തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമായി തയ്യാറാക്കി വോട്ട് രേഖപ്പെടുത്തി എന്ന പരാതിയില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചതിന്റെ തെളിവായി പരാതിക്കാര്‍ എഐസിസിക്ക് കൈമാറിയ മൊബൈല്‍ ആപ്ലിക്കേഷനും മാതൃകാ വീഡിയോയും റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചു. രാഹുല്‍ ഗാന്ധിയുടെ തിരിച്ചറിയല്‍ കാര്‍ഡ് തയ്യാറാക്കുന്ന മാതൃക വീഡിയോ ഉള്‍പ്പെടെയാണ് പരാതിക്കാര്‍ എഐസിസിക്ക് കൈമാറിയിരിക്കുന്നത്. .
സിആര്‍ കാര്‍ഡെന്ന ഈ ആപ്ലിക്കേഷനിലൂടെ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിക്കാന്‍ ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ മാത്രം മതി. പേരും മേല്‍വിലാസവും ഉള്‍പ്പെടെ വിവരങ്ങള്‍ നല്‍കിയാല്‍ 5 മിനിറ്റിനകം യഥാര്‍ത്ഥ തിരിച്ചറിയല്‍ കാര്‍ഡിനെ വെല്ലുന്ന രീതിയില്‍ വ്യാജ കാര്‍ഡ് റെഡിയാകും.
ഇത് പിവിസി കാര്‍ഡില്‍ പ്രിന്റ് എടുക്കാനും സാധിക്കും. ഇതേ മാതൃകയില്‍ ആയിരക്കണക്കിന് തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് തയ്യാറാക്കിയെന്നാണ് കേരളത്തിലെ ചില യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പരാതി നല്‍കിയത്. ഇത്തരം കാര്‍ഡുകള്‍ ഉപയോഗിച്ച് പലരും വോട്ട് രേഖപ്പെടുത്തി എന്നും പരാതിയില്‍ ആരോപിക്കുന്നു. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പി.ആര്‍ കമ്പനിയാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചതെന്നും പരാതിക്കാര്‍ പറയുന്നുണ്ട്. ഏതായാലും ഈ ആരോപണങ്ങളില്‍ കോണ്‍ഗ്രസ് സംഘടനാ തലത്തില്‍ അന്വേഷണം നടത്താനാണ് സാധ്യത.
വ്യാജ കാര്‍ഡ് ഉപയോഗിച്ച് വ്യാപകമായി അംഗത്വം ചേര്‍ത്തെന്നും ആരോപണമുണ്ട്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം റദ്ദാക്കണമെന്നും നേതാക്കള്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി, കോണ്‍ഗ്രസ് പ്രസിഡന്റ് എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. രാഹുല്‍ ഗാന്ധി, കെ.സി വേണുഗോപാല്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
അതിനിടെ, മലപ്പുറം കുറ്റിപ്പുറത്തെ യൂത്ത് കോണ്‍ഗ്രസിന്റെ സംഘടനാ തിരഞ്ഞെടുപ്പും വിവാദത്തില്‍ ആയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ പുതിയ മണ്ഡലം പ്രസിഡന്റിനെ കാണാനില്ല എന്നാണ് പരാതി. ഫലം പുറത്ത് വന്നിട്ടും കുറ്റിപ്പുറം മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് റാഷിദാണ് അജ്ഞാതനായി കാണാമറയത്ത് തുടരുകയാണ്. വ്യാജനായ വ്യക്തിയെ മത്സരിപ്പിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പരാജയപ്പെട്ട സ്ഥാനാര്‍ത്ഥി പി മുസ്തഫ രംഗത്ത് വന്നിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ ആസൂത്രിത അട്ടിമറി നടന്നെന്ന ആരോപണവുമായി എ ഗ്രൂപ്പും രംഗത്തെത്തിയിട്ടുണ്ട്.