കണ്ണൂര്‍: ഗവര്‍ണര്‍മാര്‍ ആവശ്യമില്ല എന്നതാണ് സിപിഎമ്മിന്റെ അഭിപ്രായമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഇന്ത്യ പോലൊരു ജനാധിപത്യ സമൂഹത്തില്‍ എന്തിനാണ് ഇതുപോലൊരു പദവിയെന്നും അദ്ദേഹം ചോദിച്ചു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
”ഗവര്‍ണര്‍മാര്‍ വേണ്ടതില്ല എന്നതാണ് ഞങ്ങളുടെ പാര്‍ട്ടിയുടെ അടിസ്ഥാനപരമായ കാഴ്ചപ്പാട്. ഇന്ത്യ പോലൊരു ജനാധിപത്യ സമൂഹത്ത് എന്തിനാണ് ഇതുപോലൊരു പദവി. ആ പദവിയേ വേണ്ട എന്ന അഭിപ്രായമാണ് ഞങ്ങള്‍ക്ക്. പക്ഷേ, ഭരണഘടനാപരമായി ഇന്നിപ്പോള്‍, ആ പദവി നിലനില്‍ക്കുന്നു. അതുകൊണ്ട് ആ പദവിയുമായി സഹകരിച്ചുപോകുകയാണ് ചെയ്യുന്നത്, അതേയുള്ളൂ. സിപിഎമ്മിന്റെ അഭിപ്രായം ഗവര്‍ണര്‍മാര്‍ ആവശ്യമില്ല എന്നതാണ്.
തിരഞ്ഞെടുക്കപ്പെട്ട ഒരു മന്ത്രിസഭയുടെമേല്‍ ഒരു ഗവര്‍ണറുടെ ആവശ്യം യഥാര്‍ഥത്തിലില്ല. ഇതു ബ്രിട്ടിഷ് സാമ്രാജ്യത്വത്തിന്റെ പഴയകാല ധാരണയില്‍ നിന്ന് രൂപപ്പെട്ടുവന്നിട്ടുള്ള ഒന്നാണ്. അതു ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയല്ലേ, ലോകവ്യാപകമായും ഇന്ത്യയിലും ചര്‍ച്ച നടക്കുന്നു. എങ്ങനെയാണ്, ആരാണ്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ടവരാണോ, നോമിനേറ്റ് ചെയ്യപ്പെടുന്നവരോണോ.
ബിജെപിയുടെയും ഭരണകക്ഷിയുടെയും ഏറ്റവും പ്രധാനപ്പെട്ട നേതാക്കന്മാരെ മുഴുവന്‍ ഗവര്‍ണര്‍മാരാക്കിയിട്ട്, സ്വാഭാവികമായും ഈ സര്‍ക്കാരിനെതിരായ നിലപാട് സ്വീകരിക്കുന്നതാണ്. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനോട് യോജിപ്പില്ലാത്ത, പ്രതിപക്ഷത്തിരിക്കുന്ന പല സര്‍ക്കാരുകള്‍ക്കുമെതിരെ എടുത്തുകൊണ്ടിരിക്കുന്ന നിലപാട് എന്താണ്. അതല്ലേ, തമിഴ്‌നാടും പഞ്ചാബിലും കേരളത്തിലും ബംഗാളിലും കാണുന്നത്. നിരവധി സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ എടുത്തുകൊണ്ടിരിക്കുന്ന നിലപാടുകള്‍ തികച്ചും ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്” അദ്ദേഹം പറഞ്ഞു.