IndiaNEWS

വധശിക്ഷയ്ക്കെതിരായ നിമിഷപ്രിയയുടെ അപ്പീല്‍ യെമന്‍ സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷയ്ക്കെതിരായ അപ്പീല്‍ യെമന്‍ സുപ്രീം കോടതി തള്ളി. കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെയാണ് ഇക്കാര്യം അറിയിച്ചത്. നിമിഷപ്രിയ നല്‍കിയ അപ്പീലില്‍ ഇളവ് അനുവദിക്കാന്‍ ഇനി യെമന്‍ പ്രസിഡന്റിനു മാത്രമേ കഴിയൂവെന്നും കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു.

യെമനിലേക്ക് പോകാന്‍ അനുമതി തേടി നിമിഷപ്രിയയുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ ഇക്കാര്യം അറിയിച്ചത്. യെമനിലേക്ക് ആരൊക്കെയാണ് പോകുന്നതെന്നും അവരെ വിടുന്നതുമായി ബന്ധപ്പെട്ട് ഒരാഴ്ചയ്ക്കകം തീരുമാനം അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

Signature-ad

2017ല്‍ യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയാണു നിമിഷപ്രിയ യെമന്‍ തലസ്ഥാനമായ സനായിലെ ജയിലിലാണ്. നിമിഷപ്രിയയുടെ ഹര്‍ജി നേരത്തെ യെമന്‍ കോടതി തള്ളിയിരുന്നു. യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നല്‍കിയാല്‍ പ്രതിക്കു ശിക്ഷായിളവു ലഭിക്കും. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ചര്‍ച്ചയ്ക്കു തയാറാണെന്നും 50 ദശലക്ഷം യെമന്‍ റിയാല്‍ (ഏകദേശം 1.5 കോടി രൂപ) ദയാധനം (നഷ്ടപരിഹാരത്തുക) നല്‍കേണ്ടി വരുമെന്നും യെമന്‍ ജയിലധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.

Back to top button
error: