കോട്ടയം: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഗ്രൂപ്പ് സമവാക്യങ്ങളില്‍ വിള്ളല്‍. ‘എ’ ഗ്രൂപ്പില്‍ നിന്ന് അകന്ന തിരുവഞ്ചൂര്‍ പക്ഷത്തിന് ജില്ലയില്‍ സര്‍വാധിപത്യം. ജില്ലാ പ്രസിഡന്റ് സ്ഥാനം ഉള്‍പ്പെടെ തിരുവഞ്ചൂര്‍ ഗ്രൂപ്പ് പിടിച്ചു. ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പ്രാര്‍ത്ഥനയ്ക്കായി ഗ്രൂപ്പ് തിരിഞ്ഞ് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും എത്തിയതും ഭിന്നത പ്രകടമാക്കി.
ഉമ്മന്‍ചാണ്ടിക്ക് ഒപ്പം ‘എ’ഗ്രൂപ്പിനെ പിടിച്ചു നിര്‍ത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ.സി ജോസഫും തമ്മില്‍ അകന്നതാണ് കോട്ടയത്ത് ‘എ’ ഗ്രൂപ്പിന്റെ പിളര്‍പ്പിനു കാരണം. ജില്ലാ പ്രസിഡന്റ്, ആറ് നിയോജക മണ്ഡലം പ്രസിഡന്റ് സ്ഥാനങ്ങള്‍ അടക്കം തിരുവഞ്ചൂര്‍ ഗ്രൂപ്പ് നേടി. ശശി തരൂരിന് കോട്ടയത്ത് വേദി ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ഡി.സി.സി നേതൃത്വവും യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃത്വവും തമ്മിലുണ്ടായ അഭിപ്രായ ഭിന്നതയും തിരുവഞ്ചൂര്‍ വിഭാഗത്തിന് കരുത്തായി.
തിരുവഞ്ചൂര്‍ ഗ്രൂപ്പ് പുതുപള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ എത്തി പ്രാര്‍ത്ഥന നടത്തി. ചാണ്ടി ഉമ്മന്‍ അടക്കം തിരുവഞ്ചൂര്‍ നയിക്കുന്ന ഗ്രൂപ്പിനെ പിന്തുണയ്ക്കുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പില്‍, നിയുക്ത പ്രസിഡന്റ് രാഹുല്‍ മാങ്കുട്ടം എന്നിവര്‍ പുതുപ്പള്ളിയില്‍ എത്തിയപ്പോള്‍ തിരുവഞ്ചുര്‍ വിഭാഗം വിട്ടു നിന്നു.
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ചങ്ങനാശേരി നിയോജക മണ്ഡലം പ്രസിഡന്റ് സ്ഥാനം മാത്രമാണ് ‘എ’ ഗ്രൂപ്പിന് കിട്ടിയത്. ‘ഐ’ ഗ്രൂപ്പിന് രണ്ട് നിയോജക മണ്ഡലം പ്രസിഡന്റ് സ്ഥാനവും ലഭിച്ചു. ഉമ്മന്‍ ചാണ്ടിയുടെ മരണശേഷം കോണ്‍ഗ്രസിലെ കരുത്തരായിരുന്ന ‘എ’ ഗ്രൂപ്പിന്റെ തകര്‍ച്ച വ്യക്തമാക്കുന്നതാണ് കോട്ടയത്തെ പുതിയ രാഷ്ട്രീയ നീക്കങ്ങള്‍.