തിരുവനന്തപുരം: നാലുമാസം മുന്‍പ് കാണാതായ വളര്‍ത്തുനായയെ വഴിയില്‍നിന്നു കണ്ടെത്തി തിരികെ വീട്ടിലേക്കു കൊണ്ടുവരാന്‍ ശ്രമിച്ച രീതി ഉടമസ്ഥനു പുലിവാലായി.
വെങ്ങാനൂര്‍ പനങ്ങോട് സൗഗന്ധികത്തില്‍ അനില്‍കുമാറാണ് സ്‌കൂട്ടറിന്റെ പിന്നില്‍ നായയെ കെട്ടിയിട്ട് കൊണ്ടുപോയ സംഭവത്തില്‍ പുലിവാലു പിടിച്ചത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. കാണാതായ വളര്‍ത്തുനായയെ അന്വേഷിച്ച് സ്‌കൂട്ടറില്‍ വരുമ്പോള്‍ കോവളം മുട്ടയ്ക്കാട് ചിറയില്‍ റോഡില്‍ വച്ച് ഇതിനെ കണ്ടിരുന്നു. നായയെ അടുത്തുവിളിച്ച് കയറെടുത്ത് നായയുടെ കഴുത്തില്‍ക്കെട്ടി. ഒരറ്റം സ്‌കൂട്ടറിന്റെ പിന്നില്‍ കെട്ടിയും സ്‌കൂട്ടര്‍ ഓടിച്ച് വീട്ടിലേക്കു പോകുകയുമായിരുന്നു.
ഈ സമയത്ത് സ്‌കൂട്ടറിന്റെ പിന്നിലൂടെ ബൈക്കില്‍ വരുകയായിരുന്ന യുവാക്കള്‍ നായയെ കെട്ടിവലിച്ച് കൊണ്ടുപോകുന്നുവെന്ന് തെറ്റിദ്ധരിച്ച് സംഭവത്തിന്റെ ദൃശ്യം പകര്‍ത്തി. ഇതു ശ്രദ്ധയില്‍പ്പെട്ട അനില്‍കുമാര്‍ സ്‌കൂട്ടര്‍ നിര്‍ത്തി. തുടര്‍ന്നു വീട്ടിലുള്ള പെട്ടി ഓട്ടോറിക്ഷ വരുത്തി നായയെ കയറ്റിക്കൊണ്ടുപോയി.
യുവാക്കള്‍ പകര്‍ത്തിയ ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് അനില്‍കുമാര്‍ കുഴഞ്ഞത്. നായയെ റോഡിലൂടെ കയര്‍കെട്ടി വലിച്ചുകൊണ്ടുപോകുന്നുവെന്നുള്ള വീഡിയോ പ്രചരിച്ചതോടെ വിഴിഞ്ഞം പോലീസ് വിഷയത്തില്‍ ഇടപെട്ടു. വിഴിഞ്ഞം എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അനില്‍കുമാറിന്റെ വീട് തേടിയെത്തി. തുടര്‍ന്ന് അനില്‍കുമാറിനെ സ്റ്റേഷനിലെത്തിച്ചു. മൃഗങ്ങള്‍ക്കെതിരേയുള്ള ക്രൂരതയ്ക്കെതിരേ കേസെടുത്തു. തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടയച്ചു.