ഇടുക്കി: വ്യാജവാര്‍ത്താ വിവാദത്തില്‍ ദേശാഭിമാനിയുടെ ഖേദപ്രകടനം തള്ളി മറിയക്കുട്ടി. ഹൈക്കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കി. പാര്‍ട്ടി പത്രം ഖേദപ്രകടനം നടത്തിയെങ്കിലും അത് അംഗീകരിക്കുന്നില്ലെന്ന് അവര്‍ പറഞ്ഞു. കോടതി ഇടപെട്ട് ഇത്തരം വ്യാജ പ്രചാരണങ്ങള്‍ തടയണമെന്നും കൃത്യമായി പെന്‍ഷന്‍ നല്‍കാന്‍ നടപടിയുണ്ടാകണമെന്നുമാണ് ആവശ്യം. ”ഹൈക്കോടതിയെ സമീപിക്കാന്‍ തന്നെയാണ് തീരുമാനം. ഇതിനായി വക്കീലിനെ കണ്ടിരുന്നു. മക്കളുമായി ആലോചിച്ച് മുന്നോട്ടു പോകും” – മറിയക്കുട്ടി പ്രതികരിച്ചു.
ക്ഷേമ പന്‍ഷന്‍ കിട്ടാത്തതിനെത്തുടര്‍ന്ന് യാചനാസമരം നടത്തിയ മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്ന വാര്‍ത്ത നല്‍കിയതിനാണ് സിപിഎം മുഖപത്രമായ ദേശാഭിമാനി ഖേദം പ്രകടിപ്പിച്ചത്. സര്‍ക്കാരിനെതിരായ മറിയക്കുട്ടിയുടെ സമരം വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. തുടര്‍ന്ന്് മറിയക്കുട്ടിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന വിധത്തില്‍ പ്രചാരണം നടത്തിയാണ് സിപിഎം പ്രതികരിച്ചത്. തെറ്റായ വിവരങ്ങള്‍ പ്രസിദ്ധീകരിച്ച് പാര്‍ട്ടി മുഖപത്രവും അധിക്ഷേപ പ്രചാരണത്തിന്റെ ഭാഗമായി. എന്നാല്‍, ഓരോ ആരോപണവും പൊളിച്ചടുക്കിയ മറിയക്കുട്ടി പരാതിയുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് വ്യക്തമായതോടെയാണ് പാര്‍ട്ടി മുഖപത്രം ഖേദപ്രകടനവുമായി രംഗത്തെത്തിയത്.
മറിയക്കുട്ടി താമസിക്കുന്ന വീടും പുരയിടവും ഇളയമകള്‍ പ്രിന്‍സിയുടെ പേരിലുള്ളതാണ്. ഈ മകള്‍ വിദേശത്താണെന്ന രീതിയില്‍ ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത പിശകാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. മറിയക്കുട്ടിയുടെ സഹോദരി റെയ്ച്ചല്‍ വര്‍ഷങ്ങളായി അമേരിക്കയിലാണ് താമസം. ഇതാണ് തെറ്റിദ്ധരിക്കാന്‍ ഇടയായതെന്നും ദേശാഭിമാനി വിശദീകരിക്കുന്നു. മറിയക്കുട്ടിക്ക് പഴമ്പള്ളിച്ചാലില്‍ ഭൂമി ഉണ്ടായിരുന്നു. എന്നാലിതിന് പട്ടയമില്ലായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത് വിറ്റു.
ഇപ്പോള്‍ 200 ഏക്കര്‍ എന്ന സ്ഥലത്താണ് മറിയക്കുട്ടിയുടെ താമസം. മറിയക്കുട്ടിക്ക് സ്വന്തമായി ഭൂമിയുണ്ടെന്നും, ഇവരുടെ മകള്‍ പ്രിന്‍സി വിദേശത്താണ് താമസിക്കുന്നതെന്നും വാര്‍ത്ത വരാനിടയായതില്‍ ഖേദിക്കുന്നു എന്നും ദേശാഭിമാനി അറിയിച്ചു. ഭൂമിയുണ്ടെന്ന വാര്‍ത്തയ്ക്ക് പിന്നാലെ, തന്റെ പേരിലുണ്ടെന്ന് പറയപ്പെടുന്ന ഭൂമി കണ്ടെത്തി നല്‍കണമെന്ന് ആവശ്യപ്പെട്ട് മറിയക്കുട്ടി വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് മറിയക്കുട്ടിയുടെ പേരില്‍ ഭൂമി ഇല്ലെന്ന് ചൂണ്ടിക്കാട്ടി വില്ലേജ് ഓഫീസര്‍ കത്തു നല്‍കുകയും ചെയ്തു.