ടിയ ഒരു വോട്ട് ജനതാദളിന്റെയോ? ആരോപണവുമായി സി.എം ഇബ്രാഹിം

തിരുവനന്തപുരം: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്നുള്ള ഒരു വോട്ട് ചോര്‍ന്നത് ജനതാദള്‍ എസില്‍ നിന്നാണെന്ന ആരോപണവുമായി പാര്‍ട്ടിയുടെ കര്‍ണാടക ഘടകം മുന്‍ പ്രസിഡന്റ് സി.എം. ഇബ്രാഹിം. പാര്‍ട്ടിയിലെ പിളര്‍പ്പിന്റെ പശ്ചാത്തലത്തില്‍ മുതിര്‍ന്ന നേതാവ് സി.കെ. നാണു വിളിച്ചു ചേര്‍ത്ത ജെ.ഡി.എസ്. ദേശീയ എക്‌സിക്യുട്ടീവ് യോഗത്തിലാണ് ഏറെ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്ന തരത്തില്‍ അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്.

അതേസമയം, ആരോപണം പരസ്യമായി ഉന്നയിക്കാന്‍ സി.എം. ഇബ്രാഹിം തയ്യാറായിട്ടില്ല. ബി.ജെ.പി.യുടെ സഖ്യകക്ഷിയാകാന്‍ അഖിലേന്ത്യാ പ്രസിഡന്റ് ദേവഗൗഡയും കൂട്ടരും തീരുമാനിച്ചതിനെത്തുടര്‍ന്നാണ് ഇതിനോട് വിമുഖതയുള്ളവരെ ഒപ്പംകൂട്ടാന്‍ ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം കോവളത്ത് യോഗം ചേര്‍ന്നത്.

Signature-ad

”ജെ.ഡി.എസ്. ബി.ജെ.പി.യുമായി ബന്ധത്തിലെത്തി. എന്നാല്‍, പാര്‍ട്ടിക്ക് നേരത്തേയും ബി.ജെ.പി.യുമായി ബന്ധമുണ്ട്. രാഷ്ട്രപതിതിരഞ്ഞെടുപ്പില്‍ കര്‍ണാടകത്തിലെ ജനതാദള്‍ ബി.ജെ.പി.യെ പിന്തുണച്ചു. കേരളത്തില്‍നിന്ന് ഒരു വോട്ട് ബി.ജെ.പി.ക്ക് ചോര്‍ന്നുകിട്ടി. അതിന് മറുപടിപറയേണ്ടത് ജെ.ഡി.എസ്. സംസ്ഥാന പ്രസിഡന്റാണ്.” യോഗത്തില്‍ സംബന്ധിച്ചവര്‍ പറഞ്ഞു.

ബി.ജെ.പി. സഖ്യത്തോട് ജെ.ഡി.എസ്. സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസിനും മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്കും എതിര്‍പ്പാണ്. സി.കെ. നാണു മുന്‍കൈയെടുത്ത് വിളിച്ച യോഗത്തോടും അവര്‍ സഹകരിച്ചില്ല. കഴിഞ്ഞവര്‍ഷം ജൂലൈയില്‍നടന്ന രാഷ്ട്രപതിതിരഞ്ഞെടുപ്പില്‍ കേരളത്തിലെ 140 വോട്ടും പ്രതിപക്ഷസ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയ്ക്കാണ് ലഭിക്കേണ്ടിയിരുന്നത്. കേരളത്തില്‍ ജെ.ഡി.എസ്. ഇടതുമുന്നണിയിലായതിനാല്‍ പ്രതിപക്ഷസ്ഥാനാര്‍ഥിക്കേ വോട്ടുചെയ്യൂവെന്ന് വ്യക്തമാക്കിയിരുന്നു.

ബി.ജെ.പിയോട് രഹസ്യ അനുഭാവമുള്ളവരോ ആദിവാസി വിഭാഗത്തില്‍നിന്ന് ആദ്യമായി രാഷ്ട്രപതിസ്ഥാനത്തേക്ക് ഒരാള്‍ വരുന്നതിനെ അനുകൂലിക്കുന്നവരോ മറിച്ച് വോട്ടുചെയ്തിരിക്കാമെന്നായിരുന്നു അന്ന് സംശയിച്ചിരുന്നത്. രാഷ്ട്രപതിതിരഞ്ഞെടുപ്പില്‍ വോട്ടുമറിച്ചത് ആരാണെന്ന് കണ്ടെത്തുക അസാധ്യമാണ്.

അതിനിടെ,ഇബ്രാഹിം ഉന്നയിച്ചതായി പറയുന്ന ആരോപണം ഗൗരവമായി എടുക്കുന്നില്ലെന്ന് മാത്യു ടി. തോമസ് എം.എല്‍.എ. പറഞ്ഞു. തങ്ങള്‍ ആര്‍ക്കാണ് വോട്ടുചെയ്യുകയെന്നത് നേരത്തേതന്നെ വ്യക്തമാക്കിയതാണ് -അദ്ദേഹം പറഞ്ഞു.

 

Back to top button
error: