KeralaNEWS

കേരള ബാങ്ക് ഭരണസമിതിയില്‍ അബ്ദുള്‍ ഹമീദും; ‘സഹകരണത്തിന്’ ലീഗിന്റെ പച്ചക്കൊടി

മലപ്പുറം: വള്ളിക്കുന്ന് എംഎല്‍എയും മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയുമായ പി.അബ്ദുല്‍ ഹമീദിനെ കേരള ബാങ്ക് ഭരണസമിതി അംഗമായി നാമനിര്‍ദേശം ചെയ്തു. ഭരണസമിതിയില്‍ ചേരാന്‍ അബ്ദുല്‍ ഹമീദിനു ലീഗ് സംസ്ഥാന നേതൃത്വം അനുമതി നല്‍കി. ലീഗുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സിപിഎം നടത്തിയ രാഷ്ട്രീയ നീക്കത്തിന്റെ ഫലമാണ് അബ്ദുല്‍ ഹമീദിന്റെ കേരള ബാങ്ക് ഭരണസമിതി അംഗത്വത്തിനുള്ള നാമനിര്‍ദേശം. നിലവില്‍ മലപ്പുറം ജില്ലയിലെ പട്ടിക്കാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കൂടിയാണ് അബ്ദുല്‍ ഹമീദ്.

സിപിഎമ്മിന്റെ മുതിര്‍ന്ന സഹകാരികളെ അടക്കം മറികടന്നാണ് അബ്ദുല്‍ ഹമീദിന്റെ നാമനിര്‍ദേശം. ഗോപി കോട്ടമുറിക്കല്‍ പ്രസിഡന്റായ കേരള ബാങ്ക് ഭരണസമിതിയില്‍ നിലവില്‍ സിപിഎം നേതാക്കളോ എല്‍ഡിഎഫ് ഘടകകക്ഷി നേതാക്കളോ മാത്രമാണ് ഉള്ളത്. ആദ്യമായാണു യുഡിഎഫ് കക്ഷികളില്‍ പെട്ട ഒരു സഹകാരി ഭരണസമിതിയില്‍ എത്തുന്നത്.

Signature-ad

സഹകരണ മേഖലയില്‍ ലീഗ് എന്തെങ്കിലും രാഷ്ട്രീയം നോക്കിയല്ല ഇടപെടാറുള്ളതെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. വര്‍ഷങ്ങളായി സഹകരണ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നയാളാണു പി.അബ്ദുല്‍ ഹമീദ് എന്നതും പാര്‍ട്ടി പച്ചക്കൊടി കാണിക്കാന്‍ കാരണമായി. മുന്‍പു പിണറായി വിജയന്‍ സംസ്ഥാന സഹകരണ ബാങ്കിന്റെ പ്രസിഡന്റ് ആയിരുന്ന കാലത്ത് മലപ്പുറത്തു നിന്നുള്ള ഡയറക്ടറായി പി.അബ്ദുല്‍ ഹമീദ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ചതിനെതിരെ യുഡിഎഫ് നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണു ലീഗിന്റെ മുതിര്‍ന്ന ജില്ലാ നേതാവിനെ ഭരണ സമിതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ കേസ് നാളെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കാനിരിക്കുകയാണ്.

അതേസമയം, ഇത്തരമൊരു നാമനിര്‍ദേശം സ്വീകരിക്കുന്നതു സംബന്ധിച്ചു യുഡിഎഫില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നു മലപ്പുറം ജില്ലാ ബാങ്ക് കേസിലെ ഹര്‍ജിക്കാരനും യുഡിഎഫ് ജില്ലാ ചെയര്‍മാനും ആയ പി.ടി.അജയമോഹന്‍ പറഞ്ഞു. ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടായില്ലെങ്കില്‍ സുപ്രീംകോടതി വരെ പോകാനാണു തീരുമാനമെന്നു ജില്ലാ ബാങ്ക് മുന്‍ പ്രസിഡന്റും മഞ്ചേരി എംഎല്‍എയുമായ യു.എ.ലത്തീഫും അജയമോഹനും പ്രതികരിച്ചു.

Back to top button
error: